ശബരിമല: വിശ്വാസികള്‍ക്കായി മോദി എന്ത് ചെയ്‌തെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ശ്രീധരന്‍പിള്ള

Posted on: April 20, 2019 5:35 pm | Last updated: April 20, 2019 at 5:39 pm

ആലപ്പുഴ: ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസികള്‍ക്ക് അനുകൂലമായി എന്തു ചെയ്തുവെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള.

ആലപ്പുഴ പ്രസ് ക്ലബിന്റെ ജനസമക്ഷം പരിപാടിയിലാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ശ്രീധരന്‍പിള്ള ഒഴിഞ്ഞുമാറിയത്. പ്രധാനമന്ത്രി ശബരിമല വിഷയത്തില്‍ എന്ത് ചെയ്തുവെന്നതിന് മറുപടി പറയാന്‍ താനില്ലെന്ന് പിള്ള വ്യക്തമാക്കി. എന്തായാലും ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാന്‍ പാടില്ലെന്ന് പറഞ്ഞ എല്‍ ഡി എഫിനെയും യു ഡി എഫിനെയും അതേ അജണ്ടയിലേക്ക് എത്തിക്കാനായെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ വലിയ മുന്നേറ്റം ഉണ്ടാക്കും. കള്ളക്കേസ് എടുക്കുക, അടിച്ചമര്‍ത്തുക എന്നതാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ മുഖമുദ്ര.

വധശ്രമകേസ് എടുക്കുമ്പോള്‍ എ കെ ഗോപാലന്റെ ആത്മാവിനെയാണ് കുത്തി നോവിക്കുന്നത്. എല്‍ ഡി എഫ് വിശ്വാസികളെ മുന്നില്‍ നിന്ന് കുത്തി വീഴ്ത്തുമ്പോള്‍ യു ഡി എഫ് പിന്നില്‍ നിന്നും കുത്തുകയാണ്. കൊല്ലത്ത് ബി ജെ പി വോട്ട് മറിക്കുമെന്നത് കള്ള പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ദേശീയതലത്തില്‍ മൂന്ന് അക്കത്തില്‍ എത്തില്ല. കോണ്‍ഗ്രസ് നയിക്കുന്ന മുന്നണി 100 സീറ്റ് കിട്ടില്ലെന്നു വെല്ലുവിളിക്കുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു.