അമിത്ഷാ ഗാന്ധിനഗറില്‍ പത്രിക നല്‍കി; ചടങ്ങില്‍ നിന്ന് അഡ്വാനി വിട്ടുനിന്നു

Posted on: March 30, 2019 4:55 pm | Last updated: March 30, 2019 at 4:55 pm

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഗാന്ധിനഗറില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്‌ലി, ശിവസേന നേതാവ് ഉദ്ദവ് താക്കറെ തുടങ്ങി നിരവധി നേതാക്കളോടൊപ്പം ഒപ്പം എത്തിയാണ് അമിത്ഷാ പത്രിക സമര്‍പ്പിച്ചത്. ഗാന്ധിനഗറില്‍ പൊതുയോഗത്തിന് ശേഷം റോഡ് ഷോ ആയി എത്തിയായരിുന്നു സമര്‍പ്പണം.

ബിജെപി നേതാക്കളായ അടല്‍ ബിഹാരി വാജ്‌പേയിയും എല്‍കെ അഡ്വാനിയും പ്രതിനിധാനം ചെയ്ത ഗാന്ധിനഗറില്‍ മത്സരിക്കാന്‍ സാധിച്ചതിലൂടെ താന്‍ അനുഗ്രഹീതനായതായി അദ്ദേഹം പറഞ്ഞു. രാജ്യം ഇത്തവണ ആര് ഭരിക്കണം എന്ന ചോദ്യത്തിന് ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും കേള്‍ക്കുന്ന ഉത്തരം മോദി എന്നാണെന്നും അദ്ദേഹം പറഞ്ഞു.

ആറ് തവണ ഗാന്ധിനഗറിനെ പ്രതിനിധീകരിച്ച എല്‍കെ അഡ്വാനിയെ വെട്ടിയാണ് അമിത്ഷാ ഇവിടെ മത്സരിക്കാന്‍ ഇറങ്ങുന്നത്. തനിക്ക് മത്സരിക്കാന്‍ അവസരം നിഷേധിച്ചതില്‍ അമര്‍ഷമുള്ള അഡ്വാനി അമിത്ഷായുടെ പത്രികാ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. അഡ്വാനിയുടെ അമര്‍ഷം വോട്ടെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് പറയാനാകില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അഡ്വാനിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമായതിനാല്‍ ബിജെപി വോട്ടുകള്‍ ചോരാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.