Connect with us

International

മസ്ഊദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനായത് അമേരിക്കയുടെ നയതന്ത്ര വിജയം: മൈക്ക് പോംപിയോ

Published

|

Last Updated

വാഷിംഗ്ടണ്‍: ജയ്ഷ്വ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ടത് അമേരിക്കയുടെ നയതന്ത്ര വിജയമാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. “സാങ്കേതിക വാദങ്ങള്‍ ഉന്നയിച്ചുള്ള ചൈനയുടെ വാദങ്ങളും നിലപാടുകളുമാണ് മസ്ഹൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമായിരുന്നത്. എന്നാല്‍ തുടര്‍ച്ചയായ നയതന്ത്ര ഇടപെടലുകളിലൂടെ ചൈനയെക്കൊണ്ട് അനുകൂല നിലപാടെടുപ്പിക്കാന്‍ കഴിഞ്ഞു.”-ട്വിറ്ററില്‍ നല്‍കിയ കുറിപ്പില്‍ പോംപിയോ പറഞ്ഞു.

മസ്ഊദ് അസ്ഹറുമായി ബന്ധപ്പെട്ട വസ്തുതകളും വിവരങ്ങളും ബോധ്യപ്പെട്ടതോടെ തടസ്സവാദങ്ങളില്‍ നിന്ന് ചൈന പിന്മാറുകയും മസ്ഊദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുകയുമായിരുന്നു.
മസ്ഊദിന്റെ വിഷയത്തില്‍ പിന്തുണയും സഹകരണവും നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് പോംപിയോ പറഞ്ഞു. അമേരിക്കന്‍ നയതന്ത്ര ഇടപെടലുകളുടെ മാത്രമല്ല, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലകൊള്ളുകയും നടപടികളെടുക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ കൂടി വിജയമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാനുള്ള നീക്കങ്ങളിലെ നിര്‍ണായക പ്രാധാന്യമുള്ള കാല്‍വെപ്പു കൂടിയാണിതെന്നും പോംപിയോ വ്യക്തമാക്കി.