ജാലിയന്‍വാലാബാഗും ഖേദപ്രകടനവും

Posted on: April 13, 2019 11:07 am | Last updated: April 13, 2019 at 11:07 am

ഒരു നൂറ്റാണ്ട് മുമ്പ് ഇതുപോലൊരു ദിനത്തിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിത സംഭവമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നത്. 1919 ഏപ്രില്‍ 13ന് പഞ്ചാബിലെ അമൃത്‌സറില്‍ സുവര്‍ണ ക്ഷേത്രത്തിനു സമീപത്തുള്ള ജാലിയന്‍വാലാബാഗ് മൈതാനത്തു തടിച്ചുകൂടിയ ജനങ്ങള്‍ക്കുനേരെ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവെപ്പില്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റ കണക്ക് പ്രകാരം 379 പേരാണ് പിടഞ്ഞുവീണ് മരിച്ചത്. യഥാര്‍ഥത്തില്‍ മരണം ആയിരത്തിലധികം വരും.

ആയിരക്കണക്കിനു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
1919 മാര്‍ച്ചില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാസാക്കിയ റൗലറ്റ് ആക്ട് എന്ന കരിനിയമത്തിനെതിരെ പഞ്ചാബില്‍ നടന്ന പ്രതിഷേധ പ്രകടനം സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് അഞ്ച് യൂറോപ്യന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പ്രതികാരമായിരുന്നു ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. വാറന്റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടക്കാനും പോലീസിനും പട്ടാളത്തിനും അധികാരം നല്‍കുന്നതായിരുന്നു റൗലറ്റ് ആക്ട്. ഇതിനെതിരെ പഞ്ചാബില്‍ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളായിരുന്ന സൈഫുദ്ദീന്‍ കിച്ച്‌ലു, ഡോ. സത്യപാല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കി. ഇതില്‍ പ്രതിഷേധിച്ച് 1919 ഏപ്രില്‍ 10ന് അമൃത്‌സറില്‍ ഹര്‍ത്താലാചരിക്കുകയും ഡെപ്യൂട്ടി കമ്മീഷണറുടെ വീട്ടിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കുകയും ചെയ്തു. റാലിക്കു നേരെ പോലീസ് നിറയൊഴിച്ചതോടെ പ്രതിഷേധ സമരക്കാര്‍ രോഷകുലരാകുകയും ബേങ്കുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തീവെക്കുകയും ചെയ്തു. അക്രമങ്ങളില്‍ അഞ്ച് യൂറോപ്യന്മാരും പോലീസ് വെടിവെപ്പില്‍ ഇരുപതിലേറെ ഇന്ത്യക്കാരും കൊല്ലപ്പെട്ടു.

പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ 1919 ഏപ്രില്‍ 13ന് അമൃത്‌സറിനടുത്തുള്ള ജാലിയന്‍വാലാബാഗ് മൈതാനിയില്‍ കോണ്‍ഗ്രസ് പൊതുയോഗം സംഘടിപ്പിച്ചു. നഗരത്തില്‍ അന്ന് പ്രഖ്യാപിക്കപ്പെട്ട പട്ടാളനിയമം വകവെക്കാതെ സിഖുകാരും മുസ്‌ലിംകളും ഹിന്ദുക്കളും ഉൾപ്പെടെ ഇരുപതിനായിരത്തോളം പേര്‍ മൈതാനിയില്‍ തടിച്ചു കൂടിയിരുന്നു. യോഗം തുടങ്ങി അല്‍പ സമയം കഴിഞ്ഞപ്പോള്‍, അന്ന് അമൃത്‌സറിലെ സൈനിക കമാന്‍ഡറായിരുന്ന ജനറല്‍ റജിനാള്‍ഡ് ഡയര്‍ നൂറോളം വരുന്ന സായുധസേനയുമായും യന്ത്രവത്കൃത തോക്കുകള്‍ ഘടിപ്പിച്ച രണ്ട് വാഹനങ്ങളുമായും മൈതാനം വളയുകയും വെടിക്കോപ്പുകള്‍ തീരുന്നതുവരെ ജനക്കൂട്ടത്തിനു നേരെ വെടിവെക്കാന്‍ ഉത്തരവ് നല്‍കുകയും ചെയ്തു. 1,650 തവണയാണ് ജനക്കൂട്ടത്തിനു നേരെ സൈന്യം വെടിവെച്ചത്. സംഭവത്തിനു ശേഷം മൈതാനിയില്‍ നിന്ന് കണ്ടെടുത്ത തിരകളുടെ പൊതികളില്‍ നിന്നാണ് ഈ കണക്ക് ലഭ്യമായത്. വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാനായി ചിലര്‍ മൈതാനത്തിനകത്തെ കിണറിലേക്ക് ചാടി. 120 മൃതശരീരങ്ങളാണ് കിണറില്‍ നിന്ന് മാത്രമായി കണ്ടെടുത്തത്.

കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ഡയറിനെ 21 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിയായ ഉദ്ദംസിംഗ് ലണ്ടനില്‍ വെച്ച് വെടിവെച്ചു കൊന്നു. ജാലിയന്‍വാലാബാഗിലെ സൈനിക നരനായാട്ടിന് സാക്ഷ്യം വഹിക്കുകയും അതില്‍ പരുക്കേല്‍ക്കുകയും ചെയ്ത ഉദ്ദംസിംഗ്, ഡയറിനെ വധിക്കാന്‍ പല തവണ ശ്രമിച്ചിരുന്നു. ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിയുടെ ഇരുപത്തൊന്നാം വാര്‍ഷികത്തിന് ഒരു മാസം അവശേഷിക്കെ 1940 മാര്‍ച്ച് 13നാണ് അദ്ദേഹത്തിന് അതിനവസരം ഒത്തുവന്നത്. അന്ന് ലണ്ടനിലെ കാക്‌സ്ടണ്‍ ഹാളില്‍ നടന്ന ഒരു ചടങ്ങിനിടെ ഉദ്ദംസിംഗിന്റെ വെടിയേറ്റ് മൈക്കിള്‍ ഒ ഡയര്‍ കൊല്ലപ്പെട്ടു. സംഭവ സ്ഥലത്ത് തന്നെ അറസ്റ്റിലായ ഉദ്ദംസിംഗിനെ 1940 ജൂലൈ 31ന് ബ്രിട്ടനില്‍ വെച്ച് തൂക്കിക്കൊല്ലുകയായിരുന്നു.

അന്നത്തെ ബ്രിട്ടീഷ് യുദ്ധകാര്യ സെക്രട്ടറിയും പില്‍ക്കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വില്‍സ്റ്റണ്‍ ചര്‍ച്ചില്‍ ‘പൈശാചികം’ എന്ന് വിശേഷിപ്പിച്ച ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്കെതിരെ ബ്രിട്ടീഷ് ഭരണാധികാരികള്‍ തന്നെ പിന്നീട് പലപ്പോഴായി ഖേദപ്രകടനം നടത്തിയിട്ടുണ്ട്. 1997ല്‍ എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ പര്യടന വേളയില്‍ ജാലിയന്‍വാലാബാഗ് സന്ദര്‍ശിക്കുകയും ചരിത്രത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് ഇവിടെ സംഭവിച്ചതെന്ന് ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.

2013 ഫെബ്രുവരിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അദ്ദേഹവും ജാലിയന്‍വാലാബാഗിലെത്തി. ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെന്നാണ് അന്നദ്ദേഹം അഭിപ്രായപ്പെട്ടത്. ഏറ്റവുമൊടുവില്‍ ജാലിയന്‍വാലാബാഗ് സംഭവത്തിന്റെ നൂറാം വാര്‍ഷികത്തിന് മൂന്ന് ദിവസം മാത്രം അവശേഷിച്ചിരിക്കെ കഴിഞ്ഞ ബുധനാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും അവിടുത്തെ പാര്‍ലിമെന്റില്‍ ഖേദപ്രകടനം നടത്തുകയുണ്ടായി. ബ്രിട്ടീഷ് ഭരണ ചരിത്രത്തിലെ നാണംകെട്ട ഏടാണിതെന്നാണ് അവര്‍ പറഞ്ഞത്. കൂട്ടക്കൊലയുടെ ശതാബ്ദി വേളയില്‍ ബ്രിട്ടന്‍ ഔദ്യോഗികമായി മാപ്പു പറയണമെന്ന് ബ്രിട്ടീഷ് എം പിമാരില്‍ നിന്നു തന്നെ ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു തെരേസ മെയുടെ ഖേദപ്രകടനം. കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്മാനാണ് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത്. ഒരു ഖേദപ്രകടനത്തിനെങ്കിലും ബ്രിട്ടീഷ് ഭരണകൂടം സന്നദ്ധമായത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ബ്രിട്ടന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ അഭിപ്രായപ്പെട്ടതു പോലെ ഇത് ഇവിടം കൊണ്ട് അവസാനിക്കരുത്. ‘പൂര്‍ണവും സ്പഷ്ടവും സുവ്യക്തവുമായ മാപ്പുപറച്ചില്‍ തന്നെ ബ്രിട്ടീഷ് ഭരണകൂടം നടത്തേണ്ടതുണ്ട്. ജാലിയന്‍വാലാബാഗിന്റെ പേരില്‍ മാത്രമല്ല, വാഗണ്‍ട്രാജഡി തുടങ്ങി കൊളോണിയല്‍ കാലത്ത് രാജ്യത്ത് നടന്ന എല്ലാ ക്രൂരതയുടെയും പൈശാചികതയുടെയും തിന്മകളുടെയും പേരില്‍ ബ്രിട്ടന്‍ പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്.