പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പോലീസുകാരുടെ വിവര ശേഖരം: മുല്ലപ്പള്ളി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

Posted on: April 14, 2019 10:18 am | Last updated: April 15, 2019 at 7:36 am

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പോലീസുകാരുടെ വിവരം ശേഖരിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച ഡിജിപിക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ഉത്തരവ് ദുരൂഹമാണെന്നും പിന്‍വലിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

പോലീസുകാരെ ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. രണ്ട് ദിവസം മുമ്പാണ് ഡിജിപി വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പോസ്റ്റല്‍ വോട്ട് ചെയ്യുന്ന എല്ലാ പോലീസുകാരുടേയും വിവരങ്ങള്‍ ശേഖരിക്കണമെന്ന് എസ്പിമാര്‍ക്കാണ് ഉത്തരവ് നല്‍കിയത്. ഇടത് അനുകൂല അസോസിയേഷന് നല്‍കാനാണ് വിവരം ശേഖരിക്കുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇത് വഴി വോട്ട് അട്ടിമറിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.