തിര. കമ്മീഷന്റെ നിയമന രീതിയില്‍ മാറ്റം വേണം

Posted on: May 18, 2019 11:20 am | Last updated: May 18, 2019 at 11:20 am

പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ സമയം വെട്ടിക്കുറച്ച തിര. കമ്മീഷന്‍ നടപടി പ്രതിപക്ഷത്തിന് അനുഗ്രഹമായിരിക്കുകയാണ്. ബി ജെ പിക്കു വേണ്ടി നടത്തിയ ഈ കളി രാജ്യത്ത് പ്രതിപക്ഷ നിരയില്‍ ഐക്യത്തിനു വഴിയൊരുക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കു പരസ്യപിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം രാഷ്ട്രീയ ചര്‍ച്ചകളിലൂടെ രൂപപ്പെടേണ്ട പ്രതിപക്ഷ ഐക്യം ബംഗാളിലെ പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് നേരത്തെ ഉരുത്തിരിയുകയാണ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളാണ് തൃണമൂലിനു പിന്തുണ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പിയുടെ കളിപ്പാവയാകുന്നുവെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് തങ്ങളുടെ ബദ്ധശത്രുവായ മമതയെ കുറ്റപ്പെടുത്താതെ ഒഴിഞ്ഞു നിന്നുവെന്നതും ശ്രദ്ധേയമാണ്.

വ്യാഴാഴ്ച അടിയന്തര വാര്‍ത്താസമ്മേളനം വിളിച്ചാണ് പ്രചാരണ സമയം ഒരു ദിവസം നേരത്തെ അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ബംഗാളിലെ നവോത്ഥാന നായകരില്‍ പ്രമുഖനായ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇത്തരമൊരു അസാധാരണ നടപടിയെന്നാണ് കമ്മീഷന്റെ വിശദീകരണം. വോട്ടെടുപ്പ് നടക്കേണ്ട സ്ഥലങ്ങളില്‍ ഭീതിയുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷവും അക്രമവും നിലനില്‍ക്കുന്നതിനാല്‍ പ്രചാരണ സമയം വെട്ടിച്ചുരുക്കുകയെന്ന അസാധാരണ നടപടിയെടുക്കാന്‍ തക്ക മോശമാണ് സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ബി ജെ പിക്ക് വേണ്ടി നടത്തിയ കളിയാണിതെന്നാണ് അത് നടപ്പാക്കിയ രീതിയും സമയവും വ്യക്തമാക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംസ്ഥാനത്ത് പരസ്യ പ്രചാരണ സമയം അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ വ്യാഴാഴ്ച രാത്രി പത്ത് മുതല്‍ അത് അവസാനിപ്പിച്ചതായി കമ്മീഷന്‍ ഉത്തരവിറക്കുകയായിരുന്നു. കമ്മീഷന്‍ പറയുന്ന ഭീതിതമായ സാഹചര്യം അതിന്റെ തലേ ദിവസം തന്നെ ഉണ്ടെന്നിരിക്കെ എന്തിനാണ് കമ്മീഷന്‍ നടപടി പിറ്റേന്ന് രാത്രി വരെ നീട്ടിയത്. വ്യാഴാഴ്ച ബംഗാളിലെ ഡംഡമിലും ഡയമണ്ട് ഹാര്‍ബറിലെ ലക്ഷ്മികാന്തപൂരിലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന രണ്ട് തിരഞ്ഞെടുപ്പ് റാലികളുണ്ടായിരുന്നു. പ്രചാരണ സമയം നേരത്തെ വെട്ടിച്ചുരുക്കിയാല്‍ മോദിയുടെ പരിപാടിയെ അതു ബാധിക്കുമെന്നതിനാലാണ് നടപടി അന്നു രാത്രി വരെ വൈകിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. മമതാ ബാനര്‍ജി പങ്കെടുക്കേണ്ടിയിരുന്ന വെള്ളിയാഴ്ചത്തെ പരിപാടികള്‍ ഇതുമൂലം നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തു. കൊല്‍ക്കത്തയോട് ചേര്‍ന്ന ഒമ്പത് മണ്ഡലങ്ങളിലെ പ്രചാരണം മമത വെള്ളിയാഴ്ചയാണ് ക്രമീകരിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ കളിപ്പാവയാണ് തിര. കമ്മീഷനെന്ന് അദ്ദേഹത്തിന്റെ നേരത്തെയുള്ള പല നടപടികളും ബോധ്യപ്പെടുത്തിയതാണ്. പ്രചാരണ സമയം വെട്ടിച്ചുരുക്കിയതോടൊപ്പം മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിശ്വസ്തനായ ഐ പി എസ് ഉദ്യോഗസ്ഥന്‍ രാജീവ് കുമാറിനെ ബംഗാളില്‍ നിന്ന് സ്ഥലം മാറ്റിയിട്ടുണ്ടെന്നു കൂടി അറിയുമ്പോള്‍ ലക്ഷ്യം കൂടുതല്‍ വ്യക്തമാകും.

അമിത് ഷാ പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കിടെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിനിടെയാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത്. റാലിക്കിടെ ‘ഗോ ബാക്ക് അമിത് ഷാ’ മുദ്രാവാക്യം വിളിച്ചെത്തിയ വിദ്യാര്‍ഥികളെ നേരിട്ട ബി ജെ പി പ്രവര്‍ത്തകര്‍ വിദ്യാസാഗര്‍ കോളജിലേക്ക് അതിക്രമിച്ചുകയറി ക്യാമ്പസില്‍ സ്ഥാപിച്ചിരുന്ന പ്രതിമ തകര്‍ക്കുകയായിരുന്നു. ഇതിന്റെ ഉത്തരവാദിത്വം തൃണമൂല്‍ കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെച്ച് തലയൂരാന്‍ പ്രധാനമന്ത്രിയും ബി ജെ പിയും ശ്രമിക്കുന്നുണ്ടെങ്കിലും ബി ജെ പിക്കാരാണ് കൃത്യം ചെയ്തതെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. സംഭവം ബംഗാളില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കയാണ്. ഇത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷീണം വരുത്തിയേക്കുമെന്ന ആശങ്കയിലാണ് ബി ജെ പി നേതൃത്വം. തകര്‍ക്കപ്പെട്ട ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ ചെറിയ പ്രതിമക്ക് പകരം വലിയ പ്രതിമ നിര്‍മിച്ചു നല്‍കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം ഈ ആശങ്കയുടെ പ്രതിഫലനമാണ്. പ്രതിമ തകര്‍ത്തതിനെതിരെ ഉയര്‍ന്ന പ്രതിഷേധം മുതലെടുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നന്നായി ശ്രമിക്കുന്നുമുണ്ട്. ഇതിനു തടയിടുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരിക്കണം കമ്മീഷന്റെ അസാധാരണ നടപടിക്കു പിന്നില്‍.

സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തിര. കമ്മീഷന്‍ ഒരു പാര്‍ട്ടിക്കും നേതാവിനും വേണ്ടി തന്റെ അധികാരം ഇത്രയും നഗ്നമായി ദുര്‍വിനിയോഗം ചെയ്ത സംഭവം ഈ തിരഞ്ഞെടുപ്പിലേതു പോലെ രാജ്യത്ത് മുമ്പുണ്ടായിട്ടില്ല. മോദിയും അമിത്ഷായും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി കോണ്‍ഗ്രസ് 11 പരാതികള്‍ സമര്‍പ്പിച്ചതില്‍ ഒന്ന് പോലും കമ്മീഷന്‍ പരിഗണിച്ചില്ല. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന അചല്‍കുമാര്‍ ജ്യോതി രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായത് മുതലാണ് കമ്മീഷന്‍ തീര്‍ത്തും പക്ഷപാതപരമായി പെരുമാറുന്ന സ്ഥിതിയുണ്ടായത്. അചല്‍കുമാറിനു ശേഷം മോദി നിയമിച്ചതും തന്റെ വിശ്വസ്തരെയായിരുന്നു. കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് വഴിപ്പെടുന്നവരെ നോക്കി കമ്മീഷനാക്കുന്ന പ്രവണത അവസാനിപ്പിക്കുകയാണ് കമ്മീഷന്റെ സുതാര്യമായ പ്രവര്‍ത്തനം ഉറപ്പ് വരുത്താനുള്ള മാര്‍ഗം. കമ്മീഷന്റെ നിയമന രീതിയില്‍ മാറ്റം അനിവാര്യമാണ്.