Connect with us

Career Education

അഭിരുചി പരീക്ഷക്ക് തയ്യാറെടുക്കാം

Published

|

Last Updated

നിങ്ങൾ കരിയർ “ചോയ്‌സ്” ചെയ്‌തോ? എന്നത് പത്താം ക്ലാസ് കഴിയുന്നതോടെ വിദ്യാർഥികളെ വല്ലാതെ വിഷമത്തിലാക്കുന്ന ചോദ്യമാണ്. പലപ്പോഴും രക്ഷിതാക്കളും സഹപാഠികളും സാഹചര്യങ്ങളുമായിരിക്കും ഓരോ വിദ്യാർഥിയുടെയും കരിയർ തീരുമാനിക്കുന്നത്. എന്നാൽ, അഭിരുചി മനസ്സിലാക്കാതെയുള്ള ഇത്തരം തീരുമാനങ്ങൾ വ്യക്തികളെ അവരുടെതായ കരിയറിൽ എത്തിച്ചേരുന്നതിന് തടസ്സമുണ്ടാക്കുന്നു. ഡോ. ജോൺ ഹോളണ്ടിന്റെ കരിയർ ചോയ്‌സ് സിദ്ധാന്തമനുസരിച്ച് ഒരോ വ്യക്തികളേയും ഇൻവെസ്റ്റിഗേറ്റീവ്, ആർടിസ്റ്റിക്, സോഷ്യൽ, എന്റർപ്രൈസിംഗ്, കൺവെൻഷനൽ എന്നിങ്ങനെ ആറായി തരം തിരിച്ചിട്ടുണ്ട്.

ഓരോ മേഖലകളിലും വ്യക്തികൾക്ക് സ്‌കോറുണ്ടാകും. അങ്ങനെ ലഭിക്കുന്ന സ്‌കോറുകളുടെ സങ്കലനമാണ് അഭിരുചിയെ നിർണയിക്കുന്നത്. ആഗോളതലത്തിൽ “Differential Aptitude Test (DAT)” എന്ന പേരിലാണ് കരിയർ അഭിരുചി നിർണയം നടക്കുന്നത്. വ്യത്യസ്ത അഭിരുചികൾ മനസ്സിലാക്കുന്നതിന് അമേരിക്കയിലാണ് ” DAT Test” ആദ്യമായി ആരംഭിച്ചത്. കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമായിട്ടാണ് “DAT ” കേരള സാഹചര്യത്തിലേക്ക് സർക്കാർ തലത്തിൽ ക്രമീകരിച്ചത്. ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് സെല്ലിന്റെ ദീർഘകാല പരിശ്രമ ഫലമായാണ് “Kerala Differential Aptitude Test (K- DAT)” എന്ന പേരിൽ 2018ൽ നിലവിൽ വന്നത്. എന്നാൽ, വിദ്യാർഥികളും രക്ഷിതാക്കളും പലപ്പോഴും ഇത്തരം പരീക്ഷകളെ ഭയത്തോടെയാണ് കാണുന്നത്. ഇതൊരു ബുദ്ധി പരീക്ഷണമാണോ? താൻ കൂട്ടുകാരിൽ നിന്ന് മോശമായിപ്പോകുമോ? തുടങ്ങിയ മിഥ്യാധാരണകളാണ് ഇതിന് കാരണം. അഭിരുചി പരീക്ഷ ഓരോരുത്തർക്കും സ്വന്തം അഭിരുചികൾ തിരിച്ചറിയാനുള്ള അവസരമാണെന്ന് മനസ്സിലാക്കേണ്ടതാണ്.

K-DAT അഭിരുചി പരീക്ഷക്ക് തയ്യാറെടുക്കുന്നതെങ്ങനെ?

പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് അവരുടെ അഭിരുചി അനുസരിച്ച് കോഴ്‌സുകളും കരിയറും കണ്ടെത്തുന്നതിന് “K-DAT Nodal Centre”കൾ നിങ്ങളെ സഹായിക്കും. കേരളത്തിൽ ഹയർ സെക്കൻഡറി സ്‌കൂൾ കേന്ദ്രീകരിച്ച് 88 K-DAT നോഡൽ സെന്ററുകളാണ് 2018ൽ ആരംഭിച്ചത്. ഓൺലൈൻ മോഡിലാണ് ടെസ്റ്റ് നടക്കുന്നത് എന്നുള്ളത് കൊണ്ട് തന്നെ വിദ്യാർഥികൾക്ക് വളരെ എളുപ്പത്തിൽ രസകരമായി ചെയ്യാവുന്നതാണ്. നോഡൽ സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് User Name ഉം Password ഉം കിട്ടുന്ന വിദ്യാർഥിക്ക് ഏകദേശം മൂന്ന് മണിക്കൂർ എടുത്ത് ആറ് മേഖലകളിലായി ഇംഗ്ലീഷിലോ മലയാളത്തിലോ ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താവുന്നതാണ്.

K-DATൽ പരിശോധിക്കുന്ന ആറ് മേഖലകൾ

അബ്‌സ്ട്രാക്റ്റ് റീസണിംഗ്, മെക്കാനിക്കൽ റീസണിംഗ്, ന്യൂമെറിക്കൽ എബിലിറ്റി, സ്‌പേയ്‌സ് റിലേഷൻ, വെർബൽ എബിലിറ്റി, വെർബൽ റീസണിംഗ് തുടങ്ങിയവയാണ് ആറ് മേഖലകൾ. ഓരോ മേഖലയിലെ Test നുമിടയിൽ ആവശ്യമായ സാവകാശം കൊടുത്തും വളരെ താത്പര്യത്തോടെയുമാണ് വിദ്യാർത്ഥികൾ K-DAT നെ അഭിമുഖീകരിച്ച് കാണുന്നത്. പ്രസ്തുത Test വിജയകരമായി പൂർത്തിയാക്കുന്നതോടെ റിസൾട്ട് ശതമാന രൂപത്തിൽ പ്രിന്റായി ലഭിക്കുന്നതാണ്.

K-DATന് ശേഷം
കൗൺസലിംഗ് ആവശ്യമാണോ?

തന്റെ കുട്ടിയുടെ അഭിരുചി എന്താണെന്നറിയാൻ ഓരോ രക്ഷിതാവിനും ആഗ്രഹമുണ്ടാകും. ഏതൊരു രക്ഷിതാവിനും വിദ്യാർഥിക്കും “K DAT ” റിസൾട്ടിന്റെ അടിസ്ഥാനത്തിൽ അഭിരുചി മനസ്സിലാക്കി കൊടുക്കുന്നതിന് ചുരുങ്ങിയത് അരമണിക്കൂർ നീണ്ട കൗൺസലിംഗ് സെഷൻ ആവശ്യമാണ്. രക്ഷിതാവും വിദ്യാർഥിയും കൗൺസിലറും ചേർന്ന ഈ സിറ്റിംഗിൽ കുടുംബ പശ്ചാത്തലം, സാമ്പത്തിക പശ്ചാത്തലം തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ചയാവുകയും വിദ്യാർഥിയുടെ യഥാർഥ കരിയർ മാർഗം രൂപവത്കരണത്തിന് സഹായകമാവുകയും ചെയ്യുന്നു. വളരെ അന്തർമുഖനായി (Introvert) ക്ലാസിൽ കണ്ടിരുന്ന ഒരു വിദ്യാർഥി അവന്റെ ഡിസൈനിംഗ് മേഖലയിലുള്ള അഭിരുചി ” K-DAT Test” ലൂടെ തിരിച്ചറിഞ്ഞപ്പോൾ ആ കുടുംബത്തിനുണ്ടായ അനുഭൂതി ഒരു K-DAT കൗൺസിലർ എന്ന നിലക്ക് നേരിട്ടറിയാനിടയായി. ” നിങ്ങളുടെ കുട്ടികളെ നിങ്ങളുടെ അറിവുകളിൽ ബന്ധിതരാക്കരുത്. കാരണം, അവർ ജനിച്ചത് മറ്റൊരു കാലത്താണ്” എന്ന ചൈനീസ് പഴമൊഴിയുടെ സാരം K-DAT Test ഉം കൗൺസലിംഗും നമ്മെ ബോധ്യപ്പെടുത്തുന്നു.
.

റിസോഴ്സ് പേഴ്സൻ, ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി എജുക്കേഷൻ

---- facebook comment plugin here -----

Latest