അബദ്ധത്തില്‍ ‘താമര’ക്ക് കുത്തി; വിരല്‍ മുറിച്ച് യുവാവ് സ്വയം ശിക്ഷ വിധിച്ചു

Posted on: April 19, 2019 3:15 pm | Last updated: April 21, 2019 at 12:38 pm

ലക്നൗ: അബദ്ധത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതില്‍ മനംനൊന്ത് യുവാവ് വിരല്‍ മുറിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ബിഎസ്പി അനുഭാവിയായ പവന്‍കുമാര്‍ (25) ആണ് താമരക്ക് വോട്ട് ചെയ്ത വിരല്‍ മുറിച്ച് സ്വയം ശിക്ഷ വിധിച്ചത്. ശാന്തിപുര്‍ പൊലീസ് സ്റ്റേഷനു പരിധിയില്‍ വരുന്ന അബ്ദുള്ളപൂര്‍ ഹല്‍സപൂര്‍ ഗ്രാമത്തിലെ വോട്ടറാണ് പവന്‍ കുമാര്‍.

വ്യാഴാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ് ബുലന്ദഷഹര്‍ മണ്ഡലത്തില്‍ യുവാവ് വോട്ട് രേഖപ്പെടുത്തിയത്. ബിജെപിയുടെ സിറ്റിംഗ് എംപി ഭോല സിംഗും എസ്പി-ബിസ്പി-ആര്‍എല്‍ഡി സഖ്യത്തിന്റെ യോഗേഷ വര്‍മയും തമ്മിലായിരുന്നു ഇവിടെ മത്സരം. പവന്‍കുമാര്‍ വോട്ട് ചെയ്തപ്പോള്‍ മാറി ഞെക്കിയത് താര ചിഹ്നം. ഇതോടെ അസ്വസ്ഥനായ യുവാവ് വീട്ടിലെത്തി വിരല്‍ മുറിച്ചുകളയുകയായിരുന്നു. വിരല്‍ മുറിക്കുന്നതിന്റെ വീഡിയോ പവന്‍ കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.