കുട്ടിയുടെ പേരെന്താ? അരുണിനെ കുടുക്കിയത് പോലീസിന്റെ ഒറ്റച്ചോദ്യം

Posted on: April 6, 2019 7:57 pm | Last updated: April 6, 2019 at 7:57 pm

തൊടുപുഴ: ഗുരുതരമായി പരുക്കുപറ്റിയ കുട്ടിയേയുമായി ആശുപത്രിയില്‍ എത്തിയ അരുണിന്റെയും യുവതിയുടെയും വെപ്രാളം ആദ്യമേ സംശയത്തിന് വക നല്‍കിയിരുന്നു. രക്ഷിതാക്കളാണെന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിക്ക് സോഫയില്‍ നിന്ന് വീണു പരുക്ക് പറ്റിയതാണെന്നായിരുന്നു ഡോക്ടറോട് പറഞ്ഞത്.

എന്നാല്‍ ഇരുവരുടെയും പെരുമാറ്റം സംശയാസ്പദമായിരുന്നു. അപകടം പറ്റിയ കുട്ടിയേയുമായി ആശുപത്രിയില്‍ എത്തിയ ഇയാള്‍ പുറത്തു വാഹനത്തിലിരുന്ന് സിഗരറ്റ് വലിക്കുന്നത് സുരക്ഷാ ജീവനക്കാരും കണ്ടിരുന്നു. സംശയത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തി.

കുട്ടിയുടെ പേരെന്തെന്ന പോലീസിന്റെ ചോദ്യത്തിന് മുന്നില്‍ അരുണ്‍ പരുങ്ങി. അപ്പു എന്നാണ് വീട്ടില്‍ വിളിക്കുന്നതെന്നും യഥാര്‍ഥ പേര് ചോദിച്ച് പറയാമെന്നും അയാള്‍ പറഞ്ഞു. ഇത് പറയുമ്പോള്‍ മദ്യത്തിന്റെ രൂക്ഷഗന്ധം അയാളില്‍ നിന്ന് നിര്‍ഗമിക്കുന്നുണ്ടായിരുന്നു. സംശയം ബലപ്പെട്ട പോലീസ് പിന്നെ ഇയാളെ നിരീക്ഷിച്ചു.

യുവതിയുടെ ചുണ്ടില്‍ മുറിവുള്ളതും മുഖത്ത് കൈാകൊണ്ട് അടി കിട്ടിയ പാടുകളുള്ളതും പോലീസ് ശ്രദ്ധിച്ചു. കൂടുതല്‍ ചോദിച്ചപ്പോള്‍ യുവതി കയര്‍ത്ത് സംസാരിച്ചത് പോലീസിന് പണി എളുപ്പമാക്കി.

തൊടുപുഴയിലെ ആശുപത്രിയില്‍ നിന്ന് കുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വാഹനത്തില്‍ കയറാന്‍ അരുണ്‍ കൂട്ടാക്കിയില്ല. താന്‍ പിറകില്‍ കാറീല്‍ വന്നോളാമെന്നായി ഇയാള്‍. കാറില്‍ കയറി രക്ഷപ്പെടാനുള്ള പ്രതിയടെ തന്ത്രം മനസ്സിലാക്കിയ പോലീസ് കാറിന്റെ ചാവി ഊരി. തുടര്‍ന്ന് പോലീസ് ഇയാളെ ആംബുലന്‍സിന്റെ മുന്നിലിരുത്തി ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു.

ഇതിനിടെ മറ്റൊരു പോലീസ് സംഘം കുമാരമംഗലത്തെ ഇവരുടെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് വീട്ടില്‍ പലയിടത്തും ചോര തളംകെട്ടി നില്‍ക്കുന്നതാണ്. നാല് വയസ്സുകാരനായ കുട്ടി വീട്ടില്‍ ഒറ്റക്കിരിക്കുന്നതും അവര്‍ കണ്ടു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി വീട് പോലീസ് സീല്‍ ചെയ്തു.