‘ടെലിവിഷൻ തകർത്ത്’ കമല്‍ ഹാസന്റെ വീഡിയോ വൈറൽ

Posted on: April 14, 2019 2:42 pm | Last updated: April 14, 2019 at 2:42 pm


ചെന്നൈ: ഡി എം കെ നേതാവ് എം കെ സ്റ്റാലിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം കേട്ട് പ്രകോപിതനായി ടെലിവിഷന് നേരെ റിമോട്ട് വലിച്ചെറിയുന്ന നടൻ കമൽ ഹാസന്റെ വീഡിയോ വൈറലാകുന്നു. പക്ഷേ, ഈ വിഡിയോ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് തയ്യാറാക്കിയതാണെന്ന് മാത്രം. പ്രസംഗങ്ങളിൽ അസ്വസ്ഥനായി റിമോട്ട് വലിച്ചെറിഞ്ഞ ശേഷം പ്രേക്ഷകരോടായി ചില ചോദ്യങ്ങൾ ചോദിക്കുകയാണ് കമൽ ഹാസൻ.

തിരുമാനിച്ചു കഴിഞ്ഞോ? നിങ്ങൾ ആർക്കാണ് വോട്ട് ചെയ്യാൻ പോകുന്നത്? കുടുംബവാഴ്ചയുടെ പേരിൽ നാട് കുളം തോണ്ടിയവർക്കോ? അവകാശങ്ങൾക്ക് വേണ്ടി ഒത്തൊരുമിച്ച് പോരാടുമ്പോൾ നമ്മെ അടിച്ചുതകർത്തവർക്കോ? കാർഷിക മേഖല തകർത്ത് ജനങ്ങളെ വഴിയാധാരമാക്കിയവർക്കോ? കോർപറേറ്റുകളുടെ കൈക്കൂലിക്ക് വേണ്ടി ജനങ്ങളെ വെടിവെച്ചു കൊന്നവർക്കോ? അതല്ല, മാതാപിതാക്കൾ പറയുന്നവർക്കാണോ നിങ്ങൾ വോട്ട് ചെയ്യാൻ പോകുന്നത്? നിങ്ങൾ അങ്ങനെ പറയുന്നതും ഞാൻ കേൾക്കുന്നുണ്ട്.

മാതാപിതാക്കൾ പറയുന്നത് കേൾക്കണം. എന്നാൽ, ഏത് തരത്തിലുള്ള മാതാപിതാക്കൾ പറയുന്നത് കേൾക്കണമെന്ന് പറഞ്ഞുതരാം. നീറ്റിന്റെ പേരിൽ എല്ലാ ഭരണകൂടങ്ങളും ചേർന്ന് ഒരു പെൺകുട്ടിയെ കൊന്നില്ലേ. ആ പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത് കേൾക്കാം. അവർ പറഞ്ഞുതരും നിങ്ങൾ ആർക്ക് വോട്ട് ചെയ്യരുതെന്ന്. നിങ്ങളിൽ ഒരുവനായി നിന്ന് ചോദിക്കുന്നു, ഈ ഏപ്രിൽ 18ന് നിങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്ന്. നിങ്ങളുടെ വോട്ട് ബോധപൂർവം വിനിയോഗിക്കണം. നിങ്ങളുടെ വിജയത്തിന് ഞാനും കൂടെയുണ്ടാകും.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മാത്രം രൂപവത്കരിച്ച കമൽ ഹാസന്റെ മക്കൾ നീതി മയ്യം ഇതാദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കമൽ ഹാസൻ മത്സരിക്കുന്നില്ലെങ്കിലും തമിഴ്നാട്ടിൽ 39 സീറ്റുകളിലും പുതുച്ചേരിയിൽ ഒരു സീറ്റിലും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. തമിഴ്നാടിനെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റും, 50 ലക്ഷം യുവാക്കൾക്ക് ജോലി ലഭ്യമാക്കും, കാർഷിക മേഖലയിൽ പുരുഷന്മാർക്ക് തുല്യമായ കൂലി സ്ത്രീകൾക്കും ഏർപ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് കമൽ ഹാസൻ പ്രകടന പത്രികയിൽ മുന്നോട്ടുവെക്കുന്നത്.