Connect with us

Religion

മറന്നുവോ സ്രാമ്പികൾ?

Published

|

Last Updated

100 വർഷത്തിലേറെ പഴക്കമുള്ള കൊടുവള്ളി മാതോലത്ത് കടവിലെ സ്രാന്പി. വുളൂ ചെയ്യാൻ വേണ്ടിയുള്ള കുളമാണ് സമീപം

കേരളീയ മുസ്‌ലിമിന്റെ ആത്മീയ പരിസരങ്ങൾക്ക് സ്രാമ്പിയുടെ വർത്തമാനങ്ങൾ കൂടി പങ്കുവെക്കാനുണ്ട്. ഇന്ന് സ്രാമ്പികൾ ഓർമകൾ മാത്രമായി അവശേഷിച്ച് തുടങ്ങിയെങ്കിലും മുമ്പ് ഗ്രാമീണ മേഖലകളിലെ വെളിച്ചമായിരുന്നു അവ. നിസ്‌കാരങ്ങൾക്ക് വേണ്ടിയാണ് സ്രാമ്പികൾ നിർമിക്കപ്പെട്ടതെങ്കിലും ഓത്തുപള്ളികളുടെ വൈജ്ഞാനിക ദൗത്യം കൂടി അവ നിർവഹിച്ചിരുന്നു. സ്രാമ്പികളുടെ ഉത്ഭവ പശ്ചാത്തലത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ ആത്മീയോണർവുള്ള നമ്മുടെ പ്രപിതാക്കളുടെ നിഷ്‌കർഷതയിലേക്കാണ് ചെന്നെത്തുന്നത്. ദാരിദ്ര്യത്തിന്റെ ഘനം പേറുന്ന പഴയ നാളുകളിൽ ഇസ്‌ലാമിന്റെ പരിച്ഛേദത്തെ എത്രമാത്രം ഉദാത്തമായി ആവിഷ്‌കരിക്കാൻ കഴിയുമെന്ന ആത്മീയാലോചനക്ക് അന്നത്തെ സാഹചര്യത്തിൽ നിന്ന് ലഭിച്ച മികച്ച ഉത്തരമാണ് സ്രാമ്പി.

70 വർഷം പഴക്കമുള്ള സ്രാമ്പി

നാടിനടുത്ത ചില സ്രാമ്പികളെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് അവ നിർവഹിച്ച ദൗത്യത്തെ കൂടുതൽ ആഴത്തിൽ തിരിച്ചറിയാൻ സാധിച്ചത്. സ്രാമ്പികൾ പൊതുവെ വഖ്ഫ് ചെയ്യപ്പെടാറില്ല (ചിലത് വഖ്ഫ് ചെയ്യാറുണ്ട്). അതിനാൽ ആവശ്യാനുസരണം ഉചിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പണിയാറുണ്ട്. നാടിനടുത്തുള്ള ഒരു സ്രാമ്പി രണ്ട് ഏക്കർ വിശാലമായ വയലിൽ സ്ഥാപിച്ചതാണ്. വയലിൽ ജോലി ചെയ്യുമ്പോൾ സമയനഷ്ടം ഓർത്ത് നിസ്‌കാരം നഷ്ടപ്പെടാതിരിക്കാനും സമയമായുടനെ നിസ്‌കരിക്കാനും വേണ്ടിയായിരുന്നു ഇത് സജ്ജീകരിച്ചത്. പണിക്കിടയിൽ പെട്ടെന്ന് തന്നെ വൃത്തിയായി നിസ്‌കരിച്ച് വീണ്ടും പാടത്തേക്കിറങ്ങാൻ ഇതിനാൽ അവർക്ക് കഴിഞ്ഞു. വൃത്തി വരുത്താൻ സ്രാമ്പികൾക്കടുത്ത് ചെറിയ കുളവും സജ്ജമാക്കിയിരുന്നു. ആരാധനകളിൽ വീഴ്ച വരുത്താതെ കൂടുതൽ സമയം തൊഴിലിൽ ഏർപ്പെടാൻ അങ്ങനെ അന്നത്തെ കർഷകർക്ക് സാധിച്ചു.
ജനങ്ങൾ ഒരുമിച്ചു കൂടുന്ന ഇടങ്ങളിലും സ്രാമ്പികൾ നിർമിക്കപ്പെട്ടു. നദീതീരങ്ങളിൽ വ്യാപകമായി ഈ രൂപത്തിൽ സ്രാമ്പികളുണ്ടായിരുന്നു. റോഡുകൾ അത്ര വ്യാപകമാകാതിരുന്ന പഴയകാലത്ത് തോണികളെ ആയിരുന്നു കൂടുതലായും ജനങ്ങൾ ആശ്രയിച്ചിരുന്നത്. അവ കരയോട് ചേർത്തുനിർത്തുന്ന കടവുകളിൽ ജനങ്ങൾ സാധാരണ ഒത്തുകൂടും. അതുകൊണ്ട് അത്തരം തീരങ്ങളിലും സ്രാമ്പികൾ ഉണ്ടായിരുന്നുവെന്ന് പഴയ തലമുറ ഓർത്തെടുക്കുന്നു.

പ്രാദേശിക സാഹചര്യമനുസരിച്ച് വളരെ ചെറിയ സ്രാമ്പികൾ മുതൽ സാമാന്യം വലിയവ വരെ സ്ഥാപിക്കപ്പെട്ടിരുന്നു. വലിയ സ്രാമ്പികളിൽ വെച്ച് വിദ്യാർഥികൾക്ക് ഓത്ത് പഠിക്കാനുള്ള അവസരമുണ്ടായിരുന്നു. ചുറ്റുഭാഗവുമുള്ള വിദ്യാർഥികൾ ഒരുമിച്ചുകൂടി അറിവ് നേടിയിരുന്നത് ഇത്തരം സ്രാമ്പികളിൽ നിന്നാണ്. മദ്‌റസകളും മറ്റും സ്ഥാപിതമാകുന്നതിനും പതിറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ നാടുകളിൽ വൈജ്ഞാനിക വിനിമയം സാധ്യമായത് ഈ രൂപത്തിലായിരുന്നുവെന്നത് ഒരുപക്ഷേ ആശ്ചര്യമായി തോന്നിയേക്കാം.
പല നാടുകളിലും പള്ളികൾ സ്ഥാപിതമാകുന്നത് ഒരുപാട് കാലങ്ങൾക്കിപ്പുറമാണ്. അന്നൊക്കെയും അതാതിടങ്ങളിലെ ജനങ്ങൾ സംഘ നിസ്‌കാരങ്ങൾക്ക് ഒത്തുകൂടിയിരുന്നത് സ്രാമ്പികളിലായിരുന്നു. പല ഉൾപ്രദേശങ്ങളും ജുമുഅക്ക് പോലും ഒത്തുചേരാൻ കഴിയാത്ത വിധം ഒറ്റപ്പെട്ടതായിരുന്നു. കാരണം സാഹചര്യങ്ങൾ അത്രയും ദുസ്സഹമായിരുന്നു. പണ്ട് കാലത്ത് ഞങ്ങളുടെയൊക്കെ നാട്ടിലെ ജുമുഅയുള്ള ഏകപള്ളി 15 കിലോമീറ്ററിനടുത്ത് ദൂരമുള്ള താത്തൂർ ആയിരുന്നുവെന്ന് പ്രായം ചെന്നവർ സാക്ഷ്യപ്പെടുത്തുന്നു. അഥവാ പള്ളികൾ പോലും അത്ര എളുപ്പത്തിൽ പ്രാപിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല നമ്മുടെ പൂർവഗാമികൾ എന്ന് സാരം.

സ്രാമ്പികൾ സാഹചര്യാനുസൃതം മാറ്റി സ്ഥാപിക്കാറുണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. വഖ്ഫ് ചെയ്യപ്പെട്ടിട്ടില്ല എന്ന് തീർച്ചയുള്ളിടത്താണ് അങ്ങനെ ചെയ്യുക. ഒരു സ്രാമ്പി വ്യത്യസ്ത ഇടങ്ങളിലായി മൂന്ന് തവണ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്ന് നാട്ടിലെ പഴമക്കാർ ഓർക്കുന്നു. ഇന്നും ചിലതൊക്കെ നിലനിർത്തിയത് ആ ഓർമകൾക്ക് വേണ്ടി മാത്രമാണെന്നും പള്ളികൾ വ്യാപകമായ ഇക്കാലത്ത് സൗകര്യങ്ങൾ എല്ലാ അർഥത്തിലും പരിമിതമായ സ്രാമ്പികളിലേക്ക് ആരും നിസ്‌കരിക്കാനെത്താറില്ലെന്നും അവർ പറയുന്നു.

ചില സ്രാമ്പികൾ നിലനിൽക്കുന്ന ഭൂപ്രദേശത്തിന്റെ ആധാരങ്ങളിൽ” സ്രാമ്പിയും കുളവും നിൽക്കുന്ന ഭാഗമൊഴികെ” എന്ന് തന്നെ എഴുതിയിട്ടുണ്ടെന്നും അത് ചിലപ്പോൾ വഖ്ഫ് ചെയ്യപ്പെട്ടതിനാലാവാം എന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ പള്ളിയായി ഉയർന്നുനിൽക്കുന്ന പലതും പഴയകാലത്തെ സ്രാമ്പികൾ പുനർനിർമിക്കപ്പെട്ടപ്പോൾ വിപുലീകരിച്ചതാണ്. പല ജുമുഅത്ത് പള്ളികകളും ചെറുതും വലുതുമായ ഒരുപാട് പേർ നിസ്‌കാരങ്ങൾക്ക് ആശ്രയിച്ചിരുന്ന സ്രാമ്പികളായിരുന്നു. പണ്ടൊക്കെ റമസാനിൽ പോലും രാത്രി നിസ്‌കാരങ്ങൾ വീട്ടിൽ വച്ചായിരുന്നു. എങ്കിലും വലിയ സ്രാമ്പികളിൽ പരിസരത്തുള്ളവർ ഒത്തുകൂടി രാത്രികാലങ്ങളിലും സ്രാമ്പികളെ സജീവമാക്കിയിരുന്നു എന്ന് ഇവർ ഓർത്തെടുക്കുന്നു. സ്രാമ്പികൾ മറന്നു തുടങ്ങിയിട്ടുണ്ട് നമുക്കെങ്കിൽ, പുതുതലമുറക്ക് സ്രാമ്പി എന്ന പേരുപോലും അപരിചിതമാണ്. ഇതെഴുതുന്നതിനടക്ക് മൂന്നാം ക്ലാസുകാരനായ അനിയൻ “സ്രാമ്പിയോ അതെന്താ” എന്ന ചോദ്യം കൂടി ഉന്നയിച്ചപ്പോൾ കൂടുതൽ ബോധ്യമായി. ഇത്തരം ഓർമകളെ മറവിക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള മിനിമം ജാഗ്രതയെങ്കിലും ചരിത്രത്തെ അട്ടിമറിക്കുന്ന ഇക്കാലത്ത് അനിവാര്യമാണ്. മാപ്പിള പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി ചരിത്രവും സംസ്‌കാരവും ആത്മീയതയുമൊക്കെ പേറുന്ന സ്രാമ്പികളെ പൂർണ നാശത്തിലേക്ക് വിട്ടുകൊടുക്കാതിരിക്കാനും നാം ശ്രദ്ധിക്കണം.

സ്രാമ്പി, സ്രാന്പ്യ, തക്യാവ്, സെറാമ്പി…

സ്രാമ്പി എന്ന പദം നമുക്ക് സുപരിചിതമാണെങ്കിലും അതിന്റെ നിഷ്പന്നത സംബന്ധിച്ച് കൃത്യവും ആധികാരികവുമായ ഉത്തരം ലഭ്യമല്ല. മലബാർ മേഖലയിലാണ് ഈ പ്രയോഗം കൂടുതൽ പ്രചാരം നേടിയത്. മറ്റു ഭാഗങ്ങളിൽ “തക്യാവ്” എന്നാണ് പ്രയോഗിക്കുന്നത്. പേർഷ്യൻ പദമായ തകിയ (വിശ്രമസ്ഥലം)യിൽ നിന്നാണ് ഈ വാക്ക് രൂപം കൊണ്ടത്. ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി സ്രാമ്പിക്ക് നൽകുന്ന അർഥം മാപ്പിളമാരുടെ പ്രാർഥനാ മന്ദിരം എന്നാണ്. ഏറുമാടത്തിനും മാളികക്കും ചിലയിടങ്ങളിൽ ഈ പ്രയോഗം നിലവിലുണ്ട്. മലയ് ഇന്തോനേഷ്യൻ ഭാഷയിൽ ഉയർന്ന പ്രതലത്തിന് “സെറാമ്പി” എന്ന പ്രയോഗമുണ്ട്. അതിൽ നിന്ന് കടം കൊണ്ടതാകാനും സാധ്യതയുണ്ട്. തറയിൽ നിന്ന് ഉയരത്തിൽ തടിത്തൂണുകളിൽ പലകകൾ നിരത്തിയാണല്ലൊ അവയുടെ നിർമാണം. ചിലയിടങ്ങളിൽ സ്രാന്പ്യ എന്നും അറിയപ്പെടുന്നു.

Latest