ശ്രീലങ്കന്‍ സ്‌ഫോടനം: ഒന്‍പത് ചാവേറുകളില്‍ എട്ട് പേരെ തിരിച്ചറിഞ്ഞു; ഒരാള്‍ പഠിച്ചത് യുകെയില്‍

Posted on: April 24, 2019 4:05 pm | Last updated: April 24, 2019 at 7:55 pm

കൊളംബോ: ശ്രീലങ്കയെ ഞെട്ടിച്ച സ്‌ഫോടന പരമ്പര നടത്തിയ ഒന്‍പത് ചാവേറുകളില്‍ എട്ട് പേരെ തിരിച്ചറിഞ്ഞു. ചാവേറുകള്‍ എല്ലാവരും നല്ല വിദ്യാഭ്യാസം ഉള്ളവരാണെന്നും ഒരാള്‍ ബ്രിട്ടനിലാണ് പഠിച്ചതെന്നും ശ്രീലങ്കന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ചാവേറില്‍ ഒരാള്‍ സ്ത്രീയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരും ശ്രീലങ്കന്‍ സ്വദേശികള്‍ ആണെന്നും വിദേശികള്‍ ആരും ഇവരില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ചാവേറുകള്‍ എല്ലാവരും നല്ല വിദ്യാഭ്യാസമുള്ളവരും ഇടത്തരം കുടുംബങ്ങളില്‍പെട്ടവരുമാണെന്ന് ശ്രീലങ്കന്‍ ഉപ പ്രതിരോധ മന്ത്രി റുവാന്‍ വിജയവര്‍ധന വ്യക്തമാക്കി. ഇവരില്‍ ഒരാള്‍ ബ്രിട്ടനിലാണ് പഠിച്ചത്. പിന്നീട് ആസ്‌ത്രേലിയയില്‍ നിന്ന് പോസ്റ്റ് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ശ്രീലങ്കയില്‍ തിരിച്ചെത്തുകയായിരുന്നു. ചാവേറുകളുടെ കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിയിലാണെന്നും വിജയവര്‍ധനെ പറഞ്ഞു.

രണ്ട് ചാവേറുകള്‍ സഹോദരങ്ങളാണ്. ഇവര്‍ കൊളംബോയിലെ അറിയപ്പെട്ട സുഗന്ധവ്യജ്ഞന വ്യപാരിയുടെ മക്കളാണ്. ഷാന്‍ഗ്രി-ലാ, സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടലുകളിലാണ് ഇവര്‍ ആക്രമണം നടത്തിയത്. ചാവേറുകള്‍ക്ക് പ്രദേശവാസികളുമായി ബന്ധമുണ്ടോ എന്നകാര്യവും പരിശോധിച്ചുവരികയാണ്. ഐഎസുമായി ഇവര്‍ക്കുള്ള ബന്ധവും പരിശോധിക്കുന്നുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

സഫോടനം നടത്താന്‍ ചാവേറുകള്‍ക്ക് മികച്ച പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 60 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നാണ് കരുതുന്നത്.

അതിനിടെ, സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 359 ആയി ഉയര്‍ന്നു. 500ല്‍ അധികം ആളുകള്‍ പരുക്കേറ്റ് ചികിത്സയിലാണ്.