പ്രധാനമന്ത്രിക്ക് പിറകെ കേന്ദ്ര മന്ത്രിയുടെ കോപ്റ്ററിലും ദുരൂഹ പെട്ടി; പരിശോധിക്കാന്‍ അനുവദിച്ചില്ല; പണമെന്ന് സംശയം

Posted on: April 18, 2019 5:16 pm | Last updated: April 19, 2019 at 10:32 am

ന്യൂഡല്‍ഹി: കര്‍ണാടക സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ അജ്ഞാത പെട്ടി കണ്ടതിന്റെ ചര്‍ച്ചകള്‍ തീരും മുമ്പ് തന്നെ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ കോപ്റ്ററിലും ദുരൂഹതയുണര്‍ത്തുന്ന പെട്ടി കണ്ടെത്തി. കഴിഞ്ഞ ദിവസം ഒഡീഷയില്‍ എത്തിയപ്പോഴാണ് മന്ത്രിയുടെ കോപ്റ്ററില്‍ അജ്ഞാത പെട്ടി കണ്ടത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രി അവരോട് തട്ടിക്കയറി. പരിശോധിക്കാന്‍ അനുവദിച്ചതുമില്ല. സംഭവത്തില്‍ മന്ത്രിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ബിജെഡി രംഗത്ത് വന്നിട്ടുണ്ട്.

സീല്‍ ചെയ്ത നിലയിലായിരുന്നു പെട്ടി. പെട്ടി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ മന്ത്രി കോപാകുലനായി പ്രതികരിച്ചു. പരിശോധനയുമായി സഹകരിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരും മന്ത്രിയോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

പെട്ടിയില്‍ പണമാണെന്നാണ് ബിജെഡി ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രിയുടെ കോപ്റ്ററില്‍ നിന്ന് അജ്ഞാത പെട്ടി പുറത്തേക്ക് കൊണ്ടുപൊയത് വിവാദമായത്.