Kerala
എൽ ഡി എഫിന് 14 സീറ്റെന്ന് സംസ്ഥാന ഇന്റലിജൻസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണി വൻ ഭൂരിപക്ഷം നേടുമെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരശേഖരണം അനുസരിച്ച് എൽ ഡി എഫിന് 14 സീറ്റുകളും യു ഡി എഫിന് ആറ് സീറ്റുകളും ലഭിക്കുമെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ചാലക്കുടി, ആലത്തൂർ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ എൽ ഡി എഫ് മുന്നിലെത്തുമെന്നാണ് വിലയിരുത്തൽ. കോട്ടയം, തൃശൂർ, മലപ്പുറം, വയനാട്, ഇടുക്കി, മാവേലിക്കര മണ്ഡലങ്ങളിൽ യു ഡി എഫ് മുന്നിലെത്തുമെന്നും രഹസ്യാന്വേഷണ റിപ്പോർട്ട് പറയുന്നു. സംസ്ഥാനത്ത് ഇത്തവണയും ബി ജെ പി അക്കൗണ്ട് തുറക്കില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാറിനെതിരായ വികാരം നിലവിലില്ലെന്നും മതനിരപേക്ഷതയിൽ ഊന്നിയുള്ള ഇടതുപക്ഷം എന്ന നിലയിൽ സർക്കാറിന് അനുകൂലമായ വികാരമാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എറണാകുളം, വടകര മണ്ഡലങ്ങളിൽ കടുത്ത മത്സരത്തിനൊടുവിലാകും എൽ ഡി എഫ് വിജയിക്കുകയെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പറയുന്നു.
അതേസമയം, യു ഡി എഫിന് മുൻതൂക്കമുണ്ടാകുമെന്നും തിരുവനന്തപുരത്തും പത്തനംതിട്ടയും ബി ജെ പി വിജയിക്കുമെന്നുമുള്ള വിലയിരുത്തലാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ(ഐ ബി)ക്ക്. എൽ ഡി എഫ് നാല് സീറ്റുകളിൽ ഒതുങ്ങുമെന്ന വിലയിരുത്തലും ഐ ബി നടത്തുന്നു.
ആറ്റിങ്ങൽ, ആലപ്പുഴ, പാലക്കാട്, കാസർകോട് മണ്ഡലങ്ങൾ എൽ ഡി എഫ് നേടുമെന്നാണ് ഐ ബി റിപ്പോർട്ട്. തിരുവനന്തപുരവും പത്തനംതിട്ടയുമൊഴികെയുള്ള ബാക്കി 14 മണ്ഡലങ്ങളും യു ഡി എഫിന് ലഭിക്കും. എന്നാൽ രാഹുൽ ഗാന്ധിക്ക് ഏറ്റവും കൂടിയ ഭൂരിപക്ഷം ലഭിക്കില്ലെന്ന നിഗമനവും ഐ ബി പങ്കുവെക്കുന്നു.
കേരളത്തിൽ എല്ലാ പ്രവചനങ്ങൾക്കും അതീതമായി കൂടുതൽ സീറ്റുകൾ എൻ ഡി എ നേടുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് പുറത്തു വന്നിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം മണ്ഡലങ്ങളിൽ എൻ ഡി എ വിജയിക്കുമെന്ന നിഗമനമാണ് അന്ന് ഐ ബി നടത്തിയത്.