Connect with us

Ongoing News

പോൾ ചെയ്ത വോട്ട് ഒന്ന്; പോളിംഗ് ശതമാനം നൂറ്

Published

|

Last Updated

വോട്ട് ചെയ്ത ശേഷം ഭാരത്ദാസ് ദർശൻദാസ്

അഹമ്മദാബാദ്: ഈ ബൂത്തിൽ ഇന്നലെ നൂറ് ശതമാനമായിരുന്നു പോളിംഗ്. വോട്ടെടുപ്പ് ആരംഭിച്ച് നിമിഷങ്ങൾക്കകം അത് അവസാനിക്കുകയും ചെയ്തു. ഗുജറാത്തിലെ ഗിർ വനത്തിലാണ് ഈ ബൂത്ത്. ഭാരത്ദാസ് ദർശൻദാസ് എന്ന വൃദ്ധൻ മാത്രമാണ് ഈ ബൂത്തിലെ ആകെയുള്ള വോട്ടർ. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ നാല് ലോക്‌സഭാ തിരഞ്ഞെടുപ്പിലും രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ദർശൻദാസ് ഇങ്ങനെ വോട്ട് ചെയ്തിരുന്നു. ഈ ഒരൊറ്റ വോട്ടർക്ക് വേണ്ടി ബൂത്തൊരുക്കാൻ 55 കിലോമീറ്റർ വനത്തിനുള്ളിലൂടെ സഞ്ചരിച്ചാണ് ഉദ്യോഗസ്ഥരെത്തിയത്. വോട്ടറുടെ രണ്ട് കിലോമീറ്റർ പരിധിയിൽ ബൂത്ത് ഒരുക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനമാണ് കാലങ്ങളായി ഈ പതിവ് തുടരാൻ കാരണമായത്.

ബനേജ് തീർഥം എന്ന സ്ഥലത്താണ് ദർശൻദാസ് കഴിയുന്നത്. ഇവിടുത്തെ പുരാതന ശിവ ക്ഷേത്രത്തിലെ പൂജാരികൂടിയാണ് ഇദ്ദേഹം. ബനേജിലെ ഫോറസ്റ്റ് ഓഫീസിലാണ് അധികൃതർ ഇക്കുറിയും ബൂത്ത് ഒരുക്കിയത്. ജുനഗദ് മണ്ഡലത്തിലാണ് ഈ വി ഐ പി ബൂത്ത്. എന്നാൽ, തന്നെ തേടി സ്ഥാനാർഥികളാരും ബനേജിയിലേക്ക് എത്തിയിട്ടില്ലെന്ന പരാതിയും ദർശൻദാസിനുണ്ട്.

അഞ്ച് പോളിംഗ് ഉദ്യോഗസ്ഥരാണ് ദർശൻദാസിന് വേണ്ടി ബനേജിയിലെത്തിയത്. ഏഷ്യാറ്റിക്ക് സിംഹങ്ങളുടെ വാസസ്ഥാനത്തിന് പേരുകേട്ട ഗിർ വനത്തിനുള്ളിലെ ബൂത്തിലേക്ക് പേടിയോടെയാണ് ഇവരെത്തിയത്. രാജസ്ഥാനിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദർശൻദാസ് ബനേജിലെത്തിയിട്ട് 12 വർഷങ്ങളായി.

മൂന്ന് പേർക്കൊപ്പമാണ് ദർശൻദാസ് ഗിർ വനത്തിലെ താമസമെങ്കിലും അവർക്കാർക്കും തന്നെ അവിടെ സമ്മദിദാന അവകാശമില്ല. ആദ്യകാലത്ത് ഭാരത് ദാസ് അടക്കം 42 പേർക്കാണ് ഈ പോളിംഗ് ബൂത്തിൽ വോട്ടവകാശം ഉണ്ടായിരുന്നത്. ക്രമേണ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ വരവ് വനനിയമങ്ങൾ കാരണം കുറഞ്ഞതോടെ എല്ലാവരും പ്രദേശം വിട്ടൊഴിഞ്ഞതോടെയാണ് ഭാരത് ദാസിന് ഈ ഭാഗ്യം കൈവന്നത്.