Connect with us

Ongoing News

കൊമ്പുകോര്‍ത്ത്‌ മോദിയും മമതയും

Published

|

Last Updated

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിലുള്ള വാക്‌പോര് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതുകൊണ്ടുതന്നെ അവർ തമ്മിലുള്ള വാക് പയറ്റിന് തിരഞ്ഞെടുപ്പ് കാലത്തും കുറവില്ല. അധികാരത്തിലെത്താൻ മമതാ ബാനർജി ഗുണ്ടകളുടെ സഹായം തേടുന്നുവെന്നാണ് മോദിയുടെ ആരോപണം.

അതേ നാണയത്തിൽ തിരിച്ചടിക്കാൻ മമതക്ക് ഒട്ടും സാവകാശം വേണ്ടിവന്നില്ല. നോട്ട് അസാധുവാക്കൽ കാലത്ത് വലിയ അളവിൽ വെളുപ്പിച്ചെടുത്ത കള്ളപ്പണം ഇപ്പോൾ വോട്ട് വാങ്ങാൻ മോദി ഉപയോഗിക്കുകയാണെന്നാണ് മമതയുടെ മറുപടി.

മൂന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ മോദി പറയുന്നത്, പശ്ചിമ ബംഗാളിൽ മമതയുടെ സൂര്യൻ അസ്തമിക്കാറായി എന്നാണ്. അധികാരത്തിലെത്താൻ ഗുണ്ടകളുടെ സഹായമാണ് അവർക്കുള്ളതെങ്കിൽ ബി ജെ പിക്ക് ജനാധിപത്യത്തിന്റെ പിന്തുണയാണുള്ളത്. ഇരുപതോ ഇരുപത്തഞ്ചോ സീറ്റുകളിൽ മത്സരിക്കുന്ന പാർട്ടിയുടെ നേതാക്കൾക്കും ആഗ്രഹം പ്രധാനമന്ത്രിയാകണമെന്നാണെന്നും മമതയെ ലക്ഷ്യമിട്ടുകൊണ്ട് മോദി പരിഹസിച്ചു.

ജനങ്ങളുടെ മേൽ നോട്ട് നിരോധനം അടിച്ചേൽപ്പിച്ച നടപടിയിൽ ഊന്നിയായിരുന്നു മമതയുടെ മറുപടി. ഇക്കാലത്ത് വെളുപ്പിച്ചുവെച്ച കള്ളപ്പണമത്രയും ഉപയോഗിച്ച് ഇപ്പോൾ വോട്ട് വാങ്ങുകയാണ് മോദി ചെയ്യുന്നതെന്ന് മമത പറഞ്ഞു. പക്ഷേ, നിങ്ങൾക്ക് ബംഗാളിലെ വോട്ട് ഇങ്ങനെ പണം കൊ ടുത്ത് വാങ്ങാൻ പറ്റില്ല. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്ക് മോദി മദ്യ ലൈസൻസ് അനുവദിച്ചു. ഇക്കാര്യം സംസ്ഥാന സർക്കാർ ഉടൻ പുറത്തുകൊണ്ടുവരുമെന്നും മമത വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലാണ് ഇന്നലെ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തത്.
ഹൂഗ്ലി ജില്ലയിലായിരുന്നു മമതാ ബാനർജിയുടെ പ്രസംഗം.

Latest