Connect with us

Editorial

തിരഞ്ഞെടുപ്പ് കഴിഞ്ഞു; ഇനിയെന്തു ശബരിമല

Published

|

Last Updated

ശബരിമല വിഷയത്തില്‍ ബി ജെ പിയുടെയും സംഘ്പരിവാര്‍ സംഘടനകളുടെയും ഇടപെടല്‍ കേവലം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടത്തിയ രാഷ്ട്രീയ നാടകമാണെന്നു വ്യക്തമാക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട് അവര്‍ക്കിടയില്‍ ഇപ്പോള്‍ ഉടലെടുത്ത ചേരിപ്പോര്.

ശബരിമലയില്‍ നിലവിലുള്ള ആചാരം നിലനിര്‍ത്തണമെന്നു ശഠിക്കുന്നവരും യുവതികള്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ എസ് എസിലെ ഒരു വിഭാഗവും തമ്മില്‍ സാമൂഹിക മാധ്യമങ്ങളിലാണ് ശക്തമായ പോരില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഏത് ആചാരവും തന്ത്രിമാരും ആചാര്യന്മാരുമായി ആലോചിച്ചു മാറ്റാമെന്ന ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിന്റെ പ്രസ്താവനയോടെയാണ് സംഘ്പരിവാര്‍ നേതാക്കള്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്തു വന്നത്.

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന കോടതി വിധിയോട് തങ്ങള്‍ക്ക് വിയോജിപ്പില്ലെന്നും, വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച രീതിയോടാണ് വിയോജിപ്പെന്നും അദ്ദേഹം പറഞ്ഞു വെച്ചു. റെഡി ടു വെയിറ്റ് പ്രചാരകനായിരുന്ന പത്മപിള്ളയും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തു വന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ഇരുപേരെയും തള്ളിപ്പറഞ്ഞിട്ടുമുണ്ട്.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നയുടന്‍ ആര്‍ എസ് എസും ബി ജെ പിയും ഉള്‍പ്പെടെ സംഘ്പരിവാര്‍ സംഘടനകള്‍ വിധിയെ സ്വാഗതം ചെയ്യുകയാണുണ്ടായത്. രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീ പ്രവേശനം ആകാമെങ്കില്‍ ശബരിമലയുടെ കാര്യത്തില്‍ മറിച്ചൊരു നിലപാട് ആവശ്യമില്ലെന്നാണ് കോടതി വിധിയോട് പ്രതികരിക്കവെ ആര്‍ എസ് എസ് ദേശീയ ജനറല്‍ സെക്രട്ടരി ഭയ്യാജി ജോഷി പറഞ്ഞത്. എവിടെ പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനം കൊടുക്കണം. ഇതാണ് ആര്‍ എസ് എസിന്റെ പൊതുവായ നിലപാടെന്നും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഒരു ആചാരം തെറ്റാണെന്നു തോന്നിയാല്‍ അത് ഉപേക്ഷിക്കണം. നൂറുകണക്കിനു വര്‍ഷങ്ങളായി തുടരുന്നു എന്നതുകൊണ്ട് ശബരിമലയില്‍ യുവതികളെ വിലക്കുന്ന ആചാരം ഇനിയും തുടരണമെന്ന നിലപാട് ആര്‍ എസ് എസിന് സ്വീകാര്യമല്ലെന്ന് ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു.

കേരളത്തിലെ തലമുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് ആര്‍ ഹരി, ഭാരതീയ വിചാര കേന്ദ്രം ഡെ. ഡയറക്ടര്‍ സഞ്ജയന്‍, ജന്മഭൂമി എം ഡി രാധാകൃഷ്ണന്‍ തുടങ്ങിയവരും ഇതേ വീക്ഷണക്കാരാണ്. സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍പിള്ളയും തുടക്കത്തില്‍ കോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു.

ആചാര സംരക്ഷണത്തിനായി എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ നാമജപ യജ്ഞങ്ങളും നാമജപ റാലിയും നടത്തി പ്രതിഷേധിച്ചതോടെയാണ് തിരഞ്ഞെടുപ്പില്‍ നായര്‍ സമുദായത്തെയും അയ്യപ്പ ഭക്തരെയും സ്വാധീനിക്കാമെന്ന കണക്കുകൂട്ടലില്‍ ആര്‍ എസ് എസ് നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത്. തുടര്‍ന്ന് ശബരിമലയില്‍ കോടതി വിധി നടപ്പാക്കാനുള്ള പിണറായി സര്‍ക്കാറിന്റെ നീക്കത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ബി ജെ പിയും ആര്‍ എസ് എസും ഇതര സംഘ്പരിവാര്‍ സംഘടനകളും സജീവ പങ്കാളിത്തം വഹിച്ചു. സി പി എം വിരോധവും കേരളത്തില്‍ ബി ജെ പിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള അവസരവുമെന്ന നിലയിലാണ് ആചാര സംരക്ഷണ വാദികള്‍ക്കൊപ്പം ഇവര്‍ ചേര്‍ന്നത്.

ഒടുവില്‍ പ്രതിഷേധ പരിപാടികളും പ്രക്ഷോഭങ്ങളും പൂര്‍ണമായും ആര്‍ എസ് എസ് നിയന്ത്രിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങുകയും ചെയ്തു. ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ക്കുന്നതിനോട് അന്നേ ചില ആര്‍ എസ് എസ് നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും, തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തങ്ങളുടെ നിലപാട് പരസ്യമായി പറയരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി ആര്‍ എസ് എസ് നേതൃത്വം അവരെ ഒതുക്കി നിര്‍ത്തിയതായിരുന്നു.

ശബരിമലയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പോലീസ് ബൂട്ടിന്റെ ചവിട്ടു കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ, അയ്യപ്പ ക്ഷേത്രത്തിലെ ആചാരങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല, പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രമാണെന്നു റെഡി ടു വെയിറ്റ് നേതാവ് പത്മപിള്ള കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഈ വിഷയം അവര്‍ക്ക് വോട്ട് ബേങ്ക്, പോളിറ്റിക്കല്‍ നയം മാത്രമായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. ആചാര സംരക്ഷണ വാദികളോട് ബി ജെ പിയും ആര്‍ എസ് എസും കൂട്ടുകൂടിയതിന്റെ പിന്നിലെ യഥാര്‍ഥ വസ്തുത അദ്ദേഹം ഈ പറഞ്ഞതാണ്. ശബരിമല പ്രക്ഷോഭം വിശ്വാസ സംരക്ഷണത്തിന്റെ പ്രശ്‌നമായിരുന്നില്ല അവരെ സംബന്ധിച്ചിടത്തോളം. ഹിന്ദു വിശ്വാസികളെയും അയ്യപ്പ ഭക്തരെയും സമര്‍ഥമായി വഞ്ചിക്കുകയായിരുന്നു ഇരു നേതൃത്വവും. തിരഞ്ഞെടുപ്പ് ലാക്കാക്കി രൂപപ്പെടുത്തിയ ഈ അടവുനയത്തില്‍ അകപ്പെട്ട് കുറേ അയ്യപ്പഭക്തര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ തുണച്ചിട്ടുണ്ടാകാം.

ഇതു കേരളത്തില്‍ ബി ജെ പി കൈവരിച്ച മുന്നേറ്റമായി പാര്‍ട്ടി നേതൃത്വത്തിന് അവകാശപ്പെടുകയുമാകാം. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവര്‍ക്ക് ഇനി വിശ്വാസികളെയോ ആചാരങ്ങളെയോ ആവശ്യമില്ല. അയോധ്യാ പ്രശ്‌നത്തിലും ബി ജെ പി, ആര്‍ എസ് എസ് നേതൃത്വങ്ങള്‍ കാണിച്ച രാഷ്ട്രീയ തന്ത്രം സമാനമായിരുന്നല്ലോ. അയോധ്യയില്‍ രാമക്ഷേത്രം പണിയേണ്ടതു ഹൈന്ദവ ഇന്ത്യയുടെ അനിവാര്യതയാണെന്ന മട്ടിലാണ് അവര്‍ രഥയാത്രയും കര്‍സേവയും നടത്തി ഹൈന്ദവ വിശ്വാസികളെ കൈയിലെടുത്തത്. അതുപയോഗപ്പെടുത്തി കേന്ദ്രത്തില്‍ അധികാരത്തിലേറുകയും ചെയ്തു.

അധികാരം കൈവന്നതോടെ അയോധ്യ അവര്‍ കൈവിട്ടു. പിന്നീടത് വി എച്ച് പിയുടെയും സുബ്രഹ്മണ്യ സ്വാമിയുടെയും ആവശ്യം മാത്രമായി ചുരുങ്ങി. ഹൈന്ദവതയും അതിന്റെ വിശ്വാസാചാരങ്ങളും സംഘ്പരിവാറിന് കേവലം രാഷ്ട്രീയായുധങ്ങള്‍ മാത്രമാണെന്ന വസ്തുത ഇനിയെങ്കിലും ഹിന്ദു സഹോദരന്മാര്‍ തിരിച്ചറിയേണ്ടതുണ്ട്.

Latest