Connect with us

Ongoing News

സത്‌സ്വഭാവം സാധ്യമാക്കാം

Published

|

Last Updated

ഇത് വിവര സാങ്കേതിക വിദ്യകളുടെ യുഗം. തൊഴിലുകളും തൊഴില്‍ മേഖലകളും തഴച്ചുവളരുന്ന അന്തരീക്ഷം. ദിനംപ്രതി നാഷണല്‍, മള്‍ട്ടിനാഷണല്‍ കമ്പനികള്‍ മുളച്ചുപൊന്തുന്നു. വികസന സൂചികകള്‍ കുതിച്ചും കിതച്ചും നിലകൊള്ളുന്നു. പക്ഷേ, വികസനത്തിന്റെ വീമ്പിളക്കലുകള്‍ക്കിടയിലും മാറ്റത്തിന്റെ ധ്വനിമുഴക്കങ്ങള്‍ക്കിടയിലും അവഗണനയുടെയും അസംതൃപ്തിയുടെയും മുറുമുറുപ്പുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. തൊഴില്‍ മേഖലകളില്‍ പലപ്പോഴും ദുശ്ശകുനങ്ങള്‍ പതിവാകുന്നു. മേലുദ്യോഗസ്ഥരുടെയും യജമാനന്മാരുടെയും സ്വഭാവ ദൂഷ്യത്തിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കുന്നവരേറെയാണിന്ന്.
ചെറിയൊരു പെരുമാറ്റ ദൂഷ്യം ചിലപ്പോള്‍ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. നിസ്സാരമായ ഒരു കാരണത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം നീണ്ട യുദ്ധം നടത്തിയ ഔസ്- ഖസ്‌റജ് ഗോത്രങ്ങളുടെ ചരിതം പ്രസിദ്ധമാണല്ലോ. നാശനഷ്ടങ്ങളല്ലാതെ മറ്റൊന്നും അവര്‍ക്ക് യുദ്ധം സമ്മാനിച്ചില്ല.

തന്റെ സ്വഭാവത്തിലെ വീഴ്ചകളെപ്പറ്റി ഉണര്‍ത്തുന്നതു പോലും പലര്‍ക്കും ദഹിക്കില്ല. സമൂഹത്തിന്റെ ആണിക്കല്ലായ കുടുംബ വ്യവസ്ഥിതിക്ക് പോലും ഭീഷണിയാണ് ഇത്. ഏതെങ്കിലുമൊരു ഭാഗത്ത് നിന്നുണ്ടാകുന്ന എടുത്തു ചാട്ടങ്ങളോ കോപ പ്രകടനങ്ങളോ നിത്യ സംഘട്ടനങ്ങളിലേക്ക് വഴിതുറക്കുന്നു. മോശമായ പെരുമാറ്റത്തിന്റെ പേരില്‍ വിദ്വേഷം വര്‍ധിക്കുന്നതോടൊപ്പം പരസ്പര വിശ്വാസം നശിക്കുകയും ചെയ്യുന്നു.

എത്ര കെട്ടുറപ്പുള്ള സൗഹൃദ ബന്ധങ്ങള്‍ പോലും തകരാന്‍ കേവലം ഒരു നിമിഷത്തെ പെരുമാറ്റ ദൂഷ്യമോ കത്തിക്കയറലോ മതിയാകും. ഊഷ്മളതയോടെ ആരംഭിക്കാറുള്ള പ്രേമ ബന്ധങ്ങള്‍ പോലും പിന്നീടൊരു ഘട്ടത്തില്‍ തകര്‍ന്നു വീഴുന്നത് ഇത്തരം ദുസ്സ്വഭാവങ്ങളുടെ അനന്തര ഫലമായായിരിക്കും.
സമൂഹത്തിന്റെ സകല മേഖലകളെയും ഗ്രസിച്ചു കഴിഞ്ഞ പെരുമാറ്റ ദൂഷ്യത്തിന്റെ പരിഹാരം തേടിക്കൊണ്ടിരിക്കുകയാണ് ലോകമിന്ന്. മനസ്സമാധാനത്തിനും കുടുംബത്തിലെയോ സ്ഥാപനത്തിലെയോ കെട്ടുറപ്പിനും ഐക്യ ബോധത്തിനും വേണ്ടി കൗണ്‍സിലിംഗിന്റെയും ഹിപ്‌നോട്ടിസത്തിന്റെയും സഹായം തേടുന്നവരേറെയുണ്ടിന്ന്.
ഇവിടെയാണ് സല്‍സ്വഭാവത്തെയും അതിന്റെ സുന്ദരമായ സാമൂഹിക മുഖത്തെയും വരച്ചുകാണിച്ച ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്കു മാറ്റുകൂടുന്നത്. ലോകത്ത് എക്കാലത്തും സല്‍സ്വഭാവത്തിന്റെ ഉത്തമ മാതൃകയായി നിലകൊള്ളുന്നത് പ്രവാചകര്‍(സ്വ) ആണ്. നബി(സ്വ)യുടെ ജീവിതം മുഴുക്കെത്തന്നെയും പകര്‍ത്താനും പഠിച്ചെടുക്കാനുമുള്ളതാണ്. സല്‍സ്വഭാവത്തിന്റെ മഹത്വങ്ങള്‍ എണ്ണമറ്റതാണ്.

വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ അല്ലാഹു സല്‍സ്വഭാവത്തിന്റെ നേട്ടങ്ങളെയും ലക്ഷണങ്ങളെയും എടുത്ത് പറഞ്ഞിട്ടുണ്ട്. സത്യവിശ്വാസികളുടെ വിശേഷണം പറഞ്ഞ സ്ഥലത്ത് അല്ലാഹു പറയുന്നതായി കാണാം, അവര്‍ ദേഷ്യത്തെ അടക്കിപ്പിടിക്കുന്നവരാണ്. ജനങ്ങള്‍ക്ക് വിടുതി ചെയ്ത് കൊടുക്കുന്നവരുമാണ്(ആലു ഇംറാന്‍ 134). ഈ ഒരൊറ്റ സൂക്തത്തില്‍ നിന്നു തന്നെ മുഴുവന്‍ സങ്കീര്‍ണതകളുടെയും പരിഹാര മാര്‍ഗം വ്യക്തമാണ്.

അബൂ ദര്‍ദാഅ്(റ)വിനെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. നബി(സ്വ) പറഞ്ഞു: ഖിയാമത്ത് നാളില്‍ മുഅ്മിനിന്റെ മീസാനില്‍ സല്‍സ്വഭാവത്തോളം ഭാരം തൂങ്ങുന്ന മറ്റൊന്നും തന്നെയില്ല. അസഭ്യ വാക്കുകള്‍ പതിവാക്കുന്നവരോട് അല്ലാഹു കോപിക്കുന്നതാണ്(തുര്‍മുദി).
അബൂ ഹുറൈറ(റ) പറയുന്നു: ജനങ്ങളെ അധികരിച്ചും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യമേതെന്ന് നബി(സ്വ)യോട് ചോദിക്കപ്പെട്ടു. നബി(സ്വ) പറഞ്ഞു: അല്ലാഹുവോടുള്ള ഭയഭക്തിയും സല്‍സ്വഭാവവും. ജനങ്ങളെ അധികരിച്ചും നരകത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തെക്കുറിച്ചും നബി(സ്വ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ നബി(സ്വ) പ്രതിവചിച്ചു: വായയും ഗുഹ്യസ്ഥാനവും(തുര്‍മുദി).

സല്‍സ്വഭാവത്തിന്റെ നേട്ടങ്ങളാണ് ഇവയൊക്കെ നമ്മോട് വിളിച്ചു പറയുന്നത്. സല്‍സ്വഭാവത്തിന്റെ പേരില്‍ അറിയപ്പെടുന്നവരുണ്ട്. അവര്‍ സമൂഹത്തില്‍ ആദരിക്കപ്പെടും. ക്ഷമയും സൗഹാര്‍ദവും ശീലമാക്കി സ്‌നേഹത്തോടെയായിരിക്കും അവരുടെ പെരുമാറ്റങ്ങള്‍. ഇതാണ് ഇസ്‌ലാം ഒരു മുഅ്മിനിന്റെ അടയാളമായി പരിചയപ്പെടുത്തുന്നതും.

മഹാന്‍മാരായ പൂര്‍വസൂരികളുടെ ജീവിത രേഖകളും ചരിതങ്ങളും നമുക്ക് പാഠമാണ്. അവര്‍ക്ക് ലഭിച്ച ഉന്നതികളുടെയും അംഗീകാരങ്ങളുടെയും രഹസ്യം അവരുടെ ക്ഷമ പാലിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു. അലി(റ)വിന്റെ പേരക്കുട്ടികളില്‍പ്പെട്ട സൈനുല്‍ ആബിദീന്‍(റ)വിന്റെ അനുഭവം നമുക്ക് മാതൃകയാണ്. മഹാനവര്‍കള്‍ക്ക് വുളൂഅ് ചെയ്യാനുള്ള വെള്ളം ഒഴിച്ചുകൊടുത്തിരുന്ന ഒരു അടിമ കുട്ടിയുണ്ടായിരുന്നു. ഒരിക്കല്‍ അവരുടെ കൈയില്‍ നിന്ന് ജബന സൈനുല്‍ ആബിദീന്‍(റ)ന്റെ ശരീരത്തിലേക്ക് വീഴുകയും മഹാന്റെ മുഖത്ത് മുറിവ് സംഭവിക്കുകയും ചെയ്തു. അപ്പോള്‍ മഹാന്‍ ഒന്നു തലയുയര്‍ത്തി നോക്കി. ഉടനെ മഹാന്റെ നോട്ടത്തില്‍ ഒരു ഈര്‍ഷ്യതയുണ്ടോ എന്ന് കരുതിയ അടിമക്കുട്ടി, മുഅ്മിനീങ്ങള്‍ ദേഷ്യത്തെ അടക്കി നിര്‍ത്തുന്നവരാണെന്നര്‍ഥം വരുന്ന ആയത് ഓതി. ഉടനെ മഹാന്‍ പറഞ്ഞു. ഞാന്‍ എന്റെ ദേഷ്യത്തെ അടക്കി നിര്‍ത്തിയിരിക്കുന്നു. ആ അടിമ ആയത്തിന്റെ ബാക്കിയായി, മുഅ്മിനുകള്‍ ജനങ്ങള്‍ക്ക് വിടുതി ചെയ്യുന്നവരാണെന്നര്‍ഥം വരുന്ന ഭാഗം ഓതിക്കേള്‍പ്പിച്ചു. മഹാന്‍ പറഞ്ഞു. നിനക്ക് ഞാന്‍ വിടുതി ചെയ്തു തന്നു. ഉടനെ ആ അടിമ, അല്ലാഹു നന്മ ചെയ്യുന്നവരെ പ്രിയംവെക്കുമെന്നര്‍ഥം വരുന്ന ഭാഗം ഓതി കേള്‍പ്പിച്ചു. ഉടനെ മഹാനവര്‍കള്‍ പറഞ്ഞു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നെ ഞാന്‍ സ്വതന്ത്രയാക്കിയിരിക്കുന്നു.

അബൂബക്കര്‍ സഖാഫി അരീക്കോട്

---- facebook comment plugin here -----

Latest