Connect with us

Thiruvananthapuram

അടിയൊഴുക്ക്, പിരിമുറുക്കം; പ്രവചനാതീതമായി തലസ്ഥാന മണ്ഡലം

Published

|

Last Updated

പതിനേഴാം ലോക്‌സഭാ തിരഞ്ഞടുപ്പിൽ സംസ്ഥാനത്ത് ദേശീയ ശ്രദ്ധയാകർഷിച്ച ത്രികോണ മത്സരം നടക്കുന്ന തലസ്ഥാന മണ്ഡലത്തിലെ പോരാട്ടത്തിന് വീറും വാശിയും നിറയുമ്പോൾ ഫലം പ്രവചനാതീതമാകുന്നു. സംസ്ഥാനത്തെ ഇതര മണ്ഡലങ്ങളെ അപേക്ഷിച്ച് ഒരു പാർട്ടിയെയും കൂടുതൽ കാലം പൊറുപ്പിക്കാത്ത തിരുവനന്തപുരത്തെ വോട്ടർമാർ വോട്ട് ചെയ്യാനുള്ള മാനദണ്ഡങ്ങളിലും വ്യത്യസ്തത
പുലർത്തുന്നവരാണെന്നതും തിരഞ്ഞെടുപ്പ് ഫലത്തെ കൂടുതൽ സങ്കീർണമാക്കുന്നതാണ്.

മണ്ഡലം ലക്ഷ്യമിട്ടുകൊണ്ടുള്ള മൂന്ന് മുന്നണികളുടെയും നീക്കങ്ങൾ വളരെ കരുതലോടെയാണ്. ജാതി, മതം, സമുദായം തുടങ്ങിയവ വേർതിരിച്ചുള്ള കണക്കെടുപ്പ്, ബൂത്ത് തല വോട്ട് സമാഹരണം, താഴേ തട്ടിലുള്ള നിരന്തരമായ ഇടപെടൽ തുടങ്ങിയ പ്രചാരണ പരിപാടികളിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമുണ്ട്. എന്നാൽ ക്ഷേത്ര ആചാരങ്ങൾ മുൻതൂക്കം നൽകുന്ന മണ്ഡലത്തിലെ ഹിന്ദു സ്ത്രീ വോട്ടർമാർക്കിടയിൽ ശബരിമല വിഷയം സ്വാധീനിക്കുമെന്നതിനാൽ ബി ജെ പിയും കോൺഗ്രസും ഇതും പയറ്റുന്നുണ്ട്. ഇതുവഴി ഇടതുവിരുദ്ധ വോട്ടുകളാണ് ഇരുവരും ലക്ഷ്യമിടുന്നത്.

എന്നാൽ ഇടതുപക്ഷത്തിന്റെ സംഘടനാ ശക്തി കൊണ്ട് ഇതിനെ മറികടക്കാനാകുമെന്നാണ് എൽ ഡി എഫ് സ്ഥാനാർഥിയുടെ പ്രതീക്ഷ.
സി പി ഐ സ്ഥാനാർഥി എന്നതിനപ്പുറം സി പി എമ്മിനുകൂടി സ്വീകാര്യനാണ് സ്ഥാനാർഥി സി ദിവാകരനെന്നതിനാൽ മണ്ഡലത്തിലെ ഒന്നാമനായ സി പി എമ്മിന്റെ പൂര്‍ണ
പിന്തുണ ലഭിക്കുന്നുണ്ടെന്നതും ദിവാകരന് ആശ്വാസമാണ്.
എന്നാൽ തന്റെ അന്താരാഷ്ട്ര പ്രതിച്ഛായക്കൊപ്പം കുമ്മനത്തിന്റെ വിജയം സംസ്ഥാനത്തെ മതേതര സ്വഭാവത്തിനുണ്ടാക്കുന്ന ക്ഷീണം ചൂണ്ടിക്കാട്ടിയാണ് തരൂർ വോട്ടു തേടുന്നത്. ഇതുവഴി സഹതാപ വോട്ടുകളും ഫാസിസ്റ്റ് വിരദ്ധ വോട്ടുകളും പെട്ടിയിൽ വീഴുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് ക്യാമ്പ്.

അതേസമയം ചില ചാനലുകളുടെ സർവേകൾ അനുകൂലമായി വന്നത് ബി ജെ പി ക്യാമ്പിൽ പ്രതീക്ഷകൾ നൽകുന്നുണ്ടെങ്കിലും ഇതിന്റെ വരുംവരായ്കകൾ മുൻകൂട്ടി കണ്ടാണ് ബി ജെ പി പ്രചാരണ തന്ത്രങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. ബി ജെ പി ജയിക്കുമെന്ന പ്രചാരണം ശക്തമായാൽ മണ്ഡലത്തിലെ ഫാസിസ്റ്റ് വോട്ടുകൾ ഏകീകരിക്കപ്പെടുമെന്ന ആശങ്ക ബി ജെ പിക്കുണ്ട്. ഇത് മറികടക്കാൻ വളരെ കരുതലോടെയും നിശ്ശബ്ദവുമായ പ്രചാരണ തന്ത്രമാണ് ബി ജെ പി അവസാനഘട്ടത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. മാറി മറയുന്ന വോട്ടുകളും അടിയൊഴുക്കുമായിരിക്കും മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുകയെന്നതിനാൽ മൂന്ന് മുന്നണികളിലും ഇതിന്റെ പിരിമുറുക്കം അനുഭവപ്പെടുന്നുണ്ട്.

നേരത്തെ എൽ ഡി എഫ്, യു ഡി എഫ് സ്ഥാനാർഥികൾ നേരിട്ട് ഏറ്റുമുട്ടിയിരുന്ന ഇവിടെ കഴിഞ്ഞ തവണ ഇടതു സ്ഥാനാർഥിയുടെ ബലഹീനത മുതലെടുത്തും യു ഡി എഫ് സ്ഥാനാർഥിക്കെതിരായ ആരോപണങ്ങൾ പ്രചാരണായുധമാക്കിയുമാണ് ബി ജെ പി ചിത്രത്തിലിടം നേടിയത്. നിരന്തരമായ തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് ഉടലെടുത്ത സഹതാപം അന്നത്തെ ബി ജെ പി സ്ഥാനാർഥി ഒ രാജ ഗോപാലിന് തുണയായിരുന്നു. അതേസമയം ഇത്തവണ 50 ശതമാനത്തിലേറെ വരുന്ന ഹിന്ദു വോട്ടുകൾ ഏകീകരിക്കുകയെന്ന ലക്ഷ്യവുമായാണ് ബി ജെ പി തീവ്ര ഹിന്ദുത്വ വാദിയായ കുമ്മനം രാജശഖരനെ രംഗത്തിറക്കിയത്.

Latest