ഭയഭക്തി വിജയത്തിന്റെ അടിത്തറ

Posted on: May 13, 2019 10:37 am | Last updated: May 13, 2019 at 10:41 am

‘കാലം സത്യം, മനുഷ്യന്‍ നഷ്ടത്തിലാണ്. വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ ചെയ്യുകയും സത്യവും ക്ഷമയും കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.’ (സൂറത്തുല്‍ അസ്വ്ര്‍).

കപട വിശ്വാസികളെ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ താക്കീതു ചെയ്യുന്നു. അവരുടെ വിശ്വാസം കേവലം വാക്കുകളില്‍ ഒതുങ്ങുന്നതാണ്. അല്ലാഹുവിന്റെ സന്നിധിയില്‍ അവരുടെ വിശ്വാസത്തിന് ഒട്ടും പരിഗണനയില്ല. ഭയാനകമായ ശിക്ഷകളാണ് അവരെ കാത്തിരിക്കുന്നത്. “കണ്ണുകളുടെ ഒളിഞ്ഞുനോട്ടവും ഹൃദയത്തില്‍ ഒളിപ്പിച്ചു വെച്ചതും അള്ളാഹു അറിയുന്നവനാണ്.’ (ഖുര്‍ആന്‍)
ഭയഭക്തിയാണ് എല്ലാ വിജയത്തിന്റെയും അടിത്തറ. സ്രഷ്ടാവിനോടുള്ള ഭയം വിശ്വാസിയുടെ ഹൃദയത്തിലെ അവിഭാജ്യ ഘടകമാണ്. ഭയഭക്തിയില്ലാത്ത ഹൃദയം നശിച്ചതാണെന്ന് അബൂസുലൈമാന്‍ എന്നവര്‍ പറഞ്ഞിട്ടുണ്ട്. സ്രഷ്ടാവിനെ കുറിച്ചുള്ള അറിവിന്റെ അളവനുസരിച്ചാണ് ഹൃദയത്തില്‍ ഭയം വര്‍ധിക്കുക. സൃഷ്ടികളില്‍ ഏറ്റവുമധികം അറിവുള്ള പ്രവാചകര്‍(സ്വ)ക്കാണ് ഏറ്റവുമധികം ഭയഭക്തിയുള്ളത്. അല്ലാഹുവിനോടുള്ള ഭയം കാരണം ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സമയത്ത് അബൂബക്കര്‍ സിദ്ദീഖ്(റ) വിങ്ങിപ്പൊട്ടിക്കരയുമായിരുന്നു. അല്ലാഹുവിനെ ഭയപ്പെട്ട് ഒഴുക്കുന്ന ഓരോ കണ്ണീര്‍ തുള്ളികളും ഉഹ്ദ്മല പോലെ നാളെ മീസാനില്‍ കനം തൂങ്ങുമെന്ന് ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. ഹൃദയം ഉറച്ചു പോയവരുടെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണീര്‍ പോലും വരില്ല. സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കുകയും നരക കവാടങ്ങള്‍ അടക്കുകയും പിശാചിനെ ചങ്ങലകളില്‍ ബന്ധിക്കുകയും ചെയ്യുന്ന പുണ്യ റമസാനില്‍ ഹൃദയം ഭക്തിനിര്‍ഭരമാക്കാനാകണം ഓരോ വിശ്വാസിയുടെയും ശ്രമം.

അഹങ്കാരം, അഹന്ത, ചതി, വഞ്ചന തുടങ്ങി ഹൃദയത്തിന്റെ രോഗങ്ങള്‍ പലതാണ്. അവയില്‍ നിന്നെല്ലാം മുക്തി നേടിയെങ്കില്‍ മാത്രമേ അന്ത്യനാളില്‍ വിജയികളാകാന്‍ കഴിയൂ. അല്ലാഹു പറയുന്നു: “നിശ്ചയം കേള്‍വിയും കാഴ്ചയും ഹൃദയവുമെല്ലാം നാളെ വിചാരണ ചെയ്യപ്പെടുന്നതാണ്.’ ആ വിചാരണയില്‍ വിജയിക്കുന്നവര്‍ക്കാണ് അല്ലാഹുവിന്റെ തൃപ്തിയും സാമീപ്യവും ശാശ്വതമായ സ്വര്‍ഗലോകവും ലഭിക്കുക.

“അല്ലാഹുവേ, ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസികളോട് വെറുപ്പുണ്ടാക്കരുതേ’ എന്ന് പ്രാര്‍ഥിക്കാന്‍ ഖുര്‍ആന്‍ നമ്മോട് ആവശ്യപ്പെടുന്നു.
മാലിന്യങ്ങളെ എല്ലാവരും വെറുക്കുന്നു. മാലിന്യങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് ഇസ്‌ലാമില്‍ വലിയ സ്ഥാനമുണ്ട്. ഈമാന്‍ കുടികൊള്ളുന്ന മാളങ്ങളാണ് ഹൃദയങ്ങള്‍. ദോഷങ്ങളാണ് ഹൃദയത്തിന്റെ മാലിന്യം. ഹൃദയത്തെ മാലിന്യമുക്തമാക്കാന്‍ ഏറ്റവും അനുയോജ്യമായ മാസമാണ് പുണ്യറമസാന്‍. ഹൃദയം വിശുദ്ധമാക്കാനുള്ള സോപ്പാണ് തൗബ. (അല്‍മവാഹിബുല്‍ ജലിയ്യ)
പാപം ചെയ്താല്‍ ഉടന്‍ തൗബ ചെയ്യല്‍ അനിവാര്യമാണ്. ചെയ്ത തെറ്റിനെ കുറിച്ച് മനസ്സറിഞ്ഞുള്ള ഖേദവും ഇനി പാപം ചെയ്യില്ലെന്ന ദൃഢനിശ്ചയവും ചെയ്ത തെറ്റില്‍ നിന്നുള്ള പിന്‍മാറലും തൗബയുടെ നിബന്ധനകളില്‍ പ്രധാനമാണ്.
ഒരിക്കല്‍ ഇബ്‌നു മസ്ഊദ്(റ) കൂഫയിലെ ഒരു തെരുവിലൂടെ നടക്കുകയായിരുന്നു. ആ സമയത്താണ് ഒരു കൂട്ടം തെമ്മാടികള്‍ മദ്യം നുണയുകയും കൂട്ടത്തിലുള്ള സാദാന്‍ എന്ന കവിയുടെ കവിതകള്‍ കേട്ട് രസിക്കുകയും ചെയ്യുന്നത് ഇബ്‌നു മസ്ഊദി(റ)ന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആ മധുരശബ്ദം കേട്ട മാത്രയില്‍ ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: “ഈ ശബ്ദം കൊണ്ട് ഖുര്‍ആന്‍ ഓതിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.’ നടന്നകലുന്ന ഇബ്‌നു മസ്ഊദി(റ)നെ കണ്ട് സാദാന്‍ ആരാഞ്ഞു: ആരാണാ പോയത്? എന്തിനാണയാള്‍ അല്‍പ സമയം ഇവിടെ നിന്നത്? ഒരാള്‍ മറുപടി പറഞ്ഞു: “അത് പ്രവാചക ശിഷ്യന്‍ ഇബ്‌നു മസ്ഊദാണ്. സാദാന്റെ മധുരശബ്ദം കൊണ്ട് ഖുര്‍ആന്‍ ഓതിയിരുന്നെങ്കില്‍ എന്ന ആഗ്രഹം പറയാനാണയാള്‍ തെല്ലിട നിന്നത്.’ സാദാന്റെ ഹൃദയം പരിവര്‍ത്തനത്തിന്റെ സംഗീതം മൂളി. അല്ലാഹുവിലുള്ള ഭയം ഹൃദയത്തിലേക്ക് കിനിഞ്ഞിറങ്ങി. സംഗീതോപകരണങ്ങള്‍ എറിഞ്ഞുടച്ച് സാദാന്‍ ഇബ്‌നു മസ്ഊദി(റ)ന് പിറകെ കരഞ്ഞു കൊണ്ട് ഓടാന്‍ തുടങ്ങി. അവര്‍ പരസ്പരം അണച്ചു ചേര്‍ത്ത് കരഞ്ഞു. തുടര്‍ന്നുള്ള കാലം സാദാന്‍ ഇബ്‌നു മസ്ഊദി(റ)ന്റെ ശിഷ്യനായി ജീവിച്ചു. (തന്‍ബീഹ്)
ചെറിയ പ്രായത്തില്‍ തന്നെ നമ്മുടെ മക്കളുടെ ഹൃദയങ്ങളില്‍ അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്‌നേഹം തളിരിടണം. മുത്ത്‌നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലാന്‍ അവരെ പ്രോത്സാഹിപ്പിക്കണം.

തിന്മകള്‍ ഹൃദയത്തെ ബലഹീനവും രോഗാതുരവുമാക്കുന്നു. വിശ്വാസത്തിലെ ദൃഢതയും കര്‍മങ്ങളിലെ ആത്മാര്‍ഥതയും ഹൃദയത്തെ സംസ്‌കരിച്ച് പ്രകാശപൂരിതമാക്കുന്നു. അല്ലാഹു അല്ലാത്തവരെ ആരാധനയില്‍ പങ്കുചേര്‍ക്കുമ്പോള്‍ ഹൃദയം മരിക്കുന്നു. നമ്മുടെ ഹൃദയങ്ങള്‍ നന്മകള്‍ കൊണ്ട് നിറഞ്ഞ് ജീവസുറ്റതാകട്ടെ. പരിശുദ്ധ റമസാന്‍ അതിനുള്ള അസുലഭ അവസരമാണ്. ഹൃദയങ്ങള്‍ ശുദ്ധമാകുമ്പോള്‍ എങ്ങും ശാന്തിയും സമാധാനവും നിറയുന്നു. ശ്രീലങ്കയില്‍ നടന്നതു പോലുള്ള അക്രമങ്ങള്‍ ഇനി ലോകത്ത് ഉണ്ടാകാതിരിക്കാന്‍ ആത്മവിശുദ്ധി നേടി നമുക്ക് പ്രാര്‍ഥിക്കാം, പ്രയത്‌നിക്കാം.