Connect with us

Kerala

രാഷ്ട്രീയ കേരളത്തിലെ ഇതിഹാസം കെ എം മാണി ഇനി ഓര്‍മ

Published

|

Last Updated

കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന് ഉടമയുമായ പാലയുടെ സ്വന്തം കെ എം മാണിക്ക് രാഷ്ട്രീയ കേരളം വിട നല്‍കി. പാല ത്തീഡ്രല്‍ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ പൂര്‍ണ ൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മാണിയുടെ മക്കളും അടുത്ത ബന്ധുക്കളുമടക്കം അന്തിമോപചാരം അര്‍പ്പിച്ച ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്.

വൈകിട്ട് അഞ്ച് മണിയോടെ കരിങ്ങോഴക്കല്‍ വീട്ടില്‍ നിന്നും വിലാപയാത്രയായാണ് മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുവന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരും പാര്‍ട്ടി പ്രവര്‍ത്തകരും പാല നിവാസികളുമടക്കം നൂറ്കണക്കിന് പേരാണ് വിലാപ യാത്രയില്‍ അനുഗമിച്ചത്. ഒരു മണിക്കൂറിലതികം സമയമെടുത്താണ് മൃതദേഹം പള്ളിയിലെത്തിച്ചത്. പള്ളിയില്‍ നടന്ന മതപരമായ പ്രാര്‍ഥനക്ക് ശേഷം പോലീസ് സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതി അര്‍പ്പിച്ചു. തുടര്‍ന്ന് അടുത്ത ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മകന്‍ ജോസ് കെ മാണിയടക്കമുള്ള അടുത്ത ബന്ധുക്കള്‍ മൃതദേഹം കല്ലറയിലേക്ക് ഇറക്കുകയായിരുന്നു.

ഉച്ചക്കുശേഷം മൂന്നിന് സംസ്‌കാരം നടത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും മാണി സാറിനെ ഒരുനോക്ക് കാണാന്‍ പാലായിലെ വീട്ടിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തിയതിനാല്‍ ഇത് െൈവകുകയായിരുന്നു.
ബുധനാഴ്ച രാവിലെ പത്തോടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മാണിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര വ്യാഴാഴ്ച രാവിലെ ഏഴിനു ശേഷമാണ് പാലായിലെത്തിയത്. വിലാപയാത്ര കരിങ്ങോഴക്കല്‍ വീട്ടിലെത്തിയപ്പോള്‍ വിവിധ തുറകളിലെ ആയിരങ്ങള്‍ അവിടെ കാത്തുനിന്നിരുന്നു. വിലാപയാത്ര കടന്നുവന്ന പാതയിലെ വിവിധയിടങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.

സാമൂഹികസാംസ്‌കാരികരാഷ്ട്രീയമത രംഗങ്ങളിലെ പ്രമുഖര്‍ വീട്ടിലെത്തി കെ എം മാണിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Latest