Connect with us

National

തിരഞ്ഞെടുപ്പു സഖ്യം: സമവായത്തിലെത്താനാകാതെ കോണ്‍ഗ്രസും എ എ പിയും

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു സഖ്യം രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ ഇനിയും സമവായം രൂപപ്പെട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഒറ്റക്കു മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന കോണ്‍ഗ്രസ് എ എ പിയുമായി ഡല്‍ഹിയില്‍ മാത്രം സഖ്യമുണ്ടാക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി. എന്നാല്‍ സഖ്യം രൂപവത്കരിക്കുകയാണെങ്കില്‍ അത് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് എ എ പി നിലപാട്.

സഖ്യമുണ്ടാക്കുകയാണെങ്കില്‍ അത് മൂന്ന് സംസ്ഥാനങ്ങളിലുമായുള്ള 33 സീറ്റുകളിലും വേണമെന്ന് എ എ പി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെയും ബി ജെ പിയെയും തോല്‍പ്പിക്കാനുള്ള ശക്തി എ എ പിക്കുണ്ട്. ഡല്‍ഹിയില്‍ എ എ പി ഒറ്റക്കു മത്സരിച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെല്ലാം തോറ്റു തുന്നംപാടും. അതേസമയം, പഞ്ചാബില്‍ ബി ജെ പിയെ തോല്‍പ്പിക്കാനുള്ള കെല്‍പ്പ് കോണ്‍ഗ്രസിനുണ്ടെന്നതും കാണാതെ പോകുന്നില്ല- റായ് വ്യക്തമാക്കി.

മറുവശത്ത് ഡല്‍ഹിയില്‍ ബി ജെ പിയെ തറപറ്റിക്കുന്നതിന് എ എ പിയുമായി സഖ്യം രൂപവത്കരിക്കാന്‍ തങ്ങള്‍ ഇപ്പോഴും തയാറാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. “കോണ്‍ഗ്രസും എ എ പിയും ഡല്‍ഹിയില്‍ മുഖാമുഖം പോരാടുകയാണ്. പാര്‍ലിമെന്റ്, നിയമസഭ, മുന്‍സിപ്പാലിറ്റി തിരഞ്ഞെടുപ്പുകളിലെല്ലാം രണ്ടു പാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടി. അതുകൊണ്ടു തന്നെ ഇരു കക്ഷികളും തമ്മില്‍ രാഷ്ട്രീയ വൈരമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, ബി ജെ പിയെ പരാജയപ്പെടുത്തേണ്ടതിന്റെ രാഷ്ട്രീയ ആവശ്യകത മുന്‍നിര്‍ത്തി ഡല്‍ഹിയില്‍ സഖ്യത്തിന് തയാറാണ്.”-ഡല്‍ഹിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പി സി ചാക്കോ പറഞ്ഞു.

എ എ പി അവരുടെ മുന്‍ നിലപാടുമായി മുന്നോട്ടു പോവുകയാണെങ്കില്‍ ഒറ്റക്കു മത്സരിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമെന്നും ചാക്കോ കൂട്ടിച്ചേര്‍ത്തു.

Latest