Connect with us

Ongoing News

ഹരിയാനയിൽ ജെ ജെ പിയുമായി സഖ്യം; എ എ പി മൂന്ന് സീറ്റിൽ മത്സരിക്കും

Published

|

Last Updated

ന്യൂഡൽഹി: ജൻനായക് ജനതാ പാർട്ടി (ജെ ജെ പി)യുമായി ചേർന്ന് ഹരിയാനയിൽ മത്സരിക്കുമെന്ന് ആം ആദ്്മി പാർട്ടി വ്യക്തമാക്കി. പത്ത് ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് മൂന്നിടങ്ങളിലാണ് എ എ പി മത്സരിക്കുക. ശേഷിക്കുന്ന ഏഴ് മണ്ഡലങ്ങളിൽ ജെ ജെ പി മത്സരിക്കുമെന്ന് ഇരു പാർട്ടികളിലെയും മുതിർന്ന നേതാക്കൾ പറഞ്ഞു. സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന് പ്രത്യേക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

നേരത്തേ, ഗുരുഗ്രാം, ഫരീദാബാദ്, അംബാല, കാർണൽ മണ്ഡലങ്ങളിൽ എ എ പി മത്സരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, അതിനിടയിൽ നടന്ന ചർച്ചകളിലാണ് പുതിയ സീറ്റ് വീതം വെപ്പ് ധാരണകൾ ഉണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എ എ പി- ജെ ജെ പി സഖ്യം ഉണ്ടായിരിക്കുമെന്നും പാർട്ടി നേതാക്കൾ വ്യക്തമാക്കി. സംസ്ഥാനത്ത് ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പ് അടുത്ത മാസം 12നാണ്.
ഈ വർഷം ആദ്യം ജിന്ദ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എ എ പിയുടെ പിന്തുണയോടെ മത്സരിച്ച ജെ ജെ പി സ്ഥാനാർഥി ബി ജെ പിക്കെതിരെ ശക്തമായ മത്സരം കാഴ്ച വെച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന രൺദീപ് സുർജേവാലയെ പിന്തള്ളി ഈ സഖ്യം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഹരിയാനയിലെ മറ്റൊരു മണ്ഡലത്തിൽ സിറ്റിംഗ് എം എൽ എയായിരിക്കെയാണ് ശക്തമായ മത്സരത്തിന് വേണ്ടി കോൺഗ്രസ് മുതിർന്ന നേതാവായ സുർജേവാലയെ ജിന്ദ് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയത്. പക്ഷേ, എ എ പി- ജെ ജെ പി സഖ്യ സ്ഥാനാർഥിക്കും പിന്നിലായിരുന്നു വോട്ടെണ്ണിയപ്പോൾ സ്ഥാനം.

ചൂലും ചെരുപ്പും (എ എ പിയുടെയും ജെ ജെ പിയുടെയും ചിഹ്നം) ചേർന്ന് ഇത്തവണ ഹരിയാന തൂത്തുവാരുമെന്നാണ് നേതാക്കളുടെ അവകാശവാദം. കോൺഗ്രസിന് ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ല.

നരേന്ദ്ര മോദിയുടെയും ബി ജെ പിയുടെയും ഭരണം അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോൺഗ്രസുമായി ചേർന്ന് ബി ജെ പിയെ എതിരിടാൻ ശ്രമിച്ചിരുന്നെങ്കിലും അവർ താത്പര്യമെടുത്തില്ലെന്നും നേതാക്കൾ പറഞ്ഞു.