Connect with us

National

4500 നവജാത ശിശുക്കളെ വില്‍പ്പന നടത്തിയ നഴ്‌സും ഭര്‍ത്താവും ചെന്നൈയില്‍ പിടിയില്‍

Published

|

Last Updated

ചെന്നൈ: നവജാത ശിശുക്കളെ വില്‍പ്പന നടത്തിവന്ന മുന്‍ നഴ്‌സും ഭര്‍ത്താവും പിടിയില്‍. ചെന്നൈയിലെ രാസിപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ മുന്‍ നഴസ് അമുദ ഇവരുടെ ഭര്‍ത്താവ് രവി ചന്ദ്രന്‍ എന്നിവരെയാണ് നാമക്കല്‍ പോലീസ് പിടികൂടിയത്. അമുദയും ഇടപാടുകാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ പിടിയിലായത്.

വെളുത്ത കുഞ്ഞിനെ വേണോ കറുത്ത കുഞ്ഞിനെ വേണോ, ആണ്‍കുഞ്ഞിനെ വേണോ പെണ്‍കുഞ്ഞിനെ വേണോ, തൂക്കം എത്ര വേണം തുടങ്ങിയ കാര്യങ്ങള്‍ അമുദ ഇടപാടുകാരനോട് ചോദിക്കുന്നത് സംഭാഷണങ്ങളിലുണ്ടായിരുന്നു. ദരിദ്ര മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍, അവിവാഹിതരായ ഗര്‍ഭിണികളുടെ കുട്ടികള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകളുടെ കുട്ടികള്‍ എന്നിവരെയാണ് ഇവര്‍ പ്രധാനമായും വില്‍പ്പന നടത്തിവന്നത്. പെണ്‍കുഞ്ഞാണെങ്കില്‍ രണ്ടര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരേയും ആണ്‍കുഞ്ഞാണെങ്കില്‍ നാല് മുതല്‍ നാലരലക്ഷം വരേയുമായിരുന്നു ഇടപാടുകാരില്‍നിന്നും ഇവര്‍ വാങ്ങിയിരുന്നത്. വെളുത്ത കുട്ടികള്‍ക്ക് കൂടുതല്‍ തുക ഈടാക്കിയിരുന്നു. കുട്ടികളെ നല്‍കുമ്പോള്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റും നല്‍കും. ഇതിന് 70,000രൂപയാണ് ഈടാക്കിയിരുന്നത്. അമുദ ഇതുവരെ 4500 കുട്ടികളെ വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞ് നഴിസിങ് ജോലിയില്‍നിന്ന് ഇവര്‍ ഏഴ് വര്‍ഷം മുമ്പാണ് വിരമിച്ചത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.