ഉദ്യോഗസ്ഥര്‍ക്ക് കൊടും വനത്തിലൂടെ നാല് ദിവസത്തെ യാത്ര; 483 കിലോമീറ്റര്‍ ദൂരം; എല്ലാം ഒരേ ഒരു വോട്ടര്‍ക്ക് വേണ്ടി!!

Posted on: April 18, 2019 4:30 pm | Last updated: April 19, 2019 at 3:16 pm

മലോഗാം (അരുണാചല്‍ പ്രദേശ്): ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പലതുകൊണ്ടും വ്യത്യസ്തമാണ്. വോട്ടവകാശമുള്ള മുഴുവന്‍ പൗരന്മാര്‍ക്കും വോട്ട് ചെയ്യുവാനുള്ള സൗകര്യം ഏര്‍പെടുത്തുന്നതില്‍ ജാഗരൂഗരാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ അത് വ്യക്തമാകും. ഇവിടെ ഒരു കുഗ്രാമത്തിലുള്ള ഒരേ ഒരു വോട്ടര്‍ക്ക് വോട്ട് ചെയ്യുന്നതിന് ബൂത്ത് ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നാല് ദിവസം യാത്ര ചെയ്യേണ്ടിവന്നു. കൊടുംവനത്തിലൂടെയും കുന്നിന്‍മുകളിലൂടെയും 483 കിലോമീറ്റര്‍ സഞ്ചരിച്ചാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ ഇവിടെയത്തിയത്.

വടക്കുകിഴക്കന്‍ അരുണാചലിലെ മലോഗമിലാണ് ഈ ബൂത്ത് സജ്ജീകരിച്ചത്. ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 11നായിരുന്നു ഇവിടെ തിരഞ്ഞെറ്റുപ്പ്. ആകെ അഞ്ച് പേരാണ് ഇൗ ഗ്രാമത്തിലുള്ളത്. എന്നാല്‍ അവരില്‍ വോട്ടവകാശമുള്ളത് സൊകേല തയംഗ് എന്ന ഒരേ ഒരു സ്ത്രീക്ക് മാത്രം. അവരെ തേടിയാണ് പ്രിസൈഡിംഗ് ഓഫീസറായ ഗമ്മര്‍ ബാമും സംഘവും കിലോമീറ്ററുകൾ താണ്ടി എത്തിയത്. രാവിലെ ഒന്‍പതരക്ക് തന്നെ സൊകേല എത്തി വോട്ടവകാശം വിനിയോഗിക്കുകയും ചെയ്തു. ഇതോടെ ഇവിടെ നൂറ് ശതമാനം പോളിംഗും നടന്നു.

തിബറ്റിന്റെ അതിര്‍ത്തിപ്രദേശമാണ് മലോഗാം. ചുറ്റും ഗോരവനങ്ങളാല്‍ ചുറ്റപ്പെട്ട ഈ സ്ഥലത്ത് ഷീറ്റ് ഉപയോഗിച്ച് താത്കാലിക പോളിംഗ് ബൂത്ത് ഒരുക്കുകയായിരുന്നു. അഞ്ച് ഉദ്യോഗസ്ഥര്‍ക്കായിരുന്നു ഇവിടെ പോളിംഗ് ചുമതല ഉണ്ടായിരുന്നത്. രണ്ട് വോട്ടിംഗ് മെഷീനുകളുമായി ഹവായിയില്‍ നിന്നാണ് ബാമും സംഘവും യാത്ര തിരിച്ചത്. ബാറ്ററിയിടുന്ന ടോര്‍ച്ച്, ഒരു കെട്ട് പേപ്പര്‍, ബക്കറ്റ് തുടങ്ങിയവയും സംഘം കരുതിയിരുന്നു.

സൊകേലയെ തേടിയുള്ള യാത്രക്കിയടയില്‍ ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനും ശ്രമമുണ്ടായി. സൊകേല ഇപ്പോള്‍ അവിടെ ഇല്ലെന്നും സ്ഥലം മാറിപ്പോയെുന്നുമാണ് ചിലര്‍ പറഞ്ഞത്. എന്നാല്‍ ഇതൊന്നും വകവെക്കാതെ സംഘം മുന്നോട്ട് നീങ്ങുകയായിരുന്നു.

2014ലെ തിരഞ്ഞെടുപ്പില്‍ സൊകേലയുടെ ഭര്‍ത്താവിനും വോട്ടുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം പിന്നീട് വോട്ട് മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.

ഗുജറാത്തിലുമുണ്ട് സമാനമായ പോളിംഗ് ബൂത്ത്. ലഡാക്ക് മേഖലയിലെ ഒരു ഗ്രാമത്തില്‍ ഒരാള്‍ക്ക് വോട്ട് ചെയ്യുന്നതിന് ബൂത്ത് സജ്ജീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഖോരവനത്തിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ഓക്‌സിജന്‍ സിലിണ്ടറുമായാണ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തുന്നത്.

ഓരോ വോട്ടര്‍ക്കും അയാളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പോളിംഗ് സ്േറ്റഷന്‍ ഒരുക്കണമെന്നാണ് നിയമം.