Connect with us

Articles

വി വി പാറ്റ്: പ്രതിപക്ഷ ആശങ്കകള്‍ അസ്ഥാനത്തല്ല

Published

|

Last Updated

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അവിശ്വസിക്കപ്പെട്ടു തുടങ്ങിയത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതലാണ്. ഇപ്പോള്‍ രാജ്യം ഒരു പൊതു തിരഞ്ഞെടുപ്പിലൂടെ മുന്നേറുമ്പോഴും പരാതികള്‍ക്ക് പരിഹാരമായിട്ടില്ല. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സംബന്ധമായ പരാതികള്‍. മറ്റു പാര്‍ട്ടികള്‍ക്ക് ചെയ്യുന്ന വോട്ടുകള്‍ ബി ജെ പിക്ക് ലഭിക്കുന്നു എന്നതാണ് പരാതിയുടെ അടിസ്ഥാനം. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് തള്ളിക്കളയുകയായിരുന്നു. മാത്രമല്ല ഇത്തരം പരാതികള്‍ ഉന്നയിക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് അത്തരം ആരോപണങ്ങള്‍ ഉയരുന്നത് മുളയിലെ തടയുക എന്നതുകൂടി ചെയ്തു കമ്മീഷന്‍. ഈ ആരോപണങ്ങള്‍ വര്‍ധിച്ചപ്പോഴാണ് വോട്ടിംഗ് മെഷീനിന്റെ സുതാര്യത ഉറപ്പുവരുത്താനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി വി പാറ്റ് യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലായിടത്തും വി വി പാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്.

എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷവും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ നിയമപോരാട്ടം നടത്തുന്നത് എത്രമാത്രം വി വി പാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന കാര്യത്തിലാണ്. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടുന്നത് 50 ശതമാനം വി വി പാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നാണ്. ഒരു ശതമാനം വി വി പാറ്റുകള്‍ എണ്ണാമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. എന്നാല്‍ ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വി വി പാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നാണ് ഇത് സംബന്ധമായി സുപ്രീം കോടതി ഉത്തരവ് നല്‍കിയിരിക്കുന്നത്. 50 ശതമാനം എന്ന ആവശ്യത്തിലുറച്ച് വീണ്ടും കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ കക്ഷികള്‍. ഒന്നാംഘട്ട തിരഞ്ഞെടുപ്പിനുശേഷം പലയിടത്തും വോട്ടുകള്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചുവെന്ന പരാതി ഉയര്‍ന്നതും ഇതിന് ബലമേകിയിട്ടുണ്ട്. യു പിയിലെ മുസാഫര്‍ നഗര്‍, ബിജ്‌നോര്‍ എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ ഇത്തരം പരാതികളുമായി രംഗത്ത് വന്നതായാണ് വാര്‍ത്തകള്‍.

വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച പരാതികള്‍ക്ക് പുറമേയാണ് ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ആരോപണവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നത്. ത്രിപുരയിലെ 464 പോളിംഗ് ബൂത്തുകളില്‍ കൃത്രിമം നടന്നതായും വോട്ട് ചെയ്യാനെത്തിയവരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും യെച്ചൂരി പറയുന്നു. മാത്രമല്ല ആന്ധ്രയില്‍ വോട്ടിംഗ് യന്ത്ര തകരാര്‍ കാരണം വോട്ടിംഗ് വൈകിയതും തെളിയിക്കുന്നത് ഇന്ത്യയില്‍ വിശ്വസനീയമായ തിരഞ്ഞെടുപ്പിന്റെ കാലം അവസാനിച്ചുവെന്ന് തന്നെയാണ്.

രസകരമായ വസ്തുത, വോട്ടിംഗ് മെഷീന്‍ ഒരിക്കലും ഹാക്ക് ചെയ്യാനോ മറ്റ് കൃത്രിമങ്ങള്‍ നടത്താനോ കഴിയില്ലെന്ന് പറയുന്ന കമ്മീഷന്‍ തന്നെയാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിനോട് വി വി പാറ്റുകള്‍ ചേര്‍ക്കുന്നത്. വോട്ടിംഗ് മെഷീനിനെ ഒരിക്കലും വിശ്വസിക്കരുതെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഇതിലൂടെ കമ്മീഷന്‍ ചെയ്യുന്നത്. ഒരിക്കലും കൃത്രിമം നടത്താന്‍ കഴിയില്ലെന്ന് അവകാശപ്പെട്ട വോട്ടിംഗ് മെഷീനിന് പിന്‍ബലമേകാനായി കൊണ്ടുവന്ന വി വി പാറ്റും വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ ഇങ്ങനെയൊക്കെ പരാതികള്‍ ഉയരുകയും രാജ്യത്തെ ഒരുവിധം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇത്തരം ആരോപണം ഉന്നയിക്കുകയും ചെയ്തിട്ടും പരാതിയില്ലാത്ത രണ്ട് കക്ഷികളെ രാജ്യത്തുള്ളൂ. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ മുന്നണിയും പിന്നെ തിരഞ്ഞെടുപ്പ് കമ്മീഷനും. വോട്ടീംഗ് മെഷീനുകള്‍ പരാതിക്കിടം നല്‍കാത്തതാണ് എന്ന് പറയുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെ നമുക്ക് ന്യായീകരിക്കാം. എന്നാല്‍ ബി ജെ പിക്ക് മാത്രം എന്തുകൊണ്ട് പരാതിയില്ല. നേരത്തെ ബി ജെ പി ആയിരുന്നുവല്ലോ ഇത്തരം ആരോപണവുമായി രംഗത്തുവന്നത്. ഇപ്പോള്‍ അത് പരിഹരിക്കപ്പെട്ടോ? അല്ലെങ്കില്‍ അന്ന് വെറുതെ ആരോപിച്ചതാണെന്ന് ബി ജെ പി പറയണം.

വി വി പാറ്റ് മെഷീന്റെ സ്‌ക്രീനില്‍ തെളിയുന്ന സമയത്തിലും കുറവ് വരുന്നു എന്ന പരാതിയും ഉയര്‍ന്നു കഴിഞ്ഞു. ഏഴ് സെക്കന്‍ഡിന് പകരം പലയിടത്തും മൂന്ന് സെക്കന്‍ഡ് മാത്രമാണ് തെളിഞ്ഞതെന്ന് ആരോപണമുണ്ട്. വി വി പാറ്റ്, വോട്ടിംഗ് മെഷീന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം ഉള്ളവര്‍ക്ക് പരാതിപ്പെടാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. എന്നാല്‍, ഇത്തരത്തില്‍ പരാതികള്‍ ഉയരുന്നതിനെ കമ്മീഷന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നതാണ് സത്യം. അതുകൊണ്ട് തന്നെ കടുത്ത നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ തന്റെ വോട്ട് നിശ്ചിത സ്ഥാനാര്‍ഥിക്ക് ലഭിക്കാത്തവര്‍ക്ക് പരാതിപ്പെടാന്‍ കഴിയൂ. വോട്ടിംഗില്‍ സംശയമുള്ളവര്‍ക്ക് തന്നെ അത്ര പെട്ടെന്ന് പരാതികളുമായി ചെല്ലാന്‍ കഴിയുമോ എന്നതും ചിന്തിക്കേണ്ടതുണ്ട്. കാരണം പരാതി തെളിയിക്കപ്പെട്ടില്ലെങ്കില്‍ ശിക്ഷിക്കപ്പെടും എന്നത് തന്നെയാണ് പ്രശ്‌നം. ആറ് മാസം തടവോ പിഴയോ രണ്ടും കൂടെ ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണ് ഇത്തരം ആരോപണവുമായി വരുന്നവരെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരുവിധം ആരും പരാതിയുമായി രംഗത്ത് വരില്ല. രാജ്യത്തിന്റെ പരമോന്നത തിരഞ്ഞെടുപ്പ് പ്രക്രിയയെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു എന്നതായിരിക്കും കുറ്റം. പലപ്പോഴും നിയമവ്യവഹാരങ്ങളില്‍ നിന്ന് സാധാരണ ജനത്തെ അകറ്റുന്നത് ഇത്തരം നൂലാമാലകള്‍ തന്നെയാണ്.

വ്യാജ പരാതികള്‍ തടയുക എന്നൊക്കെയായിരിക്കും ബന്ധപ്പെട്ടവരുടെ ന്യായീകരണം. എന്നാല്‍ രാജ്യത്തെ ഉത്തരവാദപ്പെട്ട രാഷ്രീയ കക്ഷികള്‍ നിരന്തരം ഇത്തരം പരാതികള്‍ ഉന്നയിക്കുമ്പോഴും സാങ്കേതിക വിദഗ്ധര്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം സാധ്യമാണെന്ന് പറയുമ്പോഴും കമ്മീഷന്‍ നിസ്സംഗ മനോഭാവമാണ് സ്വീകരിക്കുന്നത്. 2010ല്‍ ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ സാങ്കേതിക ഉപദേശകനായ ഹരിപ്രസാദ് വെമുരു വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്യപ്പെടാമെന്ന് തെളിയിക്കുന്ന വീഡിയോ ചെയ്തതിന് ജയിലില്‍ കിടക്കേണ്ടി വന്നത് ഇതിനോട് ചേര്‍ത്തി വായിക്കേണ്ടതാണ്. ഉന്നത തലത്തിലുള്ളവരുടെ അവസ്ഥ ഇതാണെങ്കില്‍ താഴെക്കിടയില്‍ ഉള്ളവര്‍ ഇത്തരത്തില്‍ പരാതിയുമായി വരാന്‍ സാധ്യത വളരെ കുറവാണ്.

ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം ഹരിപ്രസാദ് വെമുരു തന്നെ വി വി പാറ്റുകള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ചില വി വി പാറ്റുകളില്‍ സ്ലിപ് തെളിയുന്ന സമയം കുറവാണെന്നാണ് അദ്ദേഹം വീഡിയോ സഹിതം സമര്‍ഥിക്കുന്നത്. വോട്ടിംഗ് മെഷീനുകള്‍ക്കുള്ളിലെ സ്റ്റീല്‍ കവറുകള്‍ മാറ്റി അലൂമിനിയം കവറുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ നവംബറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭാരത് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ മേധാവികള്‍ക്ക് കത്തെഴുതിയതിനെയും വെമുരു ചോദ്യം ചെയ്യുന്നുണ്ട്.

വികസിത രാജ്യങ്ങളില്‍ പോലും ഇപ്പോഴും ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുമ്പോള്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പരാതിരഹിതമാക്കാന്‍ കമ്മീഷന് ബാധ്യതയില്ലേ? അതിനായി ഓരോ മണ്ഡലത്തിലെയും 50 ശതമാനം വി വി പാറ്റ് സ്ലിപ്പുകള്‍ എണ്ണുകയെന്ന പ്രതിപക്ഷ നിര്‍ദേശം സ്വീകാര്യമാകാത്തത് എന്തുകൊണ്ട്? കൂടുതല്‍ സമയം വേണമെന്നതിന് പരിഹാരമായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയെന്ന നിര്‍ദേശവും പ്രതിപക്ഷം മുന്നോട്ടുവെക്കുന്നുണ്ട്. ഇനി അതിനൊന്നും കഴിയില്ലെങ്കിലും അഞ്ച് വര്‍ഷത്തില്‍ നടക്കുന്ന, രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന ജനാധിപത്യ പ്രക്രിയയുടെ ഫലം അഞ്ച് ദിവസം കൂടി വൈകി എന്നത് കൊണ്ട് ആര്‍ക്കാണ് പ്രശ്‌നമുണ്ടാകേണ്ടത്? രാജ്യത്തിന്റെ ഭരണസാരഥ്യം ഭൂരിഭാഗം ജനങ്ങളും അവിശ്വസിക്കുന്ന ഒരു മാര്‍ഗത്തിലൂടെ തന്നെ നിര്‍ണയിക്കപ്പെടണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധം പിടിക്കേണ്ടതുണ്ടോ?

സാങ്കേതിക വിദ്യ ഇത്രമാത്രം വളര്‍ന്ന കാലത്ത് തിരഞ്ഞെടുപ്പുകളില്‍ നിന്ന് മാത്രം ഇത്തരം സങ്കേതങ്ങള്‍ മാറ്റിനിര്‍ത്താന്‍ കഴിയില്ല. എന്നിരുന്നാലും അത് പരാതിക്കിടം നല്‍കാത്ത രീതിയിലാകാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടതുണ്ട്. രാജ്യത്തെ ഉത്തരവാദപ്പെട്ട പ്രതിപക്ഷ കക്ഷികള്‍ മുഴുക്കെ വി വി പാറ്റ് സ്ലിപ്പുകളില്‍ 50 ശതമാനം എണ്ണണമെന്ന് ആവശ്യപ്പെടുമ്പോള്‍ അത് പരിഗണിക്കേണ്ടതുണ്ട്. ഇനി പ്രതിപക്ഷം ഉന്നയിക്കുന്നത് പോലെ കൃത്രിമങ്ങള്‍ ഒന്നും തന്നെയില്ല എന്നുവെച്ചാലും എല്ലാവര്‍ക്കും സമ്മതമായ ഒരു മാര്‍ഗമല്ലേ രാജ്യഭരണസാരഥ്യം നിര്‍ണയിക്കുന്ന ഏര്‍പ്പാടിന് അവലംബിക്കേണ്ടത്. വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കുന്നതിന് മുമ്പ് ബാലറ്റ് പേപ്പറിലൂടെ ജനഹിതം നടപ്പാക്കിയപ്പോള്‍ അതെല്ലാം കൂടിയാല്‍ രണ്ട് ദിവസത്തിനകം എണ്ണി തീര്‍ത്തവരല്ലേ നാം. പിന്നെ എന്തിനാണ് ദിവസങ്ങള്‍ വൈകുമെന്ന് പറഞ്ഞ് രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത്.

Latest