Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമാകും. പരസ്യ പ്രചാരണം ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അവസാനിക്കുക. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. വൈകീട്ട്‌ ആറു വരെ വോട്ട് രേഖപ്പെടുത്താം. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

വോട്ടിംഗിനു മുന്നോടിയായി രാവിലെ ആറിനു തന്നെ ബൂത്തുകളില്‍ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക് ഡ്രില്ലിലൂടെ വോട്ടിംഗ് യന്ത്രങ്ങളുടെ കൃത്യത ഉറപ്പാക്കും.
സംസ്ഥാനത്ത് പ്രശ്‌നബാധിത ബൂത്തുകള്‍ 831 ഉം തീവ്ര പ്രശനബാധിതമായവ 359 ഉം ആണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. 219 ബൂത്തുകളില്‍ മാവോ ഭീഷണിയുണ്ട്. വയനാട്-72, മലപ്പുറം-67, കോഴിക്കോട്-41, കണ്ണൂര്‍-39 എന്നിങ്ങനെയാണ് മാവോ ഭീഷണി നിലവിലുള്ള ബൂത്തുകളുടെ കണക്ക്. സുരക്ഷക്കായി 57 കമ്പനി കേന്ദ്ര സേനയെ നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 2,61,51,534 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീകളും 1,26,84,839 പേര്‍ പുരുഷന്മാരുമാണ്. ഭിന്നലിംഗക്കാരായ വോട്ടര്‍മാര്‍ 174 ആണ്. 2,88,191 പുതിയ വോട്ടര്‍മാരും 1,35,357 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍-31,36,191. കുറവ് വയനാട് ജില്ലയിലും-5,94,177.