Connect with us

Ongoing News

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനൽ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങൾ പരിഗണിക്കേണ്ടതില്ല: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയനിലപാടുകള്‍ സംഘടന ചാനല്‍ വഴി പ്രവര്‍ത്തകരെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്ന കൃത്രിമമായി നിര്‍മിച്ച പഴയതോ പുതിയതോ ആയ പോസ്റ്ററുകള്‍, വീഡിയോകള്‍, വാര്‍ത്തകള്‍ എന്നിവയൊന്നും പ്രവര്‍ത്തകര്‍ പരിഗണിക്കേണ്ടതില്ലെന്നും കാന്തപുരം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രിയപ്പെട്ടവരേ,

രാജ്യത്ത് അതിനിര്‍ണ്ണായകമായ പൊതുതിരഞ്ഞെടുപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ചയാണല്ലോ. വോട്ടവകാശം വിനിയോഗിക്കുക എന്നത് ഒരോ പൗരരുടെയും ബാധ്യതയാണ്. വിശേഷിച്ച്, രാജ്യത്തെ മതേരത്വം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്. സുന്നി സംഘടനകളുടെ പൊതുനിലപാട് നേരത്തെ പ്രഖ്യാപിച്ചതാണ്. 23 സംസ്ഥാനങ്ങളില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഉള്ള നാം ഓരോ സംസ്ഥാനത്തും എങ്ങനെ മതേതര കക്ഷിയെ തിരഞ്ഞെടുക്കണം എന്ന് കൃത്യമായി തീരുമാനിക്കുകയും, തദടിസ്ഥാനത്തില്‍ സംഘടനാ ചാനലുകള്‍ വഴി പ്രവര്‍ത്തകരെ അറിയിച്ചതുമാണ്. സംഘടനയുടെ മേല്‍ഘടകം മുതല്‍ കീഴ്ഘടകം വരെയുള്ള ഘടകങ്ങളിലൂടെ മാത്രമാണ് നമ്മുടെ നിലപാട് അറിയിച്ചിട്ടുള്ളത്. സംഘടനാ നിലപാടുമായി ബന്ധപ്പെട്ട് മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്ന കൃത്രിമമായി നിര്‍മിച്ച പഴയതോ പുതിയതോ ആയ പോസ്റ്ററുകള്‍, വീഡിയോകള്‍, വാര്‍ത്തകള്‍ എന്നിവയൊന്നും പ്രവര്‍ത്തകര്‍ പരിഗണിക്കേണ്ടതില്ല. ഒരു വോട്ടു പോലും നമ്മുടേത് പാഴായിപ്പോകാതെ ശ്രദ്ധിക്കണം. വീട്ടിലുള്ള എല്ലാ അംഗങ്ങളും വോട്ടുചെയ്തുവെന്ന് ഉറപ്പുവരുത്തണം. തിരഞ്ഞെടുപ്പ് ദിവസം വോട്ടവകാശമുള്ളവര്‍ അത് വിനിയോഗിക്കാതെ മറ്റു കാര്യങ്ങളില്‍ വ്യവഹരിക്കരുത്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലെ എല്ലാ മദ്രസകള്‍ക്കും ചൊവാഴ്ച അവധി നല്‍കിയത് വിദൂരങ്ങളില്‍ സേവനം ചെയ്യുന്ന മദ്രസാധ്യാപകര്‍ക്ക് നാട്ടിലെത്തി വോട്ടു നിര്‍വ്വഹിക്കാനാണ്.

-കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍

Latest