Connect with us

Gulf

ദുബൈ ഗ്ലോബല്‍ വില്ലേജ് ഇന്റര്‍നാഷണല്‍ മീഡിയ അവാര്‍ഡ് സിറാജിന്

Published

|

Last Updated

അറബ് മീഡിയ ഗ്രൂപ്പ് സി ഇ ഒ മുഹമ്മദ് ഷറാഫില്‍ നിന്ന് ഫൈസല്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

ദുബൈ: ദുബൈ ഗവണ്മെന്റിന്റെ ഗ്ലോബല്‍ വില്ലേജ് സീസണ്‍ 23ലെ ഇന്റര്‍നാഷണല്‍ മീഡിയ അവാര്‍ഡ് സിറാജ് ഗള്‍ഫ് സബ് എഡിറ്റര്‍ ഫൈസല്‍ ചെന്ത്രാപ്പിന്നിക്ക്. ബെസ്റ്റ് ആര്‍ട്ടിക്കിള്‍ ഇന്‍ ഏഷ്യന്‍ ന്യൂസ്പേപ്പേഴ്സ് വിഭാഗത്തിലാണ് പുരസ്‌കാരഠ. ഫൈസല്‍ സിറാജ് ഞായറാഴ്ചയില്‍ തയ്യാറാക്കിയ “വിസ്മയ ച്ചെപ്പൊരുക്കി ആഗോള ഗ്രാമം” എന്ന ഫീച്ചറാണ് പുരസ്‌കാരത്തിനര്‍ഹമായത്്.

ദുബൈ ജുമൈറ ബീച്ച് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തില്‍ അറബ് മീഡിയ ഗ്രൂപ്പ് സി ഇ ഒ മുഹമ്മദ് ഷറാഫില്‍ നിന്ന് ഫൈസല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. എണ്ണായിരം ദിര്‍ഹത്തിന് തുല്യമായ സ്വര്‍ണ പതക്കമാണ് സമ്മാനം.

ആറു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ ലോകരാജ്യങ്ങളില്‍ നിന്ന് പവലിയനുകളുണ്ട്. വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക, വിനോദ പരിപാടികളാണ് അരങ്ങേറുന്നത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ആഗോള ഗ്രാമത്തിന്റെ കാഴ്ചകളും വിശേഷങ്ങളും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇവയില്‍ നിന്നാണ് മികച്ചവ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ 13ന് അവസാനിച്ച ഗ്ലോബല്‍ വില്ലേജ് 23-ാമത് സീസണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 70 ലക്ഷം പേരാണ് സന്ദര്‍ശകരായി എത്തിയത്.

ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സിറാജിന് ഗ്ലോബല്‍ വില്ലേജ് അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനിച്ച സീസണില്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ് തയ്യാറാക്കിയ ഫീച്ചറിന് ഇതേ വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രൗഢ സദസിലായിരുന്നു പുരസ്‌കാര വിതരണം.

മികച്ച മാധ്യമ പ്രവര്‍ത്തനത്തിന് ദുബൈ ഹെല്‍ത് അതോറിറ്റി (ഡി എച്ച് എ), ഷാര്‍ജ പോലീസ് എന്നീ വകുപ്പുകളുടെ ആദരം ഫൈസലിനെ തേടിയെത്തിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നി സ്വദേശികളായ അറക്കല്‍ കുഞ്ഞി മുഹമ്മദ്-നഫീസ ദമ്പതികളുടെ മകനാണ്. റഹീനയാണ് ഭാര്യ. ഫാത്തിമ ബത്തൂല്‍, ഹന്നത്ത്, മുഹമ്മദ് എന്നിവരാണ് മക്കള്‍. ഏക സഹോദരന്‍ ഷബീറലി.

---- facebook comment plugin here -----

Latest