Connect with us

Articles

കുഞ്ഞുങ്ങള്‍ ജാഗ്രതയുടെ കരവലയത്തിനുള്ളിലാണോ?

Published

|

Last Updated

“പപ്പിയെ അച്ച അടിച്ചു. കണ്ണിനും കൈക്കിട്ടും തലക്കിട്ടും അടിച്ചു. കാലില്‍ തൂക്കി നിലത്തടിച്ചു. തറയില്‍ വീണ പപ്പി പിന്നെ എണീറ്റില്ല. തറയില്‍ കിടന്ന ചോര ഞാനാണ് തൂത്തു കളഞ്ഞത്. അച്ചയും അമ്മയും കൂടി പപ്പിയെ കാറില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി. എന്റെ പപ്പി”…

തൊടുപുഴക്ക് സമീപം കുമാരമംഗലത്ത് ഏഴ് വയസ്സുള്ള കുട്ടിയെ അമ്മയുടെ ആണ്‍ സുഹൃത്ത് അതിക്രൂരമായി മര്‍ദിച്ച സംഭവത്തെക്കുറിച്ച്, മര്‍ദനമേറ്റ കുട്ടിയുടെ നാല് വയസ്സുകാരനായ അനുജന്‍ വിതുമ്പി പറഞ്ഞ വാക്കുകളാണിവ. മര്‍ദനമേറ്റ കുട്ടി കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തലയോട്ടിക്ക് ആറ് സെന്റീമീറ്ററോളം നീളത്തില്‍ പൊട്ടലുണ്ട്. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ട നിലയിലാണ്. ശ്വാസകോശത്തിലും വയറിലും ആന്തരിക മുറിവുണ്ട്. ശീരരമാസകലം ചതവുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇളയ കുട്ടിയും ആശുപത്രിയിലാണ്. വായിലും താടിയിലും ജനനേന്ദ്രിയത്തിലും പരുക്കുണ്ട്.

കാക്കനാട് പടമുഗള്‍ പാലച്ചുവട് സൂര്യനഗറിലെ വീട്ടില്‍ അമ്മയുടെ കാമുകനായ മൂന്നാമത്തെ അച്ഛന്‍, 10 വയസുകാരനെ ക്രൂരമായി പീഡിപ്പിച്ച സംഭവം പുറത്തുവന്നിട്ട് അധിക നാളായിട്ടില്ല. അവിടെയും അമ്മയുടെ സാന്നിധ്യത്തിലാണ് ഡോക്ടര്‍ കൂടിയായ അമ്മയുടെ കാമുകന്‍ ക്രൂരമായ മര്‍ദനങ്ങള്‍ നടത്തിയത്. ഇനിയൊരു കുട്ടിക്കും ഇത്തരമൊരു അനുഭവം ഉണ്ടാകല്ലെയെന്നു കേരള ജനത അന്ന് മനസ്സുനൊന്ത് പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ ഇത്തരം ദുഷ്‌ചെയ്തികള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. അങ്ങേയറ്റം നീച മനസ്‌കര്‍ക്കു മാത്രമേ ഇത്തരം ക്രൂരതകള്‍ ചെയ്യാനാകൂ. കുട്ടികളോടുള്ള ഇത്തരം ക്രൂരതകള്‍ മാപ്പ് അര്‍ഹിക്കുന്നില്ല.

ക്രൂരമര്‍ദനങ്ങളും ലൈംഗിക പീഡനങ്ങളും ഉള്‍പ്പടെ, കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീട്ടിലും നാട്ടിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. പോലീസും ശിശുക്ഷേമ സമിതി പ്രവര്‍ത്തകരും റസിഡന്റ്സ് അസോസിയേഷനുമെല്ലാം കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുവരണം.
ക്രൂരത ഏറ്റുവാങ്ങേണ്ടി വരുന്നവരുടെ ശരീരത്തിനേറ്റ മുറിവുകള്‍ ഒരുപക്ഷേ ഉണക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ അവരുടെ മനസ്സിനേറ്റ മുറിവുകള്‍ ഉണക്കാന്‍ കഴിയുകയില്ലെന്ന സത്യം മറക്കരുത്. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഭയവും വെറുപ്പും വൈരാഗ്യവും സംഭ്രമവും അപകര്‍ഷബോധവും പ്രതികാരചിന്തയും ആക്രമണവാസനയും കുട്ടികളില്‍ രൂപപ്പെടുത്തും. കടുത്ത മ്ലാനതയിലേക്കോ ഒളിച്ചോട്ടത്തിലേക്കോ മദ്യം, മയക്കുമരുന്ന്, പാന്‍മസാല എന്നിവയിലേക്കോ ആത്മഹത്യയിലേക്കോ വിവിധങ്ങളായ ആസക്തികളിലേക്കോ ഇവര്‍ നീങ്ങിയേക്കാം. ക്രൂരതകള്‍ നിറഞ്ഞ ബാല്യം ക്രൂരനെയാണ് സൃഷ്ടിക്കുക. മാനസികവും ശാരീരികവുമായ ശിക്ഷകള്‍ അനുഭവിച്ചവരുടെ തലച്ചോറും ശരീരത്തിലെ സംരക്ഷണ സംവിധാനങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇക്കൂട്ടര്‍ വേഗത്തില്‍ രോഗികളായി മാറുകയും ഇവരുടെ ആയുസ്സ് കുറയുകയും ചെയ്യും. ഇവരില്‍ പലരും പിന്നീട് സാമൂഹിക ദ്രോഹികളോ ഏകാധിപത്യ പ്രവണതയുള്ളവരോ മനോരോഗികളോ ഒക്കെയായി മാറിയേക്കാം.

ബാല്യകാലാനുഭവങ്ങളാണ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അടിത്തറ പാകുന്നത്. ബാല്യ കാലാനുഭവങ്ങള്‍ സ്‌നേഹത്തിന്റെ നിറച്ചാര്‍ത്തുകളാകണം. സ്‌നേഹാനുഭവങ്ങള്‍, സ്‌നേഹസ്പര്‍ശം, ആശ്വസിപ്പിക്കല്‍, പ്രചോദിപ്പിക്കല്‍, അംഗീകരിക്കല്‍, പരിഗണിക്കല്‍, അഭിനന്ദിക്കല്‍ തുടങ്ങി എണ്ണമറ്റ പോസിറ്റീവ് അനുഭവങ്ങളിലൂടെയാണ് കുട്ടികളുടെ തലച്ചോര്‍ വ്യത്യസ്തങ്ങളായ കഴിവുകള്‍ നേടുന്നത്. ഒരു വ്യക്തിയുടെ സ്വഭാവം നിര്‍ണയിക്കപ്പെടുന്നത് പ്രധാനമായും ആ വ്യക്തിയുടെ തലച്ചോറില്‍ ആറ് വയസ്സിന് മുമ്പ് പതിഞ്ഞ വികാരങ്ങള്‍ (ജീവിതാനുഭവങ്ങള്‍) മൂലമാണ്. ചെറുപ്പത്തില്‍ സ്‌നേഹലാളനകള്‍ അനുഭവിച്ച് വളരുന്ന കുട്ടികളാണ് സത്‌സ്വഭാവികളും ആത്മവിശ്വാസമുള്ളവരും മിടുക്കരുമായിത്തീരുക. അതുകൊണ്ട് ജീവിത ശൈഥില്യങ്ങളുടെയും ദുര്‍മാര്‍ഗങ്ങളുടെയും ഇരകളായി കുട്ടികള്‍ മാറാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. കുടുംബാംഗങ്ങളുടയും സമൂഹത്തിന്റെയും ജാഗ്രതയുടെ കരവലയത്തിനുള്ളില്‍ സുരക്ഷിതരായി നമ്മുടെ കുട്ടികള്‍ ജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

---- facebook comment plugin here -----

Latest