Connect with us

Malappuram

"അപര ചിഹ്ന'ത്തെച്ചൊല്ലി പൊന്നാനിയിൽ സാമൂഹിക മാധ്യമ പോര്

Published

|

Last Updated

പൊന്നാനിയിലെ എൽ ഡി എഫ് സ്ഥാനാർഥി പി വി അൻവർ തിരൂരിൽ വോട്ടു തേടുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അപരസ്ഥാനാർഥിയുടെ ചിഹ്നം കാരണം ഏറെ തലവേദന സൃഷ്ടിക്കുകയാണ് പൊന്നാനിയിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ എം എൽ എ. അപരന്റെ ചിഹ്നം ഇടത് സ്വതന്ത്രന്റെ ചിഹ്നമെന്ന നിലക്ക് സാമൂഹി കമാധ്യമങ്ങൾ വഴി നടക്കുന്ന പ്രചാരണവും അതിനെ പ്രതിരോധിക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമങ്ങളുമാണ് ഇപ്പോൾ മണ്ഡലത്തിലെ ചർച്ചാവിഷയം.

കഴിഞ്ഞ തവണ പൊന്നാനിയിൽ ഇടതുപക്ഷത്തിന് ലഭിച്ച കപ്പും സോസറുമാണ് ഇത്തവണ അപരന്റെ ചിഹ്നമായി ഇടത് സ്ഥാനാർഥിക്ക് പാരയാകുന്നത്. വള്ളിക്കുന്ന് മണ്ഡലത്തിലെ വോട്ടറും പുത്തൂർ പള്ളിക്കൽ സ്വദേശിയുമായ പാലയിൽ വല്ലത്തൂ ർ (പി വി) അൻവറാണ് അപരസ്ഥാനാർഥി. സാമൂഹിക മാധ്യമങ്ങളിൽ ചിഹ്നങ്ങളെ ചൊല്ലിയുള്ള പ്രചാരണത്തിനെതിരെ ഇടത് സ്ഥാനാർഥി മലപ്പുറം എ ഡി എമ്മിന് പരാതിയും നൽകിയിട്ടുണ്ട്.

യു ഡി എഫ് ക്യാമ്പാകട്ടെ പരമാവധി പ്രചാരണം അപര ചിഹ്നത്തിന് സാമൂഹിക മാധ്യമങ്ങൾ വഴി നൽകുകയെന്ന തന്ത്രമാണ് സ്വീകരിക്കുന്നത്. ഇടത് സ്ഥാനാർഥി അൻവറിന്റെ ഫോട്ടോയും കപ്പും സോസറും വെച്ച് അൻവറിന് വോട്ട് ചെയ്യുക എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ സാമൂഹി കമാധ്യമ ഗ്രൂപ്പുകളുടെ പേരിലാണ് ഇതിൽ മിക്കതും. ഇടത് ചിഹ്നത്തെച്ചൊല്ലി നവമാധ്യമങ്ങളിൽ ചർച്ചയായതോടെ ഇടതുമുന്നണി സൈബർ വിംഗും പ്രവർത്തകരും മറുപ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്. യു ഡി എഫിന്റെ പരാജയഭീതിയാണ് ഇത്തരത്തിൽ വിലകുറഞ്ഞ പ്രചാരണ തന്ത്രം ഉപയോഗിക്കാൻ കാരണമെന്നാണ് ഇടതിന്റെ ആരോപണം.സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങൾ പ്രതിരോധിക്കുന്നിനൊപ്പം പര്യടനത്തിലുടനീളം തന്റെ ചിഹ്നമായ കത്രിക പരിചയപ്പെടുത്താനാണ് ഇടത് സ്ഥാനാർഥി കൂടുതൽ സമയം ചെലവഴിക്കുന്നത്. പര്യടന സ്ഥലങ്ങളിലെല്ലാം തന്നെ കത്രികയുടെ വലിയ മാതൃകകൾ സൃഷ്ടിച്ചാണ് പ്രവർത്തകർ ഇത്തരം പ്രചാരണങ്ങളെ മറികടക്കാൻ ശ്രമിക്കുന്നത്.
നിലവിൽ എൽ ഡി എഫ്-യു ഡി എഫ് സ്ഥാനാർഥികൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഇതിനിടയിലാണ് അപരന്റെ പേരിൽ വാക്ക് പോര് മുറുകുന്നത്. കൂടാതെ മറ്റൊരു അപരനായ കണ്ണൂരിലെ പേരാവൂർ സ്വദേശി റസീന മൻസിലിലെ പൊമ്മാണം വീട്ടിൽ (പി വി) അൻവറും രംഗത്തുണ്ട്. ഇദ്ദേഹത്തിന് സ്റ്റാപ്ലറാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.

ഇത്തവണ മലപ്പുറം ജില്ലയിലെ ഒരു സീറ്റിൽ വിജയിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. സാമൂഹികമാധ്യമങ്ങൾ വഴി വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അൻവറിന്റെ ഏജന്റും 2016ൽ തിരൂർ നിയമസഭാ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയുമായിരുന്ന ഗഫൂർ ലില്ലീസ് കഴിഞ്ഞ ദിവസം പരാതി നൽകിയിട്ടുണ്ട്.

ദി റപ്രസെന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട്, ഇലക്ഷൻ ഒഫൻസ് ആക്ട് (1954), വിവര സാങ്കേതിക നിയമം (2000), ഐ ടി ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമം, തിരഞ്ഞെടുപ്പ് ചട്ടങ്ങൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവുകൾ തുടങ്ങിയവ ലംഘിച്ചതിന്റെ തെളിവുകളും ഇതോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ അക്കൗണ്ട് വിവരങ്ങളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ യു ഡി എഫ് നിഷേധിക്കുകയാണ്. മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി ഇ ടി മുഹമ്മദ് ബശീറിന് മൂന്ന് അപരന്മാരുണ്ട്. അപരന്മാരായ മുഹമ്മദ് ബശീർ കോഴിശ്ശേരി ബാറ്റ് ചിഹ്നത്തിലും മുഹമ്മദ് ബശീർ നെച്ചിയൻ ജനലും മുഹമ്മദ് ബശീർ മംഗലശ്ശേരി ടി വി റിമോട്ട് ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.

Latest