Connect with us

Editorial

ഫ്രഞ്ച് പത്രത്തിന്റെ പുതിയ വെളിപ്പെടുത്തല്‍

Published

|

Last Updated

മോദി സര്‍ക്കാറിനെ ഒരു ഒഴിയാബാധയായി പിന്തുടര്‍ന്നു കൊണ്ടിരിക്കയാണ് റാഫേല്‍ ഇടപാടിലെ ക്രമക്കേടുകള്‍. അനില്‍ അംബാനിയുടെ കമ്പനിക്ക് വേണ്ടിയാണ് യു പി എ സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയ കരാറില്‍ മോദി മാറ്റങ്ങള്‍ വരുത്തിയതും പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ നേരിട്ടു ഇടപെടല്‍ നടത്തിയതും. ഈ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഇതു സംബന്ധിച്ച് ഇന്ത്യയിലെയും ഫ്രാന്‍സിലെയും പത്രങ്ങള്‍ പുറത്തു കൊണ്ടുവരുന്ന വിവരങ്ങളത്രയും. റിലയന്‍സ് ഉടമ അംബാനിയുടെ ഫ്രാന്‍സിലുള്ള കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ വന്‍തുക നികുതിയിളവ് നല്‍കിയത്, റാഫേല്‍ ഇടപാടിനുള്ള പ്രത്യുപകാരമായിട്ടാണെന്നാണ് ഇതു സംബന്ധിച്ച് ഏറ്റവും ഒടുവില്‍ പുറത്തു വന്ന റിപ്പോര്‍ട്ട്. ഫ്രഞ്ച് പത്രമായ “ലെ മൊന്തെ” രണ്ട് ദിവസം മുമ്പാണ് ഈ വിവരം വെളിപ്പെടുത്തിയത്.

ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന അനില്‍ അംബാനിയുടെ “റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ്” കമ്പനിക്ക് നികുതി വെട്ടിപ്പ് നടത്തിയതിന് 2007- 2010 കാലഘട്ടത്തില്‍ ഫ്രഞ്ച് ആദായനികുതി വകുപ്പ് 60 ദശലക്ഷം യൂറോ പിഴയിട്ടിരുന്നു. ഏഴര ദശലക്ഷം യൂറോ നല്‍കി ഇത് ഒതുക്കിത്തീര്‍ക്കാന്‍ അംബാനി ശ്രമിച്ചെങ്കിലും ഫ്രഞ്ച് സര്‍ക്കാര്‍ വഴിപ്പെട്ടില്ല. മാത്രമല്ല, പിഴയടവ് താമസിപ്പിച്ചതിന് 2010- 2012 കാലഘട്ടത്തില്‍ 91 ദശലക്ഷം യൂറോ അധിക നികുതി കൂടി അടക്കണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് ആദായനികുതി വകുപ്പ് റിലയന്‍സ് കമ്പനിക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. അതോടെ കമ്പനിയുടെ പിഴ ബാധ്യത 151 ദശലക്ഷം യൂറോയായി ഉയര്‍ന്നു. നികുതി വെട്ടിപ്പ് സംബന്ധിച്ച് റിലയന്‍സ് കമ്പനി നിയമ നടപടികള്‍ നേരിട്ടു കൊണ്ടിരിക്കെയാണ് 2015 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദുമായി ചര്‍ച്ച നടത്തിയതും 36 റാഫേല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചതും. ഇതു കഴിഞ്ഞ് ഏറെ താമസിയാതെയാണ് തുച്ഛമായ 7.3 ദശലക്ഷം യൂറോ കൈപ്പറ്റി അനില്‍ അംബാനിയുടെ നികുതി വെട്ടിപ്പ് സംബന്ധിച്ച നടപടി ഫ്രഞ്ച് സര്‍ക്കാര്‍ അവസാനിപ്പിക്കുന്നത്. ഇതുവഴി 143.7 ദശലക്ഷം യൂറോയുടെ (ഏകദേശം 1,034 കോടി രൂപ) ഇളവാണ് റിലയന്‍സ് കമ്പനിക്ക് ലഭിച്ചത്. നികുതിയിനത്തില്‍ ഫ്രാന്‍സിന് ലഭിക്കേണ്ട 14.37 കോടി യൂറോ റാഫേല്‍ ഇടപാടിന്റെ ഭാഗമായി റിലയന്‍സിന് ഇളവ് ചെയ്തത് ഫ്രാന്‍സിലും വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ഫ്രഞ്ച് മാധ്യമ വാര്‍ത്തകള്‍ കേന്ദ്ര സര്‍ക്കാറിന് കനത്ത ആഘാതമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍, അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയതും റാഫേല്‍ ഇടപാടും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന വിശദീകരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം രംഗത്തു വന്നിട്ടുണ്ട്. അവിഹിതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ഫ്രഞ്ച് നികുതി നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഒത്തുതീര്‍പ്പെന്നും റിലയന്‍സ് കമ്പനിയും വിശദീകരിക്കുന്നു. എന്നാല്‍ നികുതി വെട്ടിപ്പ് നടത്തിയ വിദേശ കമ്പനികളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഫ്രഞ്ച് നിയമത്തില്‍ വ്യവസ്ഥകളുണ്ടെങ്കില്‍, നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുന്നതു വരെ പിഴയുടെ കാര്യത്തില്‍ ഫ്രഞ്ച് ആദായനികുതി വകുപ്പ് കര്‍ക്കശ നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടായിരുന്നുവെന്നും റിലയന്‍സ് കമ്പനിക്ക് നികുതിയിളവ് നല്‍കിയത് ഫ്രഞ്ച് സമൂഹത്തില്‍ വിവാദമായതിന്റെ പശ്ചാത്തലം എന്തെന്നും കേന്ദ്ര സര്‍ക്കാറും റിലയന്‍സും വ്യക്തമാക്കേണ്ടതുണ്ട്.

റാഫേല്‍ അഴിമതി ആരോപണത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ നേരത്തെ പലപ്പോഴായി സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങളെല്ലാം വ്യാജമായിരുന്നുവെന്ന് പിന്നീട് വ്യക്തമായിട്ടുണ്ട്. റാഫേല്‍ വിമാനങ്ങളുടെ വില സി എ ജി പരിശോധിച്ച് റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ സമര്‍പ്പിക്കുകയും പാര്‍ലിമെന്റ് സമിതി (പി എ സി) ഇത് പരിശോധിക്കുകയും ചെയ്തതായി നേരത്തെ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പി എ സി ചെയര്‍മാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇക്കാര്യം നിഷേധിച്ചതോടെ, ഇത് അച്ചടിപ്പിശകാണെന്ന് പറഞ്ഞു കേന്ദ്രം ഒഴിഞ്ഞു മാറി. വിമാനക്കച്ചവടത്തില്‍ ഫ്രഞ്ച് കമ്പനിയുമായുള്ള ചര്‍ച്ചക്ക് നിയോഗിക്കപ്പെട്ടിരുന്ന വിദഗ്ധ സംഘത്തെ മാറ്റി നിര്‍ത്തി, പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടു ചര്‍ച്ച നടത്തിയെന്ന ആരോപണം കേന്ദ്രം നിഷേധിച്ചിരുന്നതാണ്. എന്നാല്‍ ചര്‍ച്ച നടത്തിയ കാര്യം പിന്നീട് പ്രതിരോധ സെക്രട്ടറിയായിരുന്ന ജി മോഹന്‍കുമാര്‍ സ്ഥിരീകരിച്ചു. മാത്രമല്ല, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ രാജ്യ താത്പര്യത്തിനു ദോഷകരമായി ബാധിച്ചതായി പ്രതിരോധ മന്ത്രാലയത്തിനയച്ച കത്തില്‍ മോഹന്‍കുമാര്‍ വെളിപ്പെടുത്തുകയും ചെയ്തു.

“ദ ഹിന്ദു” പത്രം പുറത്തു വിട്ട പുതിയ രേഖകള്‍ അടുത്തിടെ കോടതിയില്‍ ഹാജരാക്കപ്പെട്ടപ്പോള്‍, ഈ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്നും മന്ത്രാലയത്തില്‍ നിന്ന് വിരമിച്ചവരോ നിലവില്‍ അവിടെ ജോലി ചെയ്യുന്നവരോ ആണ് മോഷ്ടാക്കളെന്നുമായിരുന്നു അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞത്. ഇത് ഔദ്യോഗിക രഹസ്യ നിമയത്തിന്റെ ലംഘനമായതിനാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പ്രസ്താവന വിവാദമായതോടെ, രേഖകള്‍ മോഷണം പോയെന്നല്ല പറഞ്ഞത്, പ്രതിരോധ മന്ത്രാലയത്തിലെ രേഖകളുടെ പകര്‍പ്പാണ് കോടതിയില്‍ ഹാജരാക്കിയതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി എ ജി മലക്കം മറിഞ്ഞു. ഈ വിധം പരസ്പരവിരുദ്ധമായ പ്രസ്താവനകളും മാറ്റിപ്പറച്ചിലുകളുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഫ്രഞ്ച് പത്രത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച സര്‍ക്കാര്‍ വിശദീകരണവും വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

Latest