Connect with us

Business

നാളീകേരോത്പന്ന വിപണി ചലന രഹിതം

Published

|

Last Updated

കൊച്ചി: ഈസ്റ്റർ ആഘോഷങ്ങൾക്കിടയിൽ മുഖ്യ വിപണികളിൽ ചരക്ക് വരവ് കുറഞ്ഞു. ഏലക്ക വീണ്ടും റെക്കോർഡ് പുതുക്കി. കുരുമുളക് വിലയിൽ നേരിയ ഉണർവ്. നാളികേരോൽപ്പന്ന വിപണി ചലനരഹിതം. റബർ വിലയിൽ മാറ്റമില്ല. സ്വർണ വില താഴ്ന്നു.
ഈസ്റ്റർ ആഘോഷ ലഹരിലാണ് കാർഷിക കേരളം.

പ്രതിസന്ധികൾക്കിടയിലും പുതിയ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് ഇറക്കാൻ വാരത്തിൻറ്റ ആദ്യ ദിനങ്ങളിൽ ഉൽപാദകർ ഉത്സാഹിച്ചു. ഏലക്കയാണ് വിപണിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പുതിയ സാഹചര്യത്തിൽ കാലാവസ്ഥയിലെ മാറ്റം കർഷകരെ തോട്ടങ്ങളിലേക്ക് അടുപ്പിക്കും.

ഗൾഫ് രാജ്യങ്ങൾ റമദാൻ ആഘോഷങ്ങൾക്ക് വേണ്ടിയുള്ള ഏലക്ക സംഭരണം ശക്തമാക്കാൻ സാധ്യതയുണ്ട്. ലേല കേന്ദ്രങ്ങളിൽ ചരക്ക് വരവ് കുറയുന്നത് വാങ്ങലുകാരിൽ നിന്നുള്ള മത്സരം ശക്തമാക്കാം. മാസാരംഭത്തിൽ ഒരു ലക്ഷം കിലോയ്ക്ക് മുകളിൽ വരെ ഏലക്ക ലേലത്തിന് എത്തിയ സ്ഥാനത്ത് ഇപ്പോൾ വരവ് പകുതിയായത് മെച്ചശപ്പട്ട വിലയ്ക്ക് അവസരം ഒരുക്കാം. ആഭ്യന്തര വിപണിയിലും ഏലത്തിന് ക്ഷാമം നേരിടുന്നുണ്ട്. കഴിഞ്ഞ സീസണിലെ നീക്കിയിരിപ്പു ചുരുങ്ങിയതിനാൽ കരുതലോടെയാണ് വൻകിട തോട്ടങ്ങളും ചെറുകിട കർഷകരും ഏലക്ക വിൽപ്പനയ്ക്ക് ഇറക്കുന്നത്. വേനൽ മഴ ലഭ്യമായതിനാൽ വരൾച്ചയിൽ നിന്ന് ഏല ചെടികൾക്ക് അൽപ്പം ആശ്വാസം ലഭിച്ചു.

കാർഷിക മേഖലകളിൽ നിന്നുള്ള കുരുമുളക് നീക്കം കുറഞ്ഞത് ഉൽപ്പന്ന വില അൽപ്പം ഉയർത്തി. ഉൽപാദനം മുൻ വർഷത്തെ അപേക്ഷിച്ച് പകുതിയായി ചുരുങ്ങുമെന്നാണ് ഉൽപാദകരിൽ നിന്നുള്ള വിവരം. അതു കൊണ്ട് തന്നെ നിലവിലെ വിലയ്ക്ക് പുതിയ മുളക് കൈവിടാൻ കർഷകർ താൽപര്യം കാണിച്ചില്ല. ഉത്തരേന്ത്യകാർ കുരുമുളക് സംഭരണ രംഗത്തുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 32,400 രൂപ.

കാലാവസ്ഥയിൽ മാറ്റം കണക്കിലെടുത്താൽ ഈസ്റ്റർ ആഘോഷങ്ങൾക്ക് ശേഷം കർഷകർ റബർ ടാപ്പിങിനുള്ള ഒരുക്കങ്ങൾ തുടങ്ങും. കാർഷിക മേഖലയുടെ പ്രതീക്ഷയ്ക്ക് ഒത്ത് തുടർ മഴ ലഭിച്ചാൽ സാമ്പത്തിക ഞെരുക്കത്തിൽ അകപ്പെട്ട റബർ കർഷകർക്ക് ആശ്വാസമാവും. വരണ്ട കാലാവസ്ഥ മുലം ഏതാനും മാസങ്ങളായി സംസ്ഥാനത്ത് റബർ ടാപ്പിംഗ് പുർണമായി സ്തംഭിച്ചിരിക്കുകയാണ്. ഉൽപാദന മേഖലയിലും വിപണികളിലും കാര്യമായി റബർ സ്‌റ്റോക്കില്ല.. എന്നാൽ നിരക്ക് ഉയർത്താൻ വ്യവസായികൾ തയ്യാറായില്ല. പല അവസരത്തിലും അവർ വില ഇടിച്ച് ചരക്ക് സംഭരിച്ചു.

നാലാം ഗ്രേഡ് റബർ 12,800 രൂപയിലും അഞ്ചാം ഗ്രേഡ് 12,600 രൂപയിലുമാണ്. ഉത്തരേന്ത്യൻ വ്യവസായികളും റബറിൽ താൽപര്യം കാണിച്ചില്ല. സാധാരണ ഈസ്റ്റർവിഷു വേളയിൽ വൻതോതിൽ റബർ വിൽപ്പനക്ക് ഇറങ്ങുകയാണ് പതിവ്. എന്നാൽ ഇക്കുറി വരവ് നാമമാത്രമായി കുറഞ്ഞിട്ടും ഉൽപ്പന്ന വില ഉയർന്നതുമില്ല. ആഭ്യന്തര അവധി വ്യാപാരത്തിൽ റബർ ഒരു മാസത്തെ താഴ്ന്ന നിലവാരത്തിലാണ്.

ഉത്സവ ദിനങ്ങളിൽ എന്നും പാചകയെണ്ണകളിൽ വിലക്കയറ്റം സൃഷ്ടിക്കാറുണ്ടെങ്കിലും ഇക്കുറി വിഷു ഈസ്റ്റർ വേളയിൽ വെളിച്ചെണ്ണ വില ഉയർന്നില്ല. പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ വിൽപ്പന പതിവിലും കുറഞ്ഞു. എണ്ണ 14,600 രൂപയിലും കൊപ്ര 9600 രൂപയിലുമാണ്.
കേരളത്തിൽ സ്വർണ വില താഴ്ന്നു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 23,720 രൂപയിൽ വിൽപ്പനക്ക് തുടക്കം കുറിച്ച ശേഷം മൂന്ന്ഘട്ടങ്ങളിലായി കുറഞ്ഞ് വാരാന്ത്യം പവൻ 23,480 രൂപയിലാണ്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഇടിഞ്ഞു. ട്രോയ് ഔൺസിന് 1289 ഡോളറിൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച മഞ്ഞലോഹം വാരാവസാനം നാല് മാസത്തിനിടയിലെ താഴ്ന്ന നിരക്കായ 1270 ഡോളർ വരെ താഴ്ന്ന ശേഷം ക്ലോസിംഗിൽ 1275 ഡോളറിലാണ്. ഏറെ നിർണായകമായ 1280 ഡോളറിലെ താങ്ങ് സ്വർണത്തിന് നഷ്ടമായത് നിക്ഷേപകരിൽ ആശങ്ക ജനിപ്പിക്കുന്നു.

Latest