വിക്കീലിക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അറസ്റ്റില്‍

Posted on: April 11, 2019 3:46 pm | Last updated: April 12, 2019 at 10:02 am

ലണ്ടന്‍: അമേരിക്കയുടെ പ്രതിരോധ രഹസ്യ രേഖകളടക്കം പുറത്തുകൊണ്ടുവന്ന് അന്താരാഷ്ട്ര തലത്തില്‍ കോളിളക്കം സൃഷ്ടിച്ച വിക്കീലിക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ വച്ചായിരുന്നു ആസ്‌ത്രേലിയന്‍ കമ്പ്യൂട്ടര്‍ വിദഗ്ധനും പ്രോഗ്രാമറുമായ അസാന്‍ജിന്റെ അറസ്റ്റ്.

അസാന്‍ജിനു നല്‍കിയിരുന്ന രാഷ്ട്രീയാഭയം ഇക്വഡോര്‍ നേരത്തെ പിന്‍വലിച്ചിരുന്നു. രേഖകള്‍ ചോര്‍ത്തലിനു പുറമെ ലൈംഗിക പീഡനക്കേസിലും പ്രതിയായ അസാന്‍ജിനെതിരെ അറസ്റ്റ് വാറണ്ടുകള്‍ നിലവിലുണ്ടായിരുന്നു. അറസ്റ്റ് ഭയന്ന് അസാന്‍ജ് ഇക്വഡോറില്‍ അഭയം തേടിയിരിക്കുകയായിരുന്നു.

അന്താരാഷ്ട്ര പെരുമാറ്റ ചട്ടങ്ങളും മര്യാദകളും നിരന്തരം ലംഘിച്ചതിനെ തുടര്‍ന്നാണ് അസാന്‍ജിനുള്ള രാഷ്ട്രീയാഭയം പിന്‍വലിച്ചതെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ലെവിന്‍ മോറിനോ പ്രസ്താവനയില്‍ വ്യക്തമാക്കി.