ഇസ്‌ലാമിക നിയമങ്ങളിലെ കോടതിയിടപെടലുകള്‍ മതപ്രമാണങ്ങള്‍ പരിഗണിച്ചാവണം: കാന്തപുരം

Posted on: April 16, 2019 7:23 pm | Last updated: April 17, 2019 at 10:28 am

കോഴിക്കോട്: മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഇടപെടല്‍ മതത്തിനകത്തെ വിശ്വാസസംഹിതകളെ മാനിച്ചാവണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മുസ്ലിം സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ ഏറ്റവും ഉത്തമം വീടാണ് എന്നാണ് ഇസ്‌ലാമിന്റെ അടിസ്ഥാന മതപ്രമാണം പഠിപ്പിക്കുന്നത്. മക്കയില്‍ പോവുന്നത് ഹജ്ജിനും ഉംറക്കുമാണ്. അവ നിര്‍വ്വഹിക്കുന്നതിന് ഭാഗമായുള്ള മക്കയിലെ പള്ളിപ്രവേശം മറ്റിടങ്ങിലും സന്ദര്‍ഭങ്ങളിലും വേണ്ടതില്ല. വീട്ടില്‍ വെച്ചുള്ള നിസ്‌കാരമാണ് സ്ത്രീകള്‍ക്ക് ഏറ്റവും ഉത്തമം. അക്കാരണത്താലാണ് മിക്കവാറും പള്ളികളില്‍ വെച്ച് മാത്രം നടക്കുന്ന ജുമുഅ നിസ്‌കാരം സ്ത്രീക്ക് നിര്ബന്ധമില്ല എന്ന ഇസ്ലാമിക വിധിയുള്ളതെന്നും കാന്തപുരം പറഞ്ഞു.

ഇസ്‌ലാമിക വ്യവഹാരങ്ങളില്‍ തീരുമാനം പറയുമ്പോള്‍ അക്കാര്യത്തില്‍ ഇടപെടുന്ന മതപണ്ഡിതരുമായി ആലോചിച്ചാണ് കോടതികള്‍ ഇടപെടേണ്ടത്. മതത്തിന്റെ യഥാര്‍ത്ഥ വശത്തെ തള്ളിക്കളഞ്ഞ വളരെ ചെറിയ ശതമാനം ആളുകള്‍ മാത്രമാണ് സ്ത്രീപള്ളിപ്രവേശം വേണമെന്ന് വാദിക്കുന്നത്. ഇസ്‌ലാമിന്റെ മൗലികമായ ജ്ഞാനവ്യവസ്ഥയെ ലംഘിക്കുന്നവരാണ് ഇവരെന്നതിനാല്‍ മുസ്ലിം സമുദായത്തിനകത്ത് നിന്ന് വരുന്ന തീവ്രവാദം പോലുള്ള ശരിയല്ലാത്ത പ്രവണതകളുടെ കാരണക്കാരും ഇത്തരം പിഴച്ച ചിന്താഗതിക്കാര്‍ ആണെന്ന് കാണാം. സ്ത്രീപള്ളി പ്രവേശവുമായി ബന്ധപ്പെട്ടു മതപരമായ നിലപാടുകളെ ഉത്തരവാദിത്തപ്പെട്ടവരെ ബോധ്യപ്പെടുത്തുമെന്നും കാന്തപുരം പറഞ്ഞു.