Connect with us

Kerala

കീഴാറ്റൂര്‍ ബൈപ്പാസ്: കുടുംബാംഗങ്ങളെ ഒഴിപ്പിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു

Published

|

Last Updated

കൊച്ചി: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളെ ഒഴിപ്പിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന സംഘടനയായ വയല്‍ക്കിളികള്‍ സമര്‍പ്പിച്ച ഹരജിയലാണ് കോടതി ഉത്തരവ്. എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാറിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

വയല്‍ക്കിളി നേതാവ് സുരേഷ് കുമാറിന്റെ ഭാര്യ ലത സുരേഷ്, മാതാവ് ചന്ദ്രോത്ത് ജാനകി എന്നിവര്‍ സമര്‍പ്പിച്ച റിട്ട് ഹരജികളിലാണ് നടപടി. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഉള്‍പ്പെടെ 13 പേര്‍ എതിര്‍കക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. കേരളത്തിലെ സിപിഎം ഈ കോടതി വിധിയില്‍നിന്ന് പഠിക്കാന്‍ തയ്യാറാകണമെന്ന് വിധി വന്ന ശേഷം സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചു. തളിപ്പറമ്പ് വഴി കടന്നു പോകുന്ന ദേശീയ പാതക്ക് കീഴാറ്റുര്‍ വഴി ബൈപ്പാസ് നിര്‍മിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം കീഴാറ്റൂരില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരുന്നു. കപട പരിസ്ഥിതിവാദികളും ബിജെപിയും ചേര്‍ന്ന് നടത്തുന്ന നാടകമാണ് കീഴാറ്റൂരിലെ പ്രക്ഷോഭമെന്നാണ് സിപിഎം നിലപാട്.

Latest