Connect with us

National

'വൈകിയാണ് എഴുന്നേറ്റത്, അതുകൊണ്ട് ഒന്നുമറിഞ്ഞില്ല'; വിചിത്ര പ്രതികരണവുമായി മൂണ്‍ മൂണ്‍ സെന്‍

Published

|

Last Updated

ന്യൂഡല്‍ഹി: “ഞാന്‍ വൈകിയാണ് എഴുന്നേറ്റത്. അതുകൊണ്ട് നടന്ന സംഭവങ്ങളെ കുറിച്ച് എനിക്ക് ഒന്നുമറിയില്ല. പിന്നെ ഞാനെന്തു പറയാനാണ്.” പശ്ചിമ ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തിലെ 199ാം നമ്പര്‍ മണ്ഡലത്തിലുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ചലച്ചിത്ര നടിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ മൂണ്‍ മൂണ്‍ സെന്‍ നല്‍കിയ മറുപടിയാണിത്.

ബൂത്തില്‍ അതിക്രമിച്ചു കയറി ഒരു ബൂത്ത് ഏജന്റിനെയും ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയാകുകയും ചെയ്ത കേന്ദ്ര മന്ത്രിയും മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയുമായ ബാബുല്‍ സുപ്രിയോക്കെതിരെയാണ് മൂണ്‍ മൂണ്‍ മത്സരിക്കുന്നത്. സുപ്രിയോക്കെതിരെ കേസെടുക്കാന്‍ പോലീസിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ സുപ്രിയോ ആരോപണം ഉന്നയിച്ചിരുന്നു. സുപ്രിയോയുടെ ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേരു തന്നെ തനിക്കു കേള്‍ക്കേണ്ടെന്നും നിങ്ങളാ പേരു പറഞ്ഞാല്‍ ഞാന്‍ സംസാരം ഇവിടെ വെച്ചു നിര്‍ത്തുമെന്നും മൂണ്‍ മൂണ്‍ പറഞ്ഞു.

Latest