Connect with us

National

രാജവെമ്പാല, മുതല, കാട്ടാനകള്‍.... ഇവിടത്തെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ആലോചിച്ചാല്‍ ഉള്ള് പിടയും

Published

|

Last Updated

പോര്‍ട്ട്ബ്ലയര്‍: കേന്ദ്രഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഒരു ലോക്‌സഭാ മണ്ഡലം മാത്രമാണുള്ളത്. രാജ്യത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് സംഘര്‍ഷങ്ങളൊന്നുമില്ലാത്ത ഇവിടത്തെ തിരഞ്ഞെടുപ്പ് സമാധാനപരമാണ്. എന്നാല്‍ ഒറ്റ മണ്ഡലം മാത്രമുള്ള ഇവിടത്തെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ നെഞ്ചകം പിടയും. രാജവെമ്പാലകളും മുതലകളും ആനകളും കാട്ടുപന്നികളുമടക്കമുള്ള വന്യമൃഗങ്ങള്‍ നിറഞ്ഞ കൊടും കാടുകളിലൂടെ പോളിംഗ് സ്‌റ്റേഷനുകളിലേക്കുള്ള ഭയപ്പെടുത്തുന്ന യാത്ര ഓര്‍ക്കാന്‍ പോലും പലരും മടിക്കും.

രാജ്യത്തെ മറ്റ് പോളിംഗ് സ്‌റ്റേഷനുകളില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കാന്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ ആന്‍ഡമാനിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. പോര്‍ട്ടബ്ലയര്‍ ടൗണും സമീപ പ്രദേശങ്ങളും മാറ്റി നിര്‍ത്തിയാല്‍ ഇവിടത്തെ ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന ഉള്‍പ്രദേശങ്ങളിലെ സ്ഥിതി വളരെ പരിതാപകരമാണ്. 30 ശതമാനം പ്രദേശത്തും അടിസ്ഥാന താമസ സൗകര്യങ്ങള്‍ പോലുമുണ്ടാകില്ല. ഇന്റ്ര്‌നെറ്റും വൈദ്യുതിയും സ്വപ്‌നം മാത്രം. വന്യമൃഗങ്ങളുടെയും മറ്റും ഭീഷണി അവഗണിച്ച് താത്കാലികമായി തയ്യാറാക്കുന്ന കേന്ദ്രങ്ങളില്‍ താമസിക്കണം. പോളിംഗ് സ്‌റ്റേഷന് സീമീപം പോലും വന്യമൃഗ ആക്രമണങ്ങള്‍ ഉണ്ടായേക്കാം.

ഗതാഗത സൗകര്യങ്ങളില്ലാത്ത കാനന പാതയിലൂടെ കിലോമീറ്റര്‍ നടന്നുവേണം വനത്തിനുള്ളിലെ ചില പോളിംഗ് സ്‌റ്റേഷനുകളിലെത്താന്‍. ചെറുവള്ളങ്ങളിലും ചെങ്ങാടങ്ങളിലും കയറി മുതലകള്‍ നിറഞ്ഞ കടലോരങ്ങളിലൂടെ യാത്ര ചെയ്തു വേണം മറ്റ് ചില പോളിംഗ് സ്‌റ്റേഷനുകളിലെത്താന്‍. കാനന പാതയിലൂടെ സായുധ പോലീസിന്റെയും വനംവകുപ്പ് ജീവനക്കാരുടെയും സഹായത്തോടെയാണ് ഉദ്യോഗസ്ഥരെ പോളിംഗ് സ്റ്റേഷനുകളിലെത്തിക്കുക.

രാജ്യത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഈ മാസം 11നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ വോട്ടെടുപ്പ്. പ്രതികൂല സാഹചര്യങ്ങള്‍ ഏറെയുള്ള ഇവിടത്തെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞടുപ്പ് ഡെപ്യൂട്ടി ചീഫ് ഓഫീസര്‍ മുഖേഷ് രജോറ പറയുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പോര്‍ട്ട്ബ്ലയറില്‍ നേരത്തെ എത്തിച്ച് കഴിഞ്ഞു. ഉള്‍വനത്തിലും മറ്റുമുള്ള താത്കാലിക പോളിംഗ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തി പൂര്‍ത്തിയായി. നെറ്റ് കണക്ടിവിറ്റിയാണ് തങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളി. എന്നാല്‍ ഇതിനുള്ള താത്കാലിക പരിഹാര മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കനത്ത സുരക്ഷ ഒരുക്കി, കുറ്റമറ്റ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പോലീസ് ഏര്‍പ്പെടുത്തി കഴിഞ്ഞതായി ഡി ജി പി ദേപേന്ദ്ര പഥക് പറഞ്ഞു. വിവിധ ഗോത്രവിഭാഗങ്ങളെ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കുന്നതിനായുള്ള ബോധവതത്കരണ ക്യാമ്പുകളെല്ലാം നേരത്തെ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ കുല്‍ദ്വീപ് ശര്‍മയും ബി ജെ പിയുടെ വിഷാല്‍ ജോളിയും തമ്മിലാണ് ദ്വീപില്‍ പ്രധാന മത്സരം. ബി ജെ പിയുടെ സിറ്റിംഗ് എം പി ബിഷ്ണു പഡ റോയി ക്ക് ഇത്തവണ സീറ്റ് ലഭിക്കാത്തില്‍ ചെറിയ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും അവസാന നിമിഷം സജീവമായി പ്രചാരണ രംഗത്തുണ്ട്. 311000 വോട്ടര്‍മാരാണ് ദ്വീപിലുള്ളത്. 572 ചെറുദ്വീപുകളിലായി 417 പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്.

Latest