പ്ലസ് വണ്‍: 52,775 സീറ്റിനായി മലപ്പുറത്ത് 83,894 അപേക്ഷകര്‍

Posted on: May 17, 2019 8:30 am | Last updated: May 17, 2019 at 11:36 am

മലപ്പുറം: പ്ലസ് വണ്‍ ഏകജാലകം വഴി വിവിധ വിദ്യാലയങ്ങളിലേക്കുള്ള അപേക്ഷ നല്‍കല്‍ നടപടികള്‍ അവസാനിച്ചു. ഇന്നലെ എസ് എസ് എല്‍ സി, സി ബി എസ് ഇ, ഐ സി എസ് ഇ വിഭാഗങ്ങളിലായി 83,894 അപേക്ഷകരാണ് ആകെയുള്ളത്.
ഇതില്‍ എസ് എസ് എല്‍ സി തലത്തില്‍ 78,531 പേര്‍ ഉപരി പഠനത്തിന് അപേക്ഷ സമര്‍പിച്ചു. സി ബി എസ് ഇ തലത്തില്‍ നിന്ന് 4,111 പേരും ഐ സി എസ് ഇ തലത്തില്‍ നിന്ന് 56 പേരും മറ്റുവിഭാഗങ്ങളില്‍ നിന്നായി 1,196 പേരും സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് 82 പേരും അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ 65,880 പേരുടെ അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് ആകെ 4,99,030 പേരാണ് പ്ലസ് വണിനായി അപേക്ഷ നല്‍കിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മലപ്പുറത്ത് നിന്നാണ്.

നടപടികള്‍ പൂര്‍ത്തിയായതോടെ മുഴുവന്‍ അപേക്ഷകളിലും പരിശോധന പൂര്‍ത്തിയാക്കി ഈമാസം 20ന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. ഈ ഘട്ടത്തില്‍ അപേക്ഷയില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്താം. 24നാണ് ആദ്യ അലോട്ട്‌മെന്റ്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ മൂന്നിന് ക്ലാസുകള്‍ ആരംഭിക്കും. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അലോട്ട്‌മെന്റിന് 21 ആദ്യഘട്ടവും 22ന് അവസാനഘട്ടവും അപേക്ഷ സ്വീകരിക്കും.
ജില്ലയില്‍ ആകെ 52,775 സീറ്റാണ് പ്ലസ് വണ്ണിനുള്ളത്. ഇതില്‍ 21,886 സീറ്റ് സയന്‍സിനും 17,889 സീറ്റ് കൊമേഴ്‌സിനും 13,000 സീറ്റ് ഹ്യൂമാനിറ്റിസിനുമാണ്. ഇതില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ സയന്‍സിന് 13,360 സീറ്റിലേക്കും കൊമേഴ്‌സില്‍ 11,332 സീറ്റിലേക്കും ഹ്യുമാനിറ്റീസില്‍ 8,632 സീറ്റിലേക്കുമടക്കം 33,324 സീറ്റിലേക്കാണ് പ്രവേശനം നടക്കുക. നോണ്‍ മെറിറ്റ് തലത്തില്‍ സയന്‍സില്‍ 8,126 സീറ്റിലേക്കും കൊമേഴ്‌സില്‍ 6,234 സീറ്റിലേക്കും ഹ്യുമാനിറ്റീസില്‍ 4,128 സീറ്റിലേക്കുമടക്കം 18,488 സീറ്റിലേക്കും പ്രവേശനം നടക്കും.
സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സയന്‍സില്‍ 400 സീറ്റും കൊമേഴ്‌സില്‍ 323 സീറ്റും ഹ്യുമാനിറ്റീസില്‍ 240 സീറ്റുമുള്‍പ്പെടെ 963 സീറ്റിലേക്കാണ് ബാക്കി വരുന്ന പ്രവേശനം.

നിലവിലെ അപേക്ഷകരുടെ എണ്ണം പരിശോധിച്ചാല്‍ സീറ്റിന്റെ ലഭ്യത അനുസരിച്ച് 31,119 പേര്‍ പ്രവേശനം ലഭിക്കാതെ ഉപരിപഠനത്തിനായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും. എസ് എസ് എല്‍ സിയില്‍ ഇത്തവണ 97.86 ശതമാനം വിജയം നേടിയിരുന്നത്.

കഴിഞ്ഞ തവണ 97.76 ശതമാനമായിരുന്നു വിജയ ശതമാനം. 80052 വിദ്യാര്‍ഥികള്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതിയ ജില്ലയില്‍ 78335 പേര്‍ തുടര്‍ പഠനത്തിന് അര്‍ഹത നേടുകയും ചെയ്തിരുന്നു. 5970 കുട്ടികളാണ് ജില്ലയില്‍ ഇത്തവണ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 5702 പേര്‍ക്കാണ് മുഴുവന്‍ എ പ്ലസ് ലഭിച്ചത്. 268 എ പ്ലസുകാരുടെ വര്‍ധനവുമുണ്ടായിരുന്നു.