വാട്‌സ്ആപ്പില്‍ ഇനി വ്യാജനെ പേടിക്കേണ്ട; ടിപ്‌ലൈന്‍ ഇന്ത്യയില്‍ ആരംഭിച്ചു

Posted on: April 2, 2019 8:15 pm | Last updated: April 2, 2019 at 9:25 pm

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മെസ്സേജിംഗ് ആപ്പായ വാട്‌സ്ആപ്പ് വ്യാജ വാര്‍ത്തകള്‍ തടയാന്‍ പുതിയ സംവിധാനം അവതരിപ്പിച്ചു. ടിപ്‌ലൈന്‍ എന്ന് പേരിട്ട് ഈ സംവിധാനം വഴി നമുക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്താം. ഇതിനായി സന്ദേശങ്ങള്‍ ഒരു പ്രത്യേക വാട്‌സ്ആപ്പ് നമ്പറിലേക്ക് ഫോര്‍വേര്‍ഡ് ചെയ്താല്‍ മാത്രം മതി. ചൊവ്വാഴ്ച മുതലാണ് സംവിധാനം നിലവില്‍ വന്നത്.

+919643000888 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യേണ്ടത്. ഇപ്പോള്‍ നിര്‍ദേശിക്കുന്നതനുസരിച്ച് വെരിഫെെ ചെയ്യണമെങ്കിൽ 1 എന്നും വേണ്ട എങ്കിൽ 2 എന്നും മറുപടി അയക്കുക. ഇതോടെ സന്ദേശങ്ങള്‍ വെരിഫിക്കേഷനായി ഫോര്‍വേര്‍ഡ് ചെയ്യപ്പെടും. തുടര്‍ന്ന് സന്ദേശം ഒറിജിനലാണോ വ്യാജനാണോ എന്ന് വ്യക്തമാക്കിയുള്ള മറുപടി നിങ്ങള്‍ക്ക് ലഭിക്കും.

ടെക്സ്റ്റ്, പിക്ചറുകള്‍, ലിങ്കുകള്‍, വീഡിയോകള്‍ എന്നിവയെല്ലാം പരിശോധനക്കായി നല്‍കാം. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തെലുങ്ക്, ബംഗാളി, മലയാളം ഭാഷകളിലുള്ള സന്ദേശങ്ങളും വെരിഫൈ ചെയ്യാനാകും.

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് പ്രോട്ടോയാണ് ടിപ്‌ലൈന്‍ സംവിധാനം ഓപ്പറേറ്റ് ചെയ്യുന്നത്. ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വസുതുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത് തടയുവാനാണ് ടിപ്‌ലൈന്‍ സേവനം തുടങ്ങിയത്.