അരുണ്‍ ആനന്ദ് ക്രൂരത വിനോദമാക്കിയവന്‍

Posted on: April 6, 2019 7:53 pm | Last updated: April 6, 2019 at 8:32 pm

തൊടുപുഴ: മദ്യവും മയക്കുമരുന്നുമായിരുന്നു അരുണ്‍ ആനന്ദിന്റെ ജീവിതം. ക്രൂരത ഇയാള്‍ക്ക് വിനോദമായിരുന്നു. യുവതിയെയും മക്കളെയും ഇയാള്‍ പലപ്പോഴും മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

നിരന്തരം മര്‍ദനമേറ്റതിന്റെ പാടുകള്‍ കുട്ടിയുടെ ദേഹത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ പുറംലോകം അറിഞ്ഞിരുന്നില്ല. ഇളയ കുട്ടിയെ ഇയാള്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ഇരയാക്കിയിരുന്നു. തുടര്‍ന്നാണ് അരുണിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അരുണ്‍. സുഹൃത്തിനെ കുപ്പികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ ഒരു മാസത്തിലധികം സെന്‍ട്രല്‍ ജയിലിലും കഴിഞ്ഞിട്ടുണ്ട്.

മദ്യത്തിന് അടിമപ്പെട്ട ഇയാള്‍ പലപ്പോഴും ബാറില്‍ കയറി മൂക്കറ്റം മദ്യപിച്ച് ബഹളമുണ്ടാക്കുക പതിവായിരുന്നു. മദ്യപിച്ചു ലക്കും ലഗാനും നഷ്ടപ്പെടുന്ന ഇയാളെയുമായി യുവതി തന്നെയാണ് കാര്‍ ഡ്രൈവ് ചെയ്തുവന്നിരുന്നത്. കുട്ടിയെ മര്‍ദിച്ച അന്നും ഇതുതന്നെയായിരുന്നു സ്ഥിതി.

അരുണിന്റെ ക്രൂരത സഹിക്ക വയ്യാതെ ആദ്യ ഭാര്യ വിവാഹമോചനം തേടുകയായിരുന്നു. ആദ്യ ബനധത്തില്‍ ഇയാള്‍ക്ക് പത്ത് വയസ്സുള്ള മകനുണ്ട്. അമ്മയോടൊപ്പമാണ് മകന്‍ കഴിയുന്നത്.