Connect with us

Sports

ഇന്ത്യയുടെ പുതിയ ഫുട്ബോൾ കോച്ച് ഉടൻ; റോക്കക്ക് സാധ്യത

Published

|

Last Updated

ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ദക്ഷിണ കൊറിയക്കായി രണ്ട് തവണ ലോകകപ്പിൽ ബൂട്ടണിഞ്ഞ ലീ മിൻ സങ്ങും സ്പാനിഷ് താരമായിരുന്ന ആൽബർട്ട് റോക്കയും ഉൾപ്പെടെയുള്ള നാല് പേരുടെ ചുരുക്കപ്പട്ടിക ഓൾ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ പുറത്തുവിട്ടു. ഇരുവരേയും കൂടാതെ മുൻ ക്രൊയേഷ്യൻ മാനേജർ ഐഗർ സ്റ്റിമാക്കും മുൻ സ്വീഡൻ പരിശീലകൻ ഹാകൻ എറിക്‌സണുമാണ് സാധ്യതാപട്ടികയിലെ മറ്റു രണ്ട് പേർ. ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ് സിയെ രണ്ട് സീസണിൽ വിജകരമായി പരിശീലിപ്പിക്കുകയും ഇന്ത്യൻ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുമുള്ള റോക്കക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

എ ഐ എഫ് എഫിന്റെ ടെക്നിക്കൽ കമ്മിറ്റി ഒരിക്കൽ കൂടി അഭിമുഖം നടത്തി അനുയോജ്യനായ ആളെ ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കുമെന്ന് ടെക്‌നിക്കൽ കമ്മിറ്റി മേധാവി ശ്യാം ഥാപ്പ അറിയിച്ചു. ജൂൺ ആദ്യവാരത്തിൽ നടക്കുന്ന കിംഗ്സ് കപ്പായിരിക്കും പുതിയ കോച്ചിന്റെ കീഴിലുള്ള ആദ്യ ടൂർണമെന്റ്.

സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവെച്ച ഒഴിവിലേക്ക് യൂറോപ്പിൽ നിന്നുൾപ്പെടെയുള്ള 250ലധികം പേർ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു. ഫ്രാൻസ് ലോകകപ്പ് ജേതാക്കളുടെ ടീമിലംഗമായിരുന്ന റെയ്‌മോണ്ട് ഡോമിനെഷ്, മുൻ ഇംഗ്ലണ്ട് മാനേജർമാരായിരുന്ന എറിക്‌സൺ, സാം അലാർഡിസ് തുടങ്ങിവർ ഇതിൽ ഉൾപ്പെടും. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റുകളിൽ പരിശീലനം നടത്തിയ പരിചയവും ശമ്പളക്കാര്യവുമൊക്കെയായിരുന്നു ടെക്‌നിക്കൽ കമ്മിറ്റിയിലെ പ്രാഥമിചർച്ച. ഇതിന് ശേഷമാണ് 40 പേരിലേക്ക് പട്ടിക ചുരുങ്ങിയത്.

58 വയസ്സുകാരനായ എറിക്‌സൺ ആറ് വർഷത്തിലധികം സ്വീഡൻ അണ്ടർ-21 ടീമിനെ പരിശീലിപ്പിച്ചതിന് പുറമെ കുറച്ചുകാലം സ്വീഡൻ ദേശീയ ടീമിനേയും പരിശീലിപ്പിച്ചിട്ടുണ്ട്.

സ്‌പെയിൻകാരനായ റോക്ക 2016ൽ ബെംഗളൂരു എഫ് സിയെ ചുരുങ്ങിയ മാസങ്ങൾ കൊണ്ട് എ എഫ് സി കപ്പിന്റെ ഫൈനലിലെത്തിക്കുകയും സൂപ്പർ കപ്പിലും ഫെഡറേഷൻ കപ്പിലും ജേതാക്കളാക്കുകയും ചെയ്ത് മികവ് തെളിയിച്ചിരുന്നു. ഇതോടൊപ്പം 2018ലെ ഐ എസ് എല്ലിൽ ടീമിനെ റണ്ണറപ്പാക്കിയതും അദ്ദേഹത്തിന്റെ പരിശീലന മികവായിരുന്നു. 56 കാരനായ റോക്കക്ക് ബാഴ്‌സലോണയുടെ അസി. കോച്ചായും തുർക്കിഷ് ക്ലബ്ബായ ഗലാറ്റ്‌സറായിയുടേയും സഊദി അറേബ്യൻ ദേശീയ ടീമിന്റേയും സപ്പോർട്ടിങ്ങ് സ്റ്റാഫായി പ്രവർത്തിച്ച പരിചയവുമുണ്ട്.

1998ലെ ഫ്രാൻസ് ലോകകപ്പിൽ ദക്ഷിണ കൊറിയയെ പ്രതിനിധീകരിക്കുകയും 2002ൽ ടീമിനെ വിജയകരമായി സെമി ഫൈനലിലെത്തിക്കുകയും ചെയ്ത സംഘത്തിലംഗമാണ് ലീ മിൻ സങ്. ബസാൻ ഐകൻസ്, പൊഹാങ് സ്റ്റീലേഴ്‌സ്, എഫ് സി സിയുൾ എന്നീ ദക്ഷിണ കൊറിയൻ പ്രൊഫഷണൽ ക്ലബ്ബുകൾക്കായി ഇദ്ദേഹം വർഷങ്ങളോളം പ്രതിരോധം തീർത്തിട്ടുമുണ്ട്.

ക്രോയേഷ്യൻ ക്ലബുകളായ ഹജ്ദൂക്, സിബാലിയ, സാഗ്രബ്, സദെർ എന്നൂ ക്ലബുകളെയും ഇറാനിയൻ ക്ലബായ സെപഹാനെയും ഖത്വർ ക്ലബായ അൽ ശഹാനിയെയും പരിശീലിപ്പിച്ച സ്റ്റിമാക്ക് 2012-13 കാലത്ത് ക്രൊയേഷ്യൻ ദേശീയ ടീമിലും കോച്ചായി വർത്തിച്ചിട്ടുണ്ട്.

സാമ്പത്തിക ചെലവും ഏഷ്യൻ ഫുട്‌ബോളുമായുള്ള മുൻ പരിചയവും താഴെക്കിടയിൽ നിന്നും ഫുട്‌ബോളിനെ വളർത്തിയെടുക്കാനുള്ള കഴിവുമെല്ലാം പുതിയ കോച്ചിനെ നിയമിക്കുമ്പോൾ പരിഗണിക്കും.

Latest