വനാതിർത്തിയിൽ അമ്പത് മീറ്ററിൽ ഖനനമാകാം

കണ്ണൂർ
Posted on: March 30, 2019 1:00 pm | Last updated: March 30, 2019 at 1:00 pm

കണ്ണൂർ: പാരിസ്ഥിതിക സന്തുലനം തകിടം മറിച്ചതിന്റെ ഫലമായി ദുരന്തങ്ങൾ ഏറ്റുവാങ്ങിയിട്ടും കേരളം പാഠം പഠിക്കുന്നില്ല. വനാതിർത്തിയിൽ നിന്നുള്ള ഖനനത്തിന്റെ ദൂര പരിധി അമ്പത് മീറ്ററായി കുറച്ച നടപടി വൻ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് പരിസ്ഥിതി വിദഗ്ധരുടെ വിലയിരുത്തൽ. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ അഞ്ഞൂറ് മീറ്റർ മുതൽ അഞ്ച് കിലോ മീറ്റർ ദൂരം വരെയാണ് വനാതിർത്തിയിൽ നിന്നുള്ള ഖനനത്തിന് അനുമതി എന്നിരിക്കെയാണ് കേരളത്തിൽ ഇത്തരമൊരു നടപടി. ചില സംസ്ഥാനങ്ങളിൽ വനാതിർത്തിയിൽ ഖനനം തന്നെ നിരോധിച്ചിട്ടുള്ളപ്പോഴാണ് കേരളത്തിൽ നൂറ് മീറ്റർ എന്നത് അമ്പത് മീറ്ററായി കുറച്ചത്. അതിന് മുമ്പ് ഒരു കിലോ മീറ്ററായിരുന്നു ദൂര പരിധി. ഇപ്പോൾ തന്നെ നിലവിൽ നൂറ് കണക്കിന് ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ദൂര പരിധി കുറച്ചതോടെ വനാതിർത്തിയിൽ ക്വാറികളുടെ എണ്ണം പെരുകാൻ സാധ്യതയുണ്ട്.

വനത്തിൽ ഖനനം നടക്കുമ്പോൾ ഭൂമിക്കടിയിൽ വിള്ളലുണ്ടായി ഏതെങ്കിലും ദിശയിലൂടെ വെള്ളം ഒഴുകി പോകും.വനത്തിൽ അമ്പത് മീറ്റർ മുതൽ ഏഴ് കിലോ മീറ്റർ ദൂരം വരെ പ്രകമ്പനം ഉണ്ടാകുകയും വന്യ മൃഗങ്ങളെ ബാധിക്കുകയും ചെയ്യും. ഇതോടെ മൃഗങ്ങൾ നാട്ടിലിറങ്ങും. പ്രദേശത്ത് ഭൂഗർഭ ജലത്തിന്റെ ലഭ്യതയിൽ കാര്യമായ കുറവും അനുഭവപ്പെടും. വയനാട് ജില്ലയിൽ ഇപ്പോൾ തന്നെ നീർച്ചാലുകൾ പൂർണമായി ഇല്ലാതായി കൊണ്ടിരിക്കുകയാണ്. നേരത്തെ വയനാടൻ ചുരത്തിൽ അറുപതിലേറെ നീർച്ചാലുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു നീർച്ചാലുകൾ പോലും കാണാൻ കഴിയുന്നില്ല. ഇത് പ്രദേശത്ത് കടുത്ത വരൾച്ചക്ക് കാരണമാകുന്നു.

വന മേഖലകളിൽ അതിക്രമം വർധിക്കുന്നതോടെ സംസ്ഥാനത്ത് ഇനിയുള്ള നാളുകളിൽ കൊടും വരൾച്ചയാണുണ്ടാക്കുക. കാലാകാലങ്ങളിൽ സർക്കാർ ഗവേഷണ സ്ഥാപനങ്ങളായ സി ഡബ്ല്യൂ ആർ എ, കെ എഫ് ആർ എസ് എന്നിവയുടെ ശാസ്ത്രജ്ഞർ സർക്കാറിലേക്ക് പഠന റിപ്പോർട്ടുകൾ സമർപ്പിക്കാറുണ്ടെങ്കിലും അതൊക്കെ കടലാസിന്റെ വില പോലുമില്ലാതെ സർക്കാർ അവഗണിക്കുകയാണ് പതിവ്. സംസ്ഥാനത്തിന്റെ പദ്ധതി രൂപ കൽപ്പന ചെയ്യുമ്പോൾ ഇത്തരം പഠന റിപ്പോർട്ടുകൾ ചർച്ച ചെയ്യണമെന്ന പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം നടപ്പാക്കാറേയില്ല. ഇത് ഫലത്തിൽ പരിസ്ഥിതി വിരുദ്ധ നടപടികൾ സംസ്ഥാനത്ത് കൂടി വരുന്നതിനും ഇടയാക്കുകയാണ്.