Connect with us

Gulf

മസ്ജിദുകളിലേക്ക് വിശ്വാസികളുടെ പ്രവാഹം

Published

|

Last Updated

ദുബൈ: വിശുദ്ധ റമസാനിലെ ആദ്യ വെള്ളിയായ ഇന്നലെ രാജ്യത്തെ മസ്ജിദുകള്‍ ജുമുഅക്കെത്തിയ വിശ്വാസികളെകൊണ്ട് നിറഞ്ഞുകവിഞ്ഞു. പുണ്യമാസത്തിലെ പവിത്രദിനത്തിലെ ഓരോ നിമിഷങ്ങളും പരമാവധി ആരാധനാ കര്‍മങ്ങളെ കൊണ്ട് ധന്യമാക്കാന്‍ മത്സരിക്കുകയായിരുന്നു വിശ്വാസികള്‍.
ബാങ്ക് വിളിക്കുന്നതിന്റെ എത്രയോ സമയം മുമ്പ് തന്നെ അകംപള്ളിയില്‍ സ്ഥലം പിടിച്ച വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, പ്രാര്‍ഥന എന്നിവയില്‍ മുഴുകിക്കഴിയുകയായിരുന്നു. നേരത്തെ നിറഞ്ഞ അകംപള്ളികളില്‍ കയറാനാവാതെ പുറംപള്ളികളിലും നിറഞ്ഞിരുന്ന വിശ്വാസികള്‍ക്ക് ശേഷം വന്നവര്‍ നല്ല ചൂടിലും പള്ളികള്‍ക്ക് പുറത്തിരിക്കേണ്ടിവന്നു. നഗരങ്ങളിലെ പള്ളികളിലായിരുന്നു കൂടുതല്‍ ജനത്തിരക്കനുഭവപ്പെട്ടത്. നിസ്‌കാരശേഷവും ഏറെ നേരം നിരവധി പേര്‍ ഖുര്‍ആന്‍ പാരായണവുമായി പള്ളിയില്‍ തന്നെ കഴിച്ചുകൂട്ടി.

പ്രവാചക പിന്‍ഗാമികളില്‍ (ഖലീഫമാര്‍) മൂന്നാമനായി ഭരണം നടത്തിയ ഉസ്മാന്‍ (റ) ജീവചരിത്രത്തിലെ ചില ഭാഗങ്ങളായിരുന്നു ഇന്നലെ ഖുതുബയിലെ പരാമര്‍ശ വിഷയം. നല്ലൊരു പണക്കാരനായിട്ടും ഐഹികതയോട് ആര്‍ത്തിയില്ലാതെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനും പള്ളി, പൊതുകിണര്‍ തുടങ്ങിയ നന്മകള്‍ക്കുമായി നീക്കിവെച്ചതിന്റെ ഉദാഹരണങ്ങള്‍ ഇമാറാത്തിലെ മസ്ജിദ് മിമ്പറകളില്‍ നിന്ന് വിശ്വാസികള്‍ കേട്ടു.

ദുബൈയില്‍ മലയാളികള്‍ കൂടുതലായി പങ്കെടുക്കുന്ന പള്ളികളില്‍ ദുബൈ മര്‍കസിന്റെയും മറ്റു സംഘടനകളുടെയും കീഴിലായി പരിഭാഷാ പ്രഭാഷണങ്ങള്‍ നടന്നു. ആയിരക്കണക്കിന് പേരാണ് ഈ പ്രഭാഷണങ്ങള്‍ ശ്രവിക്കാനും പണ്ഡിതരുടെ പ്രാര്‍ഥനയില്‍ പങ്കുചേരാനും എത്തിച്ചേര്‍ന്നത്. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എ പി അബ്ദുല്‍ ഹകീം അസ്ഹരി, എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, മുസ്തഫ ദാരിമി വിളയൂര്‍ തുടങ്ങിയവര്‍ വിവിധ മസ്ജിദുകളില്‍ പ്രഭാഷണങ്ങള്‍ക്കും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി

Latest