Connect with us

Kerala

കിഫ്ബി വിവാദം: പ്രതിപക്ഷ വാദങ്ങള്‍ക്ക് അക്കമിട്ട് നിരത്തി മുഖ്യമന്ത്രിയുടെ മറുപടി

Published

|

Last Updated

തിരൂര്‍: കിഫ്ബി മസാല ബോണ്ടില്‍ തിരിമറി നടന്നെന്ന പ്രതിപക്ഷ ആരോപണത്തിന് അക്കമിട്ട് നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്റ മറുപടി. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊന്നാനിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റിസര്‍വ്വ് ബേങ്കിന്റെ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ട് വാങ്ങിയത്. കിഫ്ബിയിലേക്ക് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള വഴി മാത്രമാണ് മസാല ബോണ്ട്. കിഫ്ബി വിലപേശിയല്ല ഫണ്ട് ലഭ്യമാക്കുന്നത്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയാണ് ഫണ്ടുകള്‍ ലഭ്യമാക്കിയത്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും കനേഡിയന്‍ കമ്പനിയും തമ്മിലാണ് നടപടി ക്രമം. കിഫ്ബിയില്‍ നിക്ഷേപം നടത്തിയ സി ഡി പി ക്യൂ അല്ലറ ചില്ലറ കമ്പനിയല്ല. കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന കമ്പനിയാണിത്. 21 ലക്ഷം രൂപ ആസ്തിയുള്ള കമ്പനിയാണത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി ഡി പി ക്യൂവിന് നിക്ഷേപമുണ്ട്. മസാല ബോണ്ടിലെ ഫണ്ട് വിനിയോഗിക്കുന്നത് നാടിന്റെ വികനത്തിനാണ്.

എസ് എന്‍ സി ലാവ്‌ലിന് സി ഡി പി ക്യൂ പണം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ വിജയ് മല്ല്യക്കും നീരവ് മോദിക്കും എസ് ബി ഐ പണം വായ്പ നല്‍കിയിട്ടുണ്ട്. എന്ന് കരുതി സംസ്ഥാന സര്‍ക്കാര്‍ എസ് ബി ഐയില്‍ നിന്ന് പണം സ്വീകരിച്ചാല്‍ അത് വിജയ് മല്ല്യയില്‍ നീരവ് മോദിയില്‍ നിന്നും പണം വാങ്ങുന്നതാകുമോ?. ഇതുപോലെയുള്ള ദുരന്തവാദങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
കിഫ്ബി വിവാദമുണ്ടാക്കുന്നവര്‍ പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമാണ്.
ബി ജെ പി നേതാവും പ്രതിപക്ഷ നേതാവും ഒന്നിച്ചാണ് സാധാരണ എല്ലാ കാര്യവും പറയുക. കിഫ്ബിയുമായി ബന്ധപ്പെട്ട കാര്യത്തിലും അങ്ങനെ തന്നെ. വിവാദം ഉന്നയിച്ച് വികസനം തടയുകയാണ് പ്രതിപക്ഷ ലക്ഷ്യം. എന്നാല്‍ എന്ത് വിവാദം ഉയര്‍ത്തിയാലും നാടിന്റെ വികസനത്തെ തടയാന്‍ കഴിയില്ല.
മനോരമ പടച്ചുണ്ടാക്കുന്ന കള്ളങ്ങള്‍ യു ഡി എഫ് ഏറ്റെടുക്കുകയാണ്. കള്ളങ്ങള്‍ സൃഷ്ടിക്കല്‍ മാത്രമാണ് മനോരമയുടെ ജോലിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.