ത്രില്ലേകും പത്തനംതിട്ട

Posted on: April 21, 2019 4:32 pm | Last updated: April 21, 2019 at 4:32 pm

സംസ്ഥാനത്ത് ശക്തമായ മത്സരം നടക്കുന്ന പത്തനംതിട്ടയിൽ മുന്നണികൾക്ക് അഭിമാന പോരാട്ടം. അടിയൊഴുക്കുകൾ പ്രവചനാതീതമായ മണ്ഡലമാണ് പത്തനംതിട്ട. ദേശീയ, സംസ്ഥാന രാഷ്ട്രീയങ്ങൾക്കൊപ്പം മത, സാമുദായിക ഘടകങ്ങളും നിയന്ത്രിക്കുന്ന വോട്ടുകൾ തങ്ങളുടെ പെട്ടിയിലെത്താൻ ഇടതു വലതു മുന്നണികൾക്കൊപ്പം എൻ ഡി എയും പതിനെട്ടടവും പയറ്റുകയാണ്. കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മത്സരം നടക്കുന്ന പത്തനംതിട്ടയിൽ യു ഡി എഫ്, എൽ ഡി എഫ്, എൻ ഡി എ സ്ഥാനാർഥികൾക്ക് വോട്ട് തേടി നിരവധി ദേശീയ നേതാക്കളെത്തിയിരുന്നു. എ ഐ സി സി അധ്യക്ഷൻ രാഹുൽ ഗാന്ധി, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവർ ഇതിൽ ഉൾപ്പെടും. ദേശീയ, സംസ്ഥാന രാഷ്ട്രീയം പറഞ്ഞതിനൊപ്പം അവർക്കെല്ലാം വിശ്വാസവും ആചാരവും അതിൻമേലുള്ള നിലപാടുകളുമൊക്കെ ഇവിടെ വിശദീകരിക്കേണ്ടി വന്നു. ശബരിമലയുമായി ബന്ധപ്പെട്ട് രാജ്യത്തെ പരമോന്നത നീതിപീഠം നൽകിയ വിധിയിന്മേൽ ജനകീയ കോടതിയിൽ മൂന്ന് മുന്നണികളും തങ്ങളുടേതായ ആശയങ്ങൾ അവതരിപ്പിച്ച് ജനവിധി തേടുന്നുവെന്നതാണ് മണ്ഡലത്തിന്റെ പ്രത്യേകത. ലോക്‌സഭയിലേക്കാണ് തിരഞ്ഞെടുപ്പെങ്കിലും ഉന്നയിക്കപ്പെടുന്ന വിഷയത്തിന്റെ പേരിൽ പത്തനംതിട്ടയിലെ വിജയം മൂന്ന് മുന്നണികൾക്കും അഭിമാനപ്രശ്നമായി മാറിക്കഴിഞ്ഞു. വിജയം മാത്രമല്ല, രണ്ടാം സ്ഥാനവും പ്രധാനപ്പെട്ടതായി. ഇതിലൂടെ ശക്തമായ ത്രികോണ മത്സരത്തിനാണ് പത്തനംതിട്ട സാക്ഷ്യം വഹിക്കുന്നത്. വേനൽ ചൂടിനൊപ്പം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും അതിന്റെ ഉച്ഛസ്ഥായിലാണ്.
ആറന്മുളയിലെ സിറ്റിംഗ് എം എൽ എ വീണാ ജോർജിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് ആദ്യം രംഗത്തിറങ്ങിയ എൽ ഡി എഫിന് തുടക്കത്തിൽ മേൽക്കോയ്മ ഉണ്ടായി. തുടർന്ന്് സിറ്റിംഗ് എം പി ആന്റോ ആന്റണിയെ യു ഡി എഫും സ്ഥാനാർഥിയാക്കി. മണ്ഡലത്തിൽ ഇക്കുറി താമര വിരിയിക്കുകയെന്ന ആർ എസ് എസ് ദൗത്യവുമായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ എൻ ഡി എ രംഗത്തെത്തിച്ചു. ഇതോടെ പത്തനംതിട്ടയുടെ രാഷ്ട്രീയചിത്രം മാറിയത് വളരെ വേഗമാണ്.
കഴിഞ്ഞ പത്ത് വർഷമായി യു ഡി എഫിന്റെ കൈയിലിരിക്കുന്ന മണ്ഡലം തിരിച്ചു പിടിക്കാനാണ് ഇക്കുറി വീണ ജോർജിനെ സി പി എം രംഗത്തിറക്കിയിരിക്കുന്നത്. പരമാവധി വോട്ടർമാരെ കാണാനുള്ള ശ്രമമാണ് മൂന്ന് സ്ഥാനാർഥികളും നടത്തിയത്. മഹാപ്രളയം വിതച്ച ദുരന്തത്തിന് ശേഷം അതിജീവനത്തിനുള്ള ജനങ്ങളുടെ ശ്രമങ്ങൾക്കിടയിലാണ് പൊതുതിരഞ്ഞെടുപ്പ് എത്തുന്നതെന്നുള്ളതും വോട്ടർമാരെ സംബന്ധിച്ച് ഇത് വിലയിരുത്തലുകളുടെ കാലമായിരിക്കും. മഹാപ്രളയത്തിനിടയാക്കിയ സാഹചര്യം കണ്ടെത്തുന്നതിനായി ഹൈക്കോടതി നിർദേശാനുസരണം തയ്യാറാക്കിയ അമിക്കസ് ക്യൂറി റിപ്പോർട്ടും വികസനവും ശബരിമല വിഷയത്തിൽ അയ്യപ്പഭക്തരുടെ വികാരവും ജയപരാജയം നിർണയിക്കുന്നതിൽ പ്രധാന ഘടകങ്ങളായി തീരും. ഇതിനോടൊപ്പം ആദിവാസി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളും ശ്രീലങ്കൻ വംശജരെ പുനരധിവസിപ്പിക്കപ്പെട്ട ഗവിയിലെ വോട്ടർമാരും പത്തനംതിട്ടയുടെ വിധി നിർണയത്തിൽ ഘടകങ്ങളായി മാറും.

വർത്തമാനകാല സാഹചര്യങ്ങളിൽ പ്രധാന ചർച്ചാ വിഷയമായി മാറിയ ശബരിമല ഉൾപ്പെടുന്ന മണ്ഡലമെന്നതാണ് പത്തനംതിട്ടയെ ഏവരുടേയും ശ്രദ്ധാ കേന്ദ്രമാക്കി മാറ്റിയത്. ശബരിമല യുവതീ പ്രവേശനത്തിൽ തങ്ങൾ ഉയർത്തിപ്പിടിച്ച നിലപാടിനുള്ള അംഗീകാരമാണ് മൂന്ന് കൂട്ടരും പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ടെങ്കിലും യു ഡി എഫിന്റേയും എൻ ഡി എയുടേയും പ്രവർത്തകർ ശബരിമല പ്രചാരണ വിഷയമാക്കുന്നു. ഇക്കാര്യത്തിൽ തങ്ങൾക്കെതിരെ എന്തെങ്കിലും പ്രതിഷേധം ഉണ്ടെങ്കിൽ തന്നെ അത് യു ഡി എഫിലും എൻ ഡി എയിലുമായി വിഭജിച്ച് പോകുമെന്നതിനാൽ പ്രതിസന്ധികളുണ്ടാകില്ലെന്നാണ് എൽ ഡി എഫ് കണക്കുകൂട്ടൽ.

സമുദായ സംഘടനകൾക്ക് ഏറെ സ്വാധീനമുള്ള പത്തനംതിട്ടയിൽ അവരുടെ നിലപാടുകൾ ഏറെ നിർണായകമാകും. മണ്ഡലത്തിൽ 56.93 ശതമാനം ഹിന്ദു സമുദായവും 38.12 ശതമാനം ക്രിസ്ത്യൻ വിഭാഗവും 4.60 ശതമാനം മുസ്്‌ലിം മത വിശ്വാസികളുമാണുള്ളത്. പ്രബല സമുദായ സംഘടനകളുടെ കാര്യമായ പിന്തുണ നേടാൻ ഇടതു മുന്നണിക്കായിട്ടില്ല. എന്നാൽ, വോട്ടർമാർക്ക് ആന്റോ ആന്റണിയോടുള്ള എതിർപ്പ് മുതലെടുക്കാനാണ് വീണാ ജോർജിന്റെ പരിശ്രമം. ഇതുവരെയുള്ള പ്രചാരണത്തിൽ വീണ മേൽക്കൈ നേടിയിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ നേട്ടങ്ങളും എം പിയുടെ പോരായ്മകളും എൽ ഡി എഫ് പ്രചാരണവിഷയമാക്കിയപ്പോൾ ശബരിമല പ്രശ്‌നത്തിൽ അവർ മൗനം പാലിച്ചു. എന്നാൽ ഏറ്റവുമൊടുവിൽ ശബരിമല ആരോപണങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി നൽകി. ആന്റോ ആന്റണിയുടെ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് പ്രചാരണരംഗത്തിറങ്ങിയ യു ഡി എഫ് കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ മാറണമെന്നതാണ് പ്രധാന അജൻഡയായി കൊണ്ടുവന്നത്. രാഹുൽ ഗാന്ധിയുടെ വരവ് യു ഡി എഫ് ക്യാന്പിൽ ആവേശമുണ്ടാക്കിയിട്ടുണ്ട്. ആചാരവും വിശ്വാസവും സംരക്ഷിക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായി. പത്തനംതിട്ടയിലെത്തിയില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നലെ എത്തിയ അമിത് ഷായും കേരളത്തിൽ ഉന്നയിച്ചത് ശബരിമല വിഷയങ്ങൾ തന്നെ. സുരേന്ദ്രന്റെ സ്ഥാനാർഥിത്വവും പ്രചാരണശൈലിയും എൻ ഡി എക്ക് ഗുണകരമാകും. പൂഞ്ഞാറിലെ സിറ്റിംഗ് എം എൽ എ. പി സി ജോർജ് എൻ ഡി എ പ്രചാരണത്തിന്റെ മുഖ്യആസൂത്രകരിലൊരാളായിട്ടുണ്ട്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് മുന്നണികളെയും അട്ടിമറിച്ചു വിജയം നേടിയ ജോർജിന്റെ സാന്നിധ്യം എൻ ഡി എ പ്രതീക്ഷയോടെയാണ് കാണുന്നതെങ്കിലും പൂഞ്ഞാറിലെ വോട്ടർമാരുടെ നിലപാട് കാത്തിരുന്ന് കാണേണ്ടതാണ്.

പത്തനംതിട്ടയിൽ വീണാ ജോർജ് വിജയിച്ചാൽ വിശ്വാസ സംരക്ഷണത്തിന് മുന്നിൽ നിന്ന് പോർവിളി മുഴക്കിയ തങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് എൻ എസ് എസ് കരുതുന്നത്. ഇക്കുറിയും സമദൂര സിദ്ധാന്തം ഊന്നിപ്പറഞ്ഞ എൻ എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനായി കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചിരുന്നു. അതിനാൽ തന്നെ എൻ എസ് എസ് വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി വീഴുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. ആരുടെയും അക്കൗണ്ടുകൾ അത്ര സുരക്ഷിതമല്ലെന്നാണ് അവസാന റൗണ്ട് നൽകുന്ന സൂചന. 2014ലെ പാർലിമെന്റ്തിരഞ്ഞെടുപ്പിൽ 8,69,542 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ യു ഡി എഫ് നേടിയത് 3.58.842 വോട്ടാണ്. എൽ ഡി എഫിന് 3,02,651 വോട്ടും ബി ജെ പിക്ക് 1,38,954 വോട്ടും ലഭിച്ചു. ആന്റോയുടെ ഭൂരിപക്ഷം പകുതിയായി കുറഞ്ഞ് 56,191 ആയി. സി പി എം സ്വതന്ത്രൻ ഫിലിപ്പോസ് തോമസായിരുന്നു എതിരാളി. ബി ജെ പി 2009നേക്കാൾ ഇരട്ടിയിലേറെ വോട്ടുകളോടെ കുതിച്ചുകയറി. എം.ടി. രമേശ് 1,38,954 വോട്ടുകൾ നേടി. ആന്റോ ആന്റണിക്ക് 41.30, ഫിലിപ്പോസ് തോമസിന് 34.84, രമേശിന് 15.99 ശതമാനം വോട്ടാണ് ലഭിച്ചത്. 2009ലാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം രൂപവത്കരിച്ചത്. അതിന് മുമ്പ് മാവേലിക്കര, അടൂർ, ഇടുക്കി മണ്ഡലങ്ങളിലായി വ്യാപിച്ച് കിടക്കുകയായിരുന്നു. പുതിയ മണ്ഡലം രൂപവത്കരിച്ചശേഷം രണ്ട് തവണയും യു ഡി എഫിലെ ആന്റോ ആന്റണിയാണ് വിജയിച്ചത്. 2009ൽ ആന്റോ ആന്റണി 1,11,206 വോട്ടുകൾക്കാണ് സി പി എമ്മിലെ കെ അനന്തഗോപനെ തോൽപ്പിച്ചത്. 2014 ലോക്‌സഭയിലേക്ക് പത്തനംതിട്ടയിലുൾപ്പെടുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്തിയ യു ഡി എഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് രണ്ട് മണ്ഡലങ്ങളിൽ മാത്രം. ഏഴ് മണ്ഡലങ്ങളിലും കൂടി യു ഡി എഫിനു ലഭിച്ചത് 3,64,728 വോട്ട്. എൽ ഡി എഫിന് 3,67,928 വോട്ടും ബി ജെ പി 1,91,656 വോട്ടും നേടി.

2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള, അടൂർ, തിരുവല്ല, റാന്നി മണ്ഡലങ്ങൾ എൽ ഡി എഫിനൊപ്പം നിന്നു. കോന്നിയും കാഞ്ഞിരപ്പള്ളിയുമാണ് യു ഡി എഫിനുള്ളത്. പൂഞ്ഞാറിൽ വിജയം സ്വതന്ത്രനായ കേരള ജനപക്ഷം നേതാവ് പി സി ജോർജിനൊപ്പം നിന്നു. കോന്നി എം എൽ എ അടൂർ പ്രകാശ് ആറ്റിങ്ങലിൽ യു ഡി എഫ് സ്ഥാനാർഥിയായും അടൂർ എം എൽ എ ചിറ്റയം ഗോപകുമാർ മാവേലിക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥിയായും മത്സര രംഗത്തുണ്ട്.
മണ്ഡലത്തിൽ ആകെ 13,78,587 വോട്ടർമാരാണുള്ളത്. 7,16,884 സ്ത്രീ വോട്ടർമാരും 6,61,700 പുരുഷ വോട്ടർമാരും മൂന്ന് ട്രാൻസ്‌ജെൻഡർ വോട്ടർമാരും.
22,805 പേർ കന്നിക്കാർ.

ആകെ എട്ട് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പ്രധാനമുന്നണി സ്ഥാനാർഥികൾക്ക് പുറമേ ബി എസ് പി സ്ഥാനാർഥി ഷിബു പാറക്കടവിൽ ആന ചിഹ്നത്തിലും എ പി ഐ സ്ഥാനാർഥി ജോസ് ജോർജ് കോട്ട് ചിഹ്നത്തിലും, എസ്‌ യു സി ഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാർഥി ബിനു ബേബി ബാറ്ററി ടോർച്ച് ചിഹ്നത്തിലും ജനവിധി തേടുന്നു. രണ്ട് പേർ സ്വതന്ത്രരാണ്.

എൽ ഡി എഫ്
സാധ്യത: മണ്ഡലത്തിൽ എൽ ഡി എഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വോട്ടുകളിൽ വന്ന ഇടിവ്.
ആശങ്ക: ശബരിമല സ്ത്രീപ്രവേശനം

യു ഡി എഫ്
സാധ്യത: പരമ്പരാഗതമായി യു ഡി എഫ് മണ്ഡലം, രാഹുലിന്റെ വരവ് സമ്മാനിച്ച ഊർജം. ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാകുമെന്ന പ്രതീക്ഷ.
ആശങ്ക: മുന്നാക്ക വോട്ടുകളിലുണ്ടായേക്കാവുന്ന ചോർച്ച

എൻ ഡി എ
സാധ്യത: ശബരിമല വിഷയം വോട്ടായി മാറുമെന്ന പ്രതീക്ഷ, പി സി ജോർജിന്റെ കേരള ജനപക്ഷത്തിന്റെ പിന്തുണ.
ആശങ്ക: മതന്യൂനപക്ഷങ്ങൾക്കൊപ്പം പ്രധാന സാമുദായിക നേതാക്കളുടെ നേരിട്ടുള്ള പിന്തുണ ഇല്ലെന്നുള്ളത്.

എസ് ഷാജഹാൻ