Connect with us

National

ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു; ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

Published

|

Last Updated

മുംബൈ: ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷാ നിര്‍ഭരമായ കാത്തിരിപ്പിന് വിരാമം കുറിച്ച് വരുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച വൈകിട്ടോടെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കും. മുംബൈയിലാണ് എം എസ് കെ പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി 15 അംഗ ടീമിനെ പ്രഖ്യാപിക്കുക. മെയ് 30 മുതലാണ് ഇംഗ്ലണ്ടിലും വെയില്‍സിലുമായി ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.

രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെയാകും ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരായി കളത്തിലിറങ്ങുക. വിരാട് കോലി, എം എസ് ധോനി, കേദാര്‍ ജാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നും ഏറെക്കുറെ ഉറപ്പാണ്.

ബാക്കി നാലു സ്ഥാനത്തേക്ക് ആറു പേര്‍ പരിഗണനാ പട്ടികയിലുണ്ട്. അമ്പാട്ടി റായിഡു, ദിനേഷ് കാര്‍ത്തിക്ക്, ഋഷഭ് പന്ത് , ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ എന്നിവര്‍. റിസര്‍വ് വിക്കറ്റ് കീപ്പറായി ഒരാള്‍ വേണമെന്നതിനാല്‍ ഋഷഭ് പന്തിനോ ദിനേഷ് കാര്‍ത്തിക്കിനോ സ്ഥാനം ലഭിച്ചേക്കും. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ അവസാന നാലിലേക്ക് ഋഷഭ് പന്ത്, ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ എന്നിവരാകും തിരഞ്ഞെടുക്കപ്പെടുകയെന്ന് ക്രിക്കറ്റ് വിദഗ്ധരും നിരീക്ഷകരും വിലയിരുത്തുന്നു.