പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എല്‍ ഡി എഫ് ശ്രമമെന്ന് പ്രേമചന്ദ്രന്‍; കളവെന്ന് ബാലഗോപാല്‍

Posted on: April 15, 2019 10:24 am | Last updated: April 15, 2019 at 1:48 pm

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടര്‍മാരെ ഇടതു മുന്നണി പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്‍. വോട്ടിനു പണം നല്‍കുന്ന രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനമാണ് എല്‍ ഡി എഫ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘ആര്‍ക്കൊക്കെ പണം നല്‍കണമെന്ന് എല്‍ ഡി എഫ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്നോ നാളെയോ പണം വിതരണം ചെയ്യും. എനിക്കെതിരായ ആരോപണങ്ങളും വ്യക്തിഹത്യയും ഏശുന്നില്ലെന്ന് വന്നപ്പോള്‍ പുതിയ തന്ത്രം പ്രയോഗിക്കുകയാണ്.’- പ്രേമചന്ദ്രന്‍ പറഞ്ഞു.

അതേസമയം, പ്രേമചന്ദ്രന്‍ പറയുന്നത് പച്ചക്കളവാണെന്ന് ഇടതു സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഈ ആരോപണം യു ഡി എഫുകാര്‍ പോലും വിശ്വസിക്കില്ല. പരാജയ ഭീതി പിടികൂടിയതാണ് പ്രേമചന്ദ്രനെ ഇങ്ങനെയെല്ലാം പറയാന്‍ പ്രേരിപ്പിക്കുന്നത്.