Connect with us

Editorial

കര്‍ഷകരുടെ വിജയം; ക്യാമ്പയിനുകളുടെയും

Published

|

Last Updated

ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോക്കെതിരെ കര്‍ഷകരുടെ പ്രതിരോധവും പ്രതിഷേധവും വിജയം കണ്ടിരിക്കുകയാണ്. ജങ്ക് ഫുഡായ ലെയ്‌സ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന തരത്തിലുള്ള പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കര്‍ഷകര്‍ക്കെതിരെ പെപ്‌സികോ നല്‍കിയ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് കമ്പനിയുടെ ഔദാര്യമോ സ്വമേധയാ ഉള്ള നടപടിയോ അല്ല. കര്‍ഷകരും അവരെ സ്‌നേഹിക്കുന്നവരും നിരവധിയായ ആക്ടിവിസ്റ്റുകളും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിക്കുകയും ബഹിഷ്‌കരണമടക്കമുള്ള പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധി മുന്നില്‍ കണ്ട്, നില്‍ക്കക്കള്ളിയില്ലാതെയാണ് കമ്പനി കേസില്‍ നിന്ന് പിന്‍മാറിയത്. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് പെപ്‌സികോ ഇന്ത്യയുടെ വക്താവ് അറിയിച്ചത്.

പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ച് കൃഷിയിറക്കിയ, ഗുജറാത്തിലെ സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ നാല് കര്‍ഷകര്‍ക്കെതിരെയാണ് കമ്പനി കേസ് കൊടുത്തത്. തങ്ങളുടെ അനുമതിയില്ലാതെ ഇത്തരം കൃഷി ഇറക്കിയ ഒരോ കര്‍ഷകനും ഒന്നര കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു പെപ്‌സികോയുടെ ആവശ്യം.

ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ലെയ്‌സും പെപ്‌സികോയുടെ മറ്റ് ഉത്പന്നങ്ങളും ബഹിഷ്‌കരിക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ ക്യാമ്പയിന്‍ നടന്നു. കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് നൂറുകണക്കിന് കര്‍ഷകരും ശാസ്ത്രജ്ഞന്‍മാരും ആക്ടിവിസ്റ്റുകളും യൂനിയനുകളും രംഗത്തെത്തി. എഫ് എല്‍ 2027 വിഭാഗം ഉരുളക്കിഴങ്ങാണ് ലെയ്‌സ് ഉണ്ടാക്കുന്നതിനായി പെപ്‌സികോ ഉപയോഗിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി 2009ല്‍ ഇന്ത്യയിലാണ് എഫ് സി 5 ട്രേഡ്മാര്‍ക്കില്‍ ഉത്പാദനം ആരംഭിച്ചത്. പഞ്ചാബിലെ കര്‍ഷകരെ ഉപയോഗിച്ചാണ് കമ്പനി ഉത്പാദനം തുടങ്ങിയത്. ഈ ഇനം ഉരുളക്കിഴങ്ങ് കൃഷിയില്‍ തങ്ങള്‍ക്ക് പേറ്റന്റ് ഉണ്ടെന്നും മറ്റുള്ളവര്‍ ഇത് കൃഷി ചെയ്യുന്നത് ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെ ലംഘനമാണെന്നും കമ്പനി വാദിക്കുന്നു. ഒളിക്യാമറ വെച്ച് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്തിലെ കര്‍ഷകര്‍ ഈ ഇനം ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ കണ്ടെത്തിയത്.

അതോടെ അവര്‍ ദൃശ്യങ്ങള്‍ സഹിതം കോടതിയില്‍ പോയി. നാല് കര്‍ഷകരും 1.5 കോടി വീതം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. ഭാവിയില്‍ ഈ ഇനം ഉരുളക്കിഴങ്ങ് തങ്ങളല്ലാതെ മറ്റാരും കൃഷി ചെയ്യാനും പാടില്ലെന്ന് വിധിക്കണമെന്നും ഹരജിയില്‍ കമ്പനി ആവശ്യപ്പെട്ടു. കര്‍ഷകരുടെ വാദം പോലും കേള്‍ക്കാതെ അഹമ്മദാബാദിലെ വാണിജ്യ കോടതി കമ്പനിക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. ഉരുളക്കിഴങ്ങ് കൃഷി തത്കാലം നിര്‍ത്തിവെക്കാനാണ് ജഡ്ജി ഉത്തരവിട്ടത്. ഇതോടെ കര്‍ഷകര്‍ നിയമക്കുരുക്കില്‍ അകപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. ഇത് ഉരുളക്കിഴങ്ങില്‍ നില്‍ക്കില്ലെന്നും മറ്റ് വിളകളിലേക്ക് കൂടി കമ്പനികളുടെ അവകാശവാദം നീളുമെന്നും കര്‍ഷക സംഘടനകള്‍ക്ക് ബോധ്യപ്പെട്ടു. കോളക്കമ്പനികള്‍ ജലമൂറ്റാന്‍ വന്നപ്പോള്‍ തൊഴില്‍ ലഭ്യതയുടെയും വികസനത്തിന്റെയും പഞ്ചാര വാക്കുകളായിരുന്നുവല്ലോ പറഞ്ഞിരുന്നത്. പിന്നീട് നാട്ടിലെ ഒരു നിയമത്തിനും അവരെ നിയന്ത്രിക്കാനായില്ലെന്നതും ചരിത്രമാണ്. ഒടുവില്‍ കേരളത്തിലടക്കം ഐതിഹാസിക സമരങ്ങള്‍ വേണ്ടി വന്നു അവയെ കെട്ടുകെട്ടിക്കാന്‍.

ഉരുളക്കിഴങ്ങ് വിഷയത്തില്‍ അത്തരമൊരു സമരത്തിനാണ് ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. സി പി എമ്മിന്റെ ആള്‍ ഇന്ത്യ കിസാന്‍ സഭ അടക്കമുള്ളവ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ആര്‍ എസ് എസിന്റെ ഭാരതീയ കിസാന്‍ സംഘ് (ബി കെ എസ്), ഗുജറാത്ത് ഖേദത് സമാജ്, ജതന്‍ ട്രസ്റ്റ് അടക്കമുള്ള സംഘടനകള്‍ ഈ പ്രശ്‌നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

നിയമപരമായ ഇടപെടലുകളും പല ഭാഗത്ത് നിന്നും വന്നു. 2001ലെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ടിന്റെ ലംഘനമാണ് കമ്പനിയുടെ നിലപാടെന്ന് വിവിധ ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഇതിനിടെയാണ് വിവിധ സംഘടനകള്‍ ലെയ്‌സും പെപ്‌സികോ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്. ഇത് കമ്പനിയെ ശരിക്കും ഞെട്ടിച്ചു. ന്യൂയോര്‍ക്കിലെ പെപ്‌സികോ ആസ്ഥാനത്ത് ചര്‍ച്ച നടന്നു. എങ്ങനെയെങ്കിലും പ്രശ്‌നം പരിഹരിക്കണമെന്ന് ദുബൈയിലെ ഏഷ്യാ പെസഫിക് ഓഫീസിനോട് നിര്‍ദേശിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കേസ് പിന്‍വലിക്കാന്‍ കമ്പനി തയ്യാറായിരിക്കുന്നത്.

അതോടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നുവെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. തത്കാലം പിടിച്ചു നില്‍ക്കാനുള്ള മാര്‍ഗം മാത്രമാണ് ഈ പിന്‍വാങ്ങല്‍. സര്‍ക്കാറിന്റെ കൂടി പിന്തുണയോടെ അവര്‍ പുതിയ തന്ത്രവുമായി വരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി തവണ കര്‍ഷകര്‍ക്ക് ലോംഗ് മാര്‍ച്ചുമായി തെരുവിലിറങ്ങേണ്ടി വന്നിട്ടുണ്ട്. വന്‍കിടക്കാരെ സഹായിക്കുന്ന സര്‍ക്കാറിന്റെ നയമാണ് കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്നത്. അതുകൊണ്ട് പൗരസമൂഹത്തിന്റെ ശക്തമായ ജാഗ്രത അനിവാര്യമായ ഘട്ടമാണിത്. കര്‍ഷകര്‍ അന്നദാതാക്കളാണ്. അവര്‍ വിത്തിനങ്ങളുടെ കാവല്‍ക്കാരാണ്.

Latest