9/ 11: അക്ഷരങ്ങൾ പടുത്തതും പൊളിച്ചതും

വേൾഡ് ട്രേഡ് സെന്റർ പതനം പ്രമേയമാക്കി അനേകം നോവലുകൾ വിവിധ ഭാഷകളിൽ വിരചിതമായിട്ടുണ്ട്. 9/11 അനന്തര ലോകത്ത് കിഴക്ക്- പടിഞ്ഞാറ് എന്ന ദ്വന്ദത്തിന്റെ രേഖ ശക്തിപ്പെടുന്നതും പരദേശി സ്പർധയിൽ (xenophobic) അധിഷ്ഠിതമായ അപരവത്കരണ സ്വഭാവങ്ങൾ വേരുറക്കുന്നതും അടക്കമുള്ള അമേരിക്ക ഉത്പാദിപ്പിക്കുന്ന നിഷേധാത്മക അവസ്ഥകളിലേക്ക് കൂടി മുഹ്‌സിൻ ഹാമിദിന്റെ "ദി റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ്' എന്ന നോവൽ വിരൽ ചൂണ്ടുന്നു.
പഠനം
Posted on: April 1, 2019 1:19 pm | Last updated: April 1, 2019 at 1:19 pm

തീക്ഷ്ണാനുഭവങ്ങൾ എക്കാലത്തും സാഹിത്യത്തിലെ സുപ്രധാന ഇതിവൃത്തമാണ്. വ്യക്തിജീവിതത്തിലെ വൈകാരിക അനുഭവങ്ങളിൽ നിന്ന് ഉരുവം കൊള്ളുന്നവക്കു പുറമെ അടിമത്തം, യുദ്ധം, ജാതീയത, വർണവെറി തുടങ്ങി ഒരു സമൂഹത്തെ തന്നെ പ്രതിസന്ധിയുടെ തീച്ചൂളയിൽ നിർത്തുന്ന ഘടകങ്ങളും ആഗോള/ പ്രാദേശിക എഴുത്തുകളെ സജീവമാക്കിയിട്ടുണ്ട്. ഇത്തരം സാമൂഹിക പ്രതിസന്ധികളെ പ്രശ്‌നവത്കരിച്ചാണ് മഹ്മൂദ് ദർവീശും മായ ആഞ്ചലോയുമൊക്കെ രൂപപ്പെട്ടത്.

വേൾഡ് ട്രേഡ് സെന്റർ പതനം പ്രമേയമാക്കി അനേകം നോവലുകൾ വിവിധ ഭാഷകളിൽ വിരചിതമായിട്ടുണ്ട്. 2005ൽ പുറത്തിറങ്ങിയ നോവലാണ് “എക്‌സ്ട്രീംലി ലൗഡ് ആൻഡ് ഇൻക്രഡിബ്‌ലി ക്ലോസ്’. ജൊനാഥൻ സഫ്‌റൻ ഫോവർ ആണ് രചയിതാവ്. 9/11 അനന്തര സങ്കീർണാവസ്ഥകളെ ഒരു ന്യൂയോർക്കുകാരന്റെ കണ്ണിലൂടെ നോക്കിക്കാണുകയാണ് ഫോവർ. കഥാപാത്രമായ ഓസ്‌കാറിന് ആക്രമണദിവസം പിതാവിനെ നഷ്ടമാകുന്നു. ചില ആവശ്യങ്ങൾക്കു വേണ്ടി അന്നേ ദിവസം പുറത്തുപോയതായിരുന്നു അദ്ദേഹം. ഗോപുരത്തിലേക്ക് വിമാനം ഇടിച്ചു കയറ്റുന്ന സമയം അദ്ദേഹം വീട്ടിലേക്ക് ഫോൺ ചെയ്യുന്നുണ്ട്. ആരും തന്നെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിലും താൻ ജീവനോടെ ഉണ്ടെന്നതിന്റെ അടയാളമായി അത് അവശേഷിക്കുന്നു. പക്ഷെ, ആക്രമണാനന്തരം പിതാവിന്റെ ഭൗതിക ശരീരം പോലും അടക്കം ചെയ്യാൻ ഓസ്‌കാറിന് ലഭിക്കുന്നില്ല. പ്രതീകാത്മകമായി ശൂന്യമായൊരു ശവപ്പെട്ടി അടക്കം ചെയ്താണ് ഓസ്‌കാറും മുത്തച്ഛനും ആശ്വാസം കണ്ടെത്തുന്നത്. എങ്കിലും അതൊരു നീറ്റലായി ഇടക്കിടെ ഓസ്‌കാറിൽ അലോസരം സൃഷ്ടിക്കുന്നു. അങ്ങനെയാണ് വികൃതമായൊരു അജ്ഞാത മൃതദേഹം തന്റെ പിതാവിന്റെതാകുമെന്ന നിഗമനത്തിൽ അദ്ദേഹമെത്തുന്നത്. കാലിയായ ശവപ്പെട്ടി പുറത്തെടുക്കാൻ പാതിരാത്രി അദ്ദേഹം പുറപ്പെടുന്നു. 9/11 നെ കുറിച്ച് എഴുതാതിരിക്കൽ അത്യന്തം പ്രയാസകരമാണെന്ന് ഒരു അഭിമുഖത്തിൽ ഫോവർ പറയുന്നുണ്ട്.

ജൊനാഥൻ സഫ്റൻ, മുഹ്സിൻ ഹമീദ്

അനേകം ഗൂഢാർഥങ്ങൾ ഉൾവഹിക്കുന്ന മറ്റൊരു നോവലാണ് പാക്കിസ്ഥാൻ എഴുത്തുകാരനായ മുഹ്‌സിൻ ഹാമിദിന്റെ “ദി റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ്.’ ലാഹോറിലെ ഒരു കഫേയിലിരുന്ന് ചെയ്ഞ്ചസ് എന്ന പാക്കിസ്ഥാനി അമേരിക്കക്കാരനോട് തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ്. 9/11 അനന്തര ലോകത്ത് കിഴക്ക്- പടിഞ്ഞാറ് എന്ന ദ്വന്ദത്തിന്റെ രേഖ ശക്തിപ്പെടുന്നതും പരദേശി സ്പർധയിൽ (xenophobic) അധിഷ്ഠിതമായ അപരവത്കരണ സ്വഭാവങ്ങൾ വേരുറക്കുന്നതും അടക്കമുള്ള അമേരിക്ക ഉത്പാദിപ്പിക്കുന്ന നിഷേധാത്മക അവസ്ഥകളിലേക്ക് കൂടി നോവൽ വിരൽ ചൂണ്ടുന്നു. കഥാപാത്രങ്ങളുടെ വിന്യാസം തന്നെ ശ്രദ്ധേയമാണ്. അമേരിക്കൻ യുവതിയായ എറീക്കയുമായി ചെയ്ഞ്ചസ് പ്രണയത്തിലാവുന്നു. സുന്ദരനായ ചെയ്ഞ്ചസിനോട് എറീക്കക്ക് അതീവ താത്പര്യമുണ്ടെങ്കിലും ബാല്യകാലത്ത് പ്രണയത്തിലായിരുന്ന ക്രിസിന്റെ ഓർമകൾ അവളെ വല്ലാതെ വേട്ടയാടുന്നുണ്ട്. പ്രണയലീലകളിലേർപ്പെടുന്ന ചെയ്ഞ്ചസിനോട് ക്രിസായി അഭിനയിക്കാൻ എറീക്ക ആവശ്യപ്പെടുന്നു. ഇവിടെ ക്രിസ് എന്ന കഥാപാത്രം അമേരിക്കയെ കണ്ടെത്തിയ ക്രിസ്റ്റഫർ കൊളംബസിലേക്കും എറീക്ക (America) അമേരിക്കയിലേക്കും ചെയ്ഞ്ചസ് (change-z) അതിർത്തിക്കപ്പുറത്തു നിന്നുള്ള മാറ്റങ്ങളിലേക്കും നമ്മെ കൊണ്ടുപോകുന്നത് യാദൃച്ഛികമാകാൻ തരമില്ല. ചെയ്ഞ്ചസ് വളരെ സുന്ദരനും സ്വീകാര്യനുമായിരുന്നിട്ടും എറീക്കക്ക് അദ്ദേഹത്തെ പൂർണമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല. കഥാവസാനം എറീക്ക ആത്മഹത്യ ചെയ്യുന്നത് അമേരിക്കക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. അമേരിക്ക നിർമിക്കുന്ന അപരവിദ്വേഷം അവരെ ആത്മനാശത്തിലേക്ക് നയിക്കുമെന്നാണ് എറീക്കയുടെ ആത്മഹത്യയിലൂടെ ഹാമിദ് ഓർമിപ്പിക്കുന്നത്.

മലയാളത്തിൽ ഇവ്വിഷയകമായി രചിക്കപ്പെട്ട ശ്രദ്ധേയ നോവലാണ് പത്രപ്രവർത്തകനായിരുന്ന കെ പി മാത്യു രചിച്ച 9/11. “മൂടിവെച്ചത് ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല. അറയിൽ വെച്ച് ചെവിയിൽ മന്ത്രിച്ചത് പുരമുകളിൽ ഘോഷിക്കും’ എന്ന ബൈബിൾ വാക്യം കൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെടുന്ന ന്യൂയോർക്ക് ടൈംസിലെ കുറ്റാന്വേഷണ റിപ്പോർട്ടർ ഡോണ ഹിൽസ്, സഹപ്രവർത്തകൻ പെൻറൈറ്റിന്റെയും കാമുകൻ സെൻ പാട്രിക്കിന്റെയും സഹായത്തോടെ ഇതിനു പിന്നിലെ സത്യം പുറത്തുകൊണ്ടുവരാനുള്ള നിശ്ചയദാർഢ്യവുമായി ഇറങ്ങിത്തിരിക്കുന്നു. എഫ് ബി ഐയുടെ അൺകെപ്റ്റാണ് കാമുകൻ സെൻ പാട്രിക്. അതീവ രഹസ്യമായി ചെയ്യേണ്ട ഗൗരവ വിഷയങ്ങൾ ഏൽപ്പിക്കപ്പെടുന്നവരാണ് അൺകെപ്റ്റ്. അവർക്ക് സാധാരണ ഉദ്യോഗസ്ഥരെ പോലുള്ള യൂനിഫോമോ പേരോ ഒന്നും കാണില്ല. പകരം ഒരു കോഡ് മാത്രമാണുണ്ടാവുക. കൈകാര്യം ചെയ്യുന്ന രഹസ്യങ്ങൾ ചുരുളഴിയുമ്പോൾ മരണമെന്ന അവസാന വാതിലാകും അവർക്ക് മുന്നിൽ തുറക്കപ്പെടുക.

രണ്ടാം ലോക മഹായുദ്ധത്തിലേക്ക് അമേരിക്കക്ക് അനായാസം കടന്നുവരാനുതകുന്ന പരിസരം അവർ സ്വയം സൃഷ്ടിച്ചതാണെന്ന് നോവലിനിടയിൽ പരാമർശിക്കുന്നുണ്ട്. പേൾ തുറമുഖത്ത് തമ്പടിച്ചിരുന്ന അമേരിക്കയുടെ 12 യുദ്ധക്കപ്പലുകളും 2400 നാവികരുമടങ്ങുന്ന നാവികവ്യൂഹത്തെ 1941 ഡിസംബറിൽ ജപ്പാന്റെ യുദ്ധവിമാനങ്ങൾ ബോംബാക്രമണത്തിലൂടെ തകർത്തത് കാരണമാക്കിയാണ് അമേരിക്ക ജപ്പാനോടും ജർമനിയോടും യുദ്ധപ്രഖ്യാപനം നടത്തി രണ്ടാംലോക മഹായുദ്ധത്തിൽ ചേർന്നത്. പേൾ ഹാർബർ ആക്രമണത്തിന് വേണ്ടി ജപ്പാൻ കൈമാറിയ ആയിരക്കണക്കിന് നിഗൂഢ സന്ദേശങ്ങൾ പസഫിക് ദ്വീപുകളിലും ലോകത്തെമ്പാടുമുള്ള അമേരിക്കയുടെ 21 റേഡിയോ ഇന്റർസെപ്റ്റ് സ്റ്റേഷനുകൾ പിടിച്ചെടുത്ത് ഡീകോഡ് ചെയ്ത് അപ്പപ്പോൾ വാഷിംഗ്ടണിലെ രാഷ്ട്രീയ സൈനിക നേതൃത്വത്തിന് കൈമാറിയിരുന്നു. ആക്രമണ ദിവസവും സമയവും പോലും അവർ മുൻകൂട്ടി അറിഞ്ഞിരുന്നു. എന്നിട്ടും പ്രതിരോധ നടപടികൾ ദ്രുതഗതിയിൽ കൈക്കൊള്ളാതെ സ്വന്തം നാവിക വ്യൂഹം തകർക്കപ്പെടാൻ അധികാരക്കസേരയിലിരിക്കുന്നവർ അനുവദിച്ചുകൊടുക്കുകയായിരുന്നു. അമേരിക്കൻ ജനതയുടെയും ലോക രാഷ്ട്രങ്ങളുടെയും എതിർപ്പ് കൂടാതെ രണ്ടാം ലോക മഹായുദ്ധത്തിൽ കയറിപ്പറ്റാനുള്ള അമേരിക്കൻ നേതൃത്വത്തിന്റെ ഗൂഢതന്ത്രമായിരുന്നു അത്. മറ്റ് ലോകരാഷ്ട്രങ്ങളെല്ലാം യുദ്ധത്തിൽ തകർന്നപ്പോൾ പരുക്കേൽക്കാതെ നിന്ന അമേരിക്ക, അവസാന ഘട്ടം യുദ്ധത്തിൽ കയറിപ്പറ്റി അതിന്റെ എല്ലാ നേട്ടങ്ങളും കൈക്കലാക്കുകയായിരുന്നു. സമാന സ്വഭാവമുള്ള പല സംഭവങ്ങളുടെയും അണിയറ രഹസ്യങ്ങൾ പുറത്തറിയുന്നത്, മുമ്പ് നേതൃനിരയിൽ പ്രവർത്തിച്ചിരുന്നവരുടെ ആത്മകഥാംശമുള്ള കുറിപ്പുകളിലൂടെയോ ഏറ്റുപറച്ചിലിലൂടെയോ ആകും.
രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ളതായിരുന്നു വേൾഡ് ട്രേഡ് സെന്റർ അക്രമണം. പല രാജ്യങ്ങൾക്കും സങ്കൽപ്പിക്കാൻ പോലും സാധ്യമാകാത്തത്രയും അത്യാധുനിക സുരക്ഷാസംവിധാനങ്ങൾ സ്വന്തമായുണ്ടായിട്ടും എന്തുകൊണ്ട് അവർ കാര്യക്ഷമമായി ഇടപെട്ടില്ല എന്നത് നോവൽ കഥാപാത്രമായ ഡോണയിൽ വലിയ ചോദ്യമായി വളരുന്നുണ്ട്. വ്യോമ- സൈനിക- രഹസ്യാന്വേഷണ സംവിധാനങ്ങളും സി ഐ എ, എഫ് ബി ഐ, എൻ ആർ ഒ, എസ് എസ് തുടങ്ങി 26ലധികം ഏജൻസികൾ ഉറക്കമൊഴിച്ച് മോണിറ്ററിൽ കണ്ണ് പ്രതിഷ്ഠിച്ചിട്ടും ആരും അറിയാതെ പോവുകയും സമയോചിതം അവിടെ നിന്ന് റിമോട്ട് തിരിക്കാത്തതും അവളിൽ ദുരൂഹതയുണർത്തുന്നതും നോവലിൽ വിശദീകരിക്കുന്നു.

അഫ്ഗാൻ അധിനിവേശത്തിന് പടിഞ്ഞാറ് മനഃപൂർവമുണ്ടാക്കിയ സംഭവമായിരുന്നു വേൾഡ് ട്രേഡ് സെന്റർ ആക്രമണമെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ലേഖനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. അക്രമണത്തിൽ മരിച്ച മൂവായിരത്തോളം മനുഷ്യരുടെ പേരിലാണ് അമേരിക്ക അധിനിവേശം നടത്തുന്നതും അതുമായി ബന്ധപ്പെട്ട പദ്ധതികളിലേക്ക് ഗണ്യമായി ധനം തിരിക്കുന്നതും. പക്ഷേ, സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുത്ത ഇരുപതിനായിരത്തിലധികം അമേരിക്കക്കാർ ശ്വാസകോശത്തിൽ കോൺക്രീറ്റ്, ഗ്ലാസ് എന്നിവയുടെ അംശം കയറി, അവരുടെ ജീവിതം ദുസ്സഹമാവുന്നതും ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നതും സർക്കാറിന്റെ പരിഗണനാ ലിസ്റ്റിൽ വന്നതേയില്ല.

പിന്നിൽ പ്രവർത്തിച്ചത് ഉസാമ ബിൻ ലാദനും അൽഖാഇദയുമാണെന്ന പ്രചാരണത്തിലൂടെ അമേരിക്ക പുതിയ ലോകക്രമം സൃഷ്ടിക്കാൻ തുടങ്ങുകയാണുണ്ടായത്. അതിന്റെ ഭാഗം തന്നെയാണ് “ഒന്നുകിൽ ഞങ്ങൾക്കൊപ്പം നിൽക്കുക, അല്ലെങ്കിൽ ഞങ്ങൾക്കെതിരെ നിൽക്കുക’ എന്ന ബുഷിന്റെ അക്കാലത്തെ പ്രഖ്യാപനം. മുഖ്യധാരാ മാധ്യമ ഏജൻസികൾ അവതരിപ്പിക്കുന്ന വിവരങ്ങളുടെ പ്രചാരകർ മാത്രമായി പല മുൻനിര മാധ്യമങ്ങളും തരംതാഴ്ന്നപ്പോൾ ഇതിന്റെ യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ടീ മലയാള നോവൽ. 17 വർഷങ്ങൾക്കിപ്പുറം നിന്ന് പുറകിലേക്ക് തിരിയുമ്പോൾ തെളിഞ്ഞുകാണുന്നത് ട്രേഡ് സെന്ററിന്റെ തകർച്ച മാത്രമല്ല; മഹത്തരമായ സാഹിത്യ രചനകളുടെ പിറവിയും കളവുകൾ കൊണ്ട് പടുത്തുയർത്തിയ ഗോപുരത്തിന്റെ പതനവുമാണ്.

ശമീൽ പൈലിപ്പുറം
[email protected]